ADVERTISEMENT

മുരിക്കാശേരി ∙ വാത്തിക്കുടി പഞ്ചായത്തിലെ വിവിധ മേഖലകളിൽ നിന്നും പുലി ഭീതി ഒഴിയുന്നില്ല. ഇന്നലെ വൈകിട്ട് 5.30 നു മൂങ്ങാപ്പാറയിൽ വീട്ടമ്മ പുലിയെ പുരയിടത്തിൽ നേരിട്ടു കണ്ടു. വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ച ശേഷം നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഏതാനും ദിവസം മുൻപ് മറ്റൊരാളും ഈ ഭാഗത്തു നിന്ന് പുലിയെ കണ്ടിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. രണ്ടാഴ്ച മുൻപ് മൂങ്ങാപ്പാറ അമ്പലപ്പാറയിൽ അജ്ഞാത ജീവി ആടിനെ കൊന്നു തിന്നിരുന്നു. ഇന്നലെ രാവിലെ മാലിക്കുത്തിലും പുലിയെന്നു സംശയിക്കുന്ന ജീവിയുടെ കാൽപാടുകൾ നാട്ടുകാർ കണ്ടെത്തി. ഇതോടെ മേഖല കടുത്ത ഭീതിയിലാണ്.

വന്യജീവികളെ പിടികൂടാൻ രണ്ടു പ്രത്യേക സംഘത്തെ നിയോഗിക്കും: മന്ത്രി

തിരുവനന്തപുരം ∙ ജനവാസ മേഖലകളിൽ ഇറങ്ങിയിരിക്കുന്ന വന്യജീവികളെ കണ്ടെത്താനും പിടികൂടാനുമായി രണ്ടു പ്രത്യേക സംഘങ്ങളെ നിയോഗിക്കുമെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രൻ. വാത്തിക്കുടി പഞ്ചായത്തിലെ തോപ്രാംകുടി സ്കൂൾ സിറ്റി, കൊന്നയ്ക്കാമാലി, വാത്തിക്കുടി, ജോസ് പുരം, ഇരട്ടയാർ പഞ്ചായത്തിലെ അടയാളക്കല്ല്, പുഷ്പഗിരി തുടങ്ങിയ സ്ഥലങ്ങളിലെ ജനവാസ മേഖലകളിൽ വന്യജീവികളെ കണ്ടെത്തിയതിനെ തുടർന്ന് മന്ത്രി റോഷി അഗസ്റ്റിനുമായി നടത്തിയ മന്ത്രിതല യോഗത്തിലാണ് പ്രശ്നം പരിഹരിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ വനം മന്ത്രി നിർദേശം നൽകിയത്. വാത്തിക്കുടിയിൽ വന്യജീവികളെ കണ്ടെത്തിയ പ്രദേശത്ത് എത്രയും വേഗം കൂട് സ്ഥാപിക്കാനും വനം മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥന് നിർദേശം നൽകി.

ജനങ്ങളുടെ ആശങ്ക പരിഹരിക്കാനും പട്രോളിങ്ങും നിരീക്ഷണവും ശക്തമാക്കാനും യോഗത്തിൽ തീരുമാനമായി. ഇതിനുള്ള നടപടികൾ ഇന്നു മുതൽ ആരംഭിക്കുമെന്നും വനം മന്ത്രി ഉറപ്പു നൽകി. വന്യ മൃഗങ്ങളുടെ സാന്നിധ്യം കണ്ടെത്തിയ മറ്റു ജനവാസ മേഖലകളിൽ നിരീക്ഷണം ശക്തമാക്കാനും തീരുമാനിച്ചു. ജനവാസ മേഖലകളിൽ നിന്ന് വന്യമൃഗങ്ങളുടെ സാന്നിധ്യം ഒഴിവാക്കുന്നതിനുള്ള ആദ്യ ചുവടുവയ്പാണ് ഇതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. വനം മന്ത്രിയുടെ ഓഫിസിൽ നടന്ന യോഗത്തിൽ മന്ത്രിമാർക്കു പുറമേ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് നോയൽ തോമസ്, വനം മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.എസ്. മധുസൂദനൻ നായർ തുടങ്ങിയവർ പങ്കെടുത്തു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com