ADVERTISEMENT

നെടുങ്കണ്ടം ∙ വയറിലെ ഓപ്പറേഷൻ കഴിഞ്ഞ് 48 മണിക്കൂറിന് ശേഷം സച്ചു ആംബുലൻസിലിരുന്നു എസ്എസ്എൽസി പരീക്ഷ എഴുതി. എസ്എസ്എൽസി പരീക്ഷയ്ക്കിടെ അടിയന്തര ശസ്ത്രക്രിയ നടത്തിയ വിദ്യാർഥിയെ ആംബുലൻസിൽ സ്കൂളിൽ എത്തിച്ചാണ് പരീക്ഷ എഴുതിച്ചത്. നെടുങ്കണ്ടം ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായ സച്ചു മൈക്കിളാണ് ആംബുലൻസിൽ സഹായിയുടെ സഹായത്തോടെ പരീക്ഷയെഴുതിയത്. കഴിഞ്ഞ വെള്ളിയാഴ്ച പരീക്ഷയ്ക്കെത്തിയപ്പോൾ സച്ചുവിന് വയറിൽ വേദന അനുഭവപ്പെട്ടിരുന്നു.

അസഹനീയ വേദനയെത്തുടർന്ന് പരീക്ഷക്ക് ശേഷം നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റി. വിദഗ്ധ പരിശോധനയിൽ കുടലിൽ രോഗബാധ കണ്ടതിനെത്തുടർന്ന് അടിയന്തര ശസ്ത്രക്രിയ ആവശ്യമാണെന്ന് ഡോക്ടർമാർ പറഞ്ഞു. ശനിയാഴ്ചയാണ് ശസ്ത്രക്രിയ നടത്തിയത്. എന്നാൽ പരീക്ഷ ഒഴിവാക്കാൻ ആഗ്രഹമില്ലെന്ന് സച്ചു പറഞ്ഞതോടെ സ്‌കൂൾ അധികൃതർ ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ട് ആംബുലൻസിൽ പരീക്ഷ എഴുതാനുള്ള ക്രമീകരണങ്ങൾ ചെയ്യുകയായിരുന്നു. ഇതിന്റെ മുഴുവൻ ചെലവുകളും സ്‌കൂൾ അധികൃതരും പിടിഎയുമാണ് വഹിച്ചത്. തുടർന്ന് ഡിഇഒയുമായി ബന്ധപ്പെട്ട് ഇതിനാവശ്യമായ നടപടികൾ പൂർത്തിയാക്കി.

ഇന്നലെ രാവിലെതന്നെ ഇതിനുള്ള ഉത്തരവ് ഡിഇഒ പുറത്തിറക്കി. തുടർന്ന് സഹായിയായി ഇതേ സ്‌കൂളിലെ തന്നെ 9–ാം ക്ലാസ് വിദ്യാർഥി ജോസഫിനെ തയാറാക്കി നിർത്തുകയും ചെയ്തു. രാവിലെ 9ന് സച്ചുവിനെയുമായി ആംബുലൻസ് സ്‌കൂളിലെത്തി. ഓക്‌സിജനും വെള്ളവും ഉൾപ്പെടെ എല്ലാ ക്രമീകരണങ്ങളും ആംബുലൻസിൽ ഒരുക്കിയിരുന്നു. ആംബുലൻസിൽ കിടന്നുകൊണ്ട് സച്ചു പറഞ്ഞുകൊടുത്ത ഉത്തരങ്ങൾ സഹായിയായ ജോസഫ് ഉത്തരക്കടലാസിൽ പകർത്തിയെഴുതി. സച്ചുവിന്റെ കുടുംബാംഗങ്ങളും അധ്യാപകരും പ്രോത്സാഹനവുമായി എത്തിയിരുന്നു. നന്നായി പഠിക്കുന്ന വിദ്യാർഥിയാണ് സച്ചു. ബാക്കിയുള്ള പരീക്ഷകളും എഴുതിച്ചു മികച്ച വിജയം സച്ചുവിനു നേടിക്കൊടുക്കാനുള്ള പരിശ്രമത്തിലാണ് സ്‌കൂൾ അധികൃതരും പിടിഎയും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com