ADVERTISEMENT

രാജകുമാരി∙ തന്റെ ഇഷ്ടഭക്ഷണമായ അരി ‘അരിക്കൊമ്പനു’ കെണിയാകുമോ? പ്രദേശത്തു വൻനാശം വിതയ്ക്കുന്ന അരിക്കൊമ്പൻ എന്ന കാട്ടാനയെ പിടികൂടാനുള്ള ദൗത്യത്തിന്റെ ഭാഗമായി ചിന്നക്കനാൽ സിമന്റ് പാലത്തിനു സമീപമുള്ള ഒരു വീട് താൽക്കാലിക ‘റേഷൻകട’യാക്കാൻ ഒരുങ്ങുകയാണ് വനം വകുപ്പ്. കടയിലേക്ക് ആനയെ ആകർഷിച്ചു മയക്കുവെടി വച്ചു പിടികൂടാനാണു നീക്കം. അരിക്കൊമ്പൻ ഏതാനും വർഷം മുൻപ് അരിയെടുത്തു തിന്നാനായി തകർത്ത വീടാണു കടയാക്കി മാറ്റുന്നത്. ആൾപ്പെരുമാറ്റമുണ്ടെന്നു തോന്നിയാൽ കൊമ്പൻ എത്തുമെന്നാണു നിഗമനം. അതിനായി ഇവിടെ അടുത്ത ദിവസം മുതൽ ഭക്ഷണം പാകം ചെയ്യും.

പഴകിയ കഞ്ഞിവെള്ളത്തിന്റെ മണം കാട്ടാനകളെ പെട്ടെന്ന് ആകർഷിക്കുമെന്നാണു നാട്ടുകാർ പറയുന്നത്. അരിയും പഞ്ചസാരയും ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കളും വീടിനു സമീപം സൂക്ഷിക്കും. ആനയെ നിരീക്ഷിക്കാൻ വനം വാച്ചർമാർ വീടിന്റെ സമീപത്തുണ്ടാകും. സിമന്റ് പാലത്തിനു സമീപത്തു തന്നെ അരിക്കൊമ്പൻ തമ്പടിച്ചിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം.

‘വിക്രം’ ഇന്നെത്തും

അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യസംഘത്തിലെ കുങ്കിയാന വിക്രം (വടക്കനാട് കൊമ്പൻ) ഇന്നു രാവിലെ ചിന്നക്കനാലിലെത്തും. ഇന്നലെ വൈകുന്നേരം 5നു വയനാട് മുത്തങ്ങയിൽ നിന്നു വിക്രമുമായി വാഹനം പുറപ്പെട്ടു. ഇത്രയധികം ദൂരം തുടർച്ചയായി യാത്ര ചെയ്യേണ്ടി വരുന്നതിനാൽ വഴിയിൽ എവിടെയെങ്കിലും നിർത്തി വിക്രമിനു ഭക്ഷണവും വെള്ളവും നൽകി ദേഹത്തു വെള്ളമൊഴിച്ചു തണുപ്പിച്ച ശേഷമായിരിക്കും യാത്ര തുടരുകയെന്നു ദൗത്യസംഘത്തിൽ പെട്ട എലിഫന്റ് സ്ക്വാഡ് റേഞ്ച് ഓഫിസർ എൻ.രൂപേഷ് പറഞ്ഞു.

വനം വകുപ്പിന്റെ മറ്റൊരു ലോറിയിൽ ഒരു കുങ്കിയാനയെക്കൂടി ഇന്നലെ ചിന്നക്കനാലിലേക്കു കൊണ്ടുവരാനായിരുന്നു നീക്കമെങ്കിലും ഇൗ ലോറി കഴിഞ്ഞദിവസം ബത്തേരിക്കു സമീപം അപകടത്തിൽ പെട്ടതിനാൽ അതു നടന്നില്ല. മുത്തങ്ങ ആനപ്പന്തിയിൽ തന്നെയുള്ള സൂര്യ, കുഞ്ചു, സുരേന്ദ്രൻ എന്നീ കുങ്കിയാനകളും 23നു മുൻപ് ചിന്നക്കനാലിലെത്തും.

ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള 26 അംഗ ദൗത്യസംഘം മൂന്നാറിലെത്തിയ ശേഷം കലക്ടർ, ഹൈറേഞ്ച് സർക്കിൾ സിസിഎഫ്, മൂന്നാർ ഡിഎഫ്ഒ എന്നിവരുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്ന് അരിക്കൊമ്പനെ പിടികൂടുന്നതിനുള്ള പദ്ധതി ആവിഷ്കരിക്കും. കോടനാട് അരിക്കൊമ്പനെ പാർപ്പിക്കുന്നതിനുള്ള കൂടിന്റെ നിർമാണം പൂർത്തിയായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com