ADVERTISEMENT

ഇടുക്കിയിലെ അപകടങ്ങളുടെ ശരാശരി എടുത്താൽ ഒരു മാസം സംഭവിക്കുന്ന അപകടങ്ങൾ നൂറിനടുത്താണ്. ആരും അറിയാതെ പോകുന്ന അപകടങ്ങൾ വേറെയും. കഴിഞ്ഞ വർഷം 1066 അപകടങ്ങളിലായി 91 പേർക്കാണ് ഇടുക്കി ജില്ലയിൽ ജീവൻ നഷ്ടമായത്. ഈ വർഷവും ശരാശരിയിൽ കുറവു വന്നിട്ടില്ലെന്നുള്ളതാണ് ആശങ്കയുണർത്തുന്നത്.  

തൊടുപുഴ∙ ജില്ലയിലെ 161 അപകട സാധ്യതാ മേഖലകളിൽ 27 എണ്ണം ഹൈ റിസ്ക് സോണുകളാണെന്ന് മോട്ടർ വാഹന വകുപ്പിന്റെ എൻഫോഴ്സ്മെന്റ് വിഭാഗം നടത്തിയ റോഡ് മാപ്പിങ്ങിൽ വ്യക്തമായിരുന്നു. എന്നാൽ ഇടുക്കിയിലെ റോഡുകളിൽ എവിടെയും അപകടം പതിയിരിക്കുന്നു എന്നതാണ് സത്യം.

ഈ വസ്തുതകൾ മനസ്സിൽ വയ്ക്കാതെയുള്ള ഡ്രൈവിങ്ങാണ് അപകടങ്ങളുടെ എണ്ണം കൂടാനിടയാക്കുന്നത്. നിരത്തുകളിൽ അച്ചടക്കം കാത്തു സൂക്ഷിക്കുക എന്നതു വാഹനമോടിക്കുന്ന ഓരോരുത്തരുടെയും പ്രാഥമിക ഉത്തരവാദിത്തമാണ്. ഈ അച്ചടക്കത്തിന്റെ പരിധിയിൽ വരുന്ന ചില കാര്യങ്ങളുണ്ട്. അവ പാലിക്കുകയാണ് അപകടത്തോതു കുറയ്ക്കാനുള്ള മാർഗം.

നിരത്ത് മത്സരവേദിയല്ല

വാഹനമോടിക്കുമ്പോൾ വേണ്ട അത്യാവശ്യ ഘടകങ്ങളാണ് ക്ഷമയും സംയമനവും. പ്രകോപനമുണ്ടാക്കുന്ന പല സാഹചര്യങ്ങളും ഉണ്ടായേക്കാം. സമ്മർദത്തിന് അടിമപ്പെട്ട് അനാവശ്യമായി പ്രതികരിക്കാതിരിക്കുകയാണ് നല്ല ഡ്രൈവർ ചെയ്യേണ്ടത്.

മത്സരവും ആവേശവും ആക്രോശവും ഒഴിവാക്കുക. ആവശ്യക്കാരെ കടത്തിവിടുക. അത്യാവശ്യത്തിനു മാത്രം ഹോൺ മുഴക്കുക. ഹോണിന്റെ നീളത്തിലും എണ്ണത്തിലുമൊക്കെ അർഥം കണ്ടുപിടിക്കുന്നവരാണു മലയാളികൾ.   

ഡ്രൈവിങ് പഠനം പ്രഹസനമോ?

‘ന്യൂട്രലിട്, സ്റ്റാർട്ട് ചെയ്യ്, ക്ലച്ചമർത്ത്, ഫസ്റ്റിട്, എടുത്തോ’ ഇതാണ് മിക്ക ഡ്രൈവിങ് സ്കൂളുകളുടെയും സിലബസ്. ഇൻഡിക്കേറ്റർ ഇടാനോ ഹാൻഡ് ബ്രേക്ക് റിലീസ് ചെയ്യാനോ, റിയർ വ്യൂ മിറർ ക്രമീകരിക്കാനോ പോലും അറിയാതെയാണ് മിക്ക ആളുകളും ലൈസൻസ് എടുക്കുന്നത്.

റോഡ് നിയമങ്ങളോ, ഡ്രൈവിങ് മര്യാദകളോ വാഹനങ്ങളുടെ പ്രവർത്തനം സംബന്ധിച്ച അടിസ്ഥാന വിവരങ്ങളോ ഒരു ഡ്രൈവിങ് ഇൻസ്ട്രക്ടർമാരും പറഞ്ഞുകൊടുക്കാറില്ല. ഇലക്ട്രിക്, ഓട്ടമാറ്റിക് വാഹനങ്ങളിൽ ലൈസൻസ് എടുക്കാമെന്നുള്ള തീരുമാനം കൂടി നടപ്പിലാകുന്നതോടെ ഡ്രൈവിങ് അറിയാത്ത ഡ്രൈവർമാരുടെ എണ്ണം റോഡിൽ ഇരട്ടിയാകും. 

നിയമങ്ങൾ പാലിക്കാനുള്ളതാണ്

ഒരു വളവിൽ ഇൻഡിക്കേറ്റർ ഇട്ടാൽ ആവശ്യം കഴിഞ്ഞ് ഓഫ് ചെയ്യാൻ മറക്കുന്നവരാണ് പലരും. ഇരുചക്ര വാഹനയാത്രികരാണ് കൂടുതലും. നാൽക്കവലകളിൽ നേരെ പോകേണ്ട സമയവും അവർ അത് ഓഫ് ചെയ്തിട്ടുണ്ടാകില്ല. ഇത്തരം അശ്രദ്ധ അപകടം വിളിച്ചുവരുത്തും. പൊതുനിരത്തുകളിൽ മറ്റുള്ളവർക്ക് ആശയക്കുഴപ്പമുണ്ടാക്കാതെ വാഹനമോടിക്കുക എന്നത് അനിവാര്യമായ മര്യാദകളിൽ ഒന്നാണ്.

വൺ വേ തെറ്റിക്കരുത്, ലെയ്ൻ തെറ്റിക്കരുത്, ഹെഡ്‌ലൈറ്റ് ഡിം ചെയ്യണം... എല്ലാം അനായാസം ശീലിക്കാവുന്ന കാര്യങ്ങൾ. കാൽനടക്കാരുടെ സുരക്ഷ ഉറപ്പാക്കേണ്ടതു വാഹനമോടിക്കുന്നവരുടെ  കടമയാണെന്നോർക്കണം. സീബ്രാ ക്രോസിങ്ങിലെ കാൽനടക്കാർക്കുപോലും പരിഗണന നൽകാത്തവരുണ്ട് എന്നു പറയുമ്പോൾ മര്യാദയില്ലായ്മയുടെ ആഴം വ്യക്തമാകും. 

മദ്യപിച്ച് വളയം പിടിക്കരുതേ

വളവും തിരിവും നിറഞ്ഞ ഇടുക്കിയുടെ മലമ്പാതകളിൽ മദ്യപിച്ചു വളയം പിടിച്ചാലുണ്ടാകുന്ന അവസ്ഥ എന്തായിരിക്കുമെന്ന് ഊഹിക്കാമല്ലോ. പൊലീസ് പിടിക്കും എന്ന ഒറ്റക്കാരണം കൊണ്ടു മാത്രം മദ്യപിക്കാതെ വണ്ടിയോടിക്കുന്നവരാണ് ഭൂരിപക്ഷവും. മദ്യം നൽകുന്ന ഉന്മാദാവസ്ഥ അമിത ആത്മവിശ്വാസം തോന്നിപ്പിക്കുമെങ്കിലും ശാരീരികശേഷി കുറയുകയാണു ചെയ്യുന്നത്.

തലച്ചോറിന്റെ ന്യൂറോ ട്രാൻസ്മിറ്ററുകളുടെ സന്തുലിതാവസ്ഥ തെറ്റിക്കുകവഴി തലച്ചോറും ശരീരവും പരസ്പരപൂരകങ്ങളായി പ്രവർത്തിക്കുന്നതിനു തടസ്സമുണ്ടാകുന്നു. മന്ദത ബാധിക്കുന്ന തലച്ചോറിനു വേഗത്തിൽ കാര്യങ്ങൾ ആസൂത്രണം ചെയ്യാനുള്ള ശേഷി കുറയും. ഏകാഗ്രതക്കുറവ്, മറവി, നിർണായക തീരുമാനങ്ങളിൽ പിഴവ് എന്നിവയെല്ലാം ഡ്രൈവിങ് അപകടകരമാക്കും. നമ്മുടെയും മറ്റുള്ളവരുടെയും ജീവൻ തുലാസ്സിലാകുകയും ചെയ്യും.

സുരക്ഷ ആർക്കുവേണ്ടി?

ഓരോ വർഷവും വാഹനങ്ങളിൽ എന്തെല്ലാം സുരക്ഷാ പരിഷ്കാരങ്ങൾ വരുന്നു. സർക്കാർ നിർദേശിക്കുന്നതും നൂതന സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി കാർ നിർമാതാക്കൾ തന്നെ നടപ്പാക്കുന്നതുമായി എന്തെല്ലാം സൗകര്യങ്ങൾ. അതിനെല്ലാം നമ്മൾ വില കൊടുക്കുന്നുമുണ്ട്. പക്ഷേ ഉപയോഗപ്പെടുത്തുന്നുണ്ടോ? സീറ്റ് ബെൽറ്റ് ഇടാതെ എത്ര ദൂരം നമ്മൾ ഡ്രൈവ് ചെയ്തിട്ടുണ്ട്.

ഇൻഡിക്കേറ്റർ ഇടാതെ നമ്മൾ എത്ര ടേൺ എടുത്തിട്ടുണ്ട്. അമിതവേഗത്തിൽ ഡ്രൈവ് ചെയ്ത് എത്രവട്ടം ഹരം പിടിച്ചിട്ടുണ്ട്. സുരക്ഷിതമല്ലാതെ ഓവർടേക്ക് ചെയ്ത് ശരിയായ ദിശയിൽ എതിരെ വരുന്നയാളെ ലൈറ്റിട്ടു കാണിച്ചിട്ടുണ്ട്. രാത്രി എതിരെ വരുന്നയാൾ ലൈറ്റ് ഡിം ചെയ്തു സഹായിച്ചിട്ടും തിരികെ അതേ മര്യാദ നൽകാതിരുന്നിട്ടുണ്ട്. നമ്മൾ വാഹനവുമായി റോഡിലിറങ്ങാൻ യോഗ്യനല്ലെന്നാണ് അതിന്റെ അർഥം.

റോഡ് റേജ് എന്ന വില്ലൻ

റോഡിൽ കാണുന്ന മത്സരങ്ങളുടെയും ആക്രോശങ്ങളുടെയും ഈഗോയുടെയുമൊക്കെ കാരണമന്വേഷിച്ചു ചെല്ലുമ്പോൾ എത്തുന്നത് ‘റോഡ് റേജ്’ എന്ന വാക്കിലാണ്. ‘അഗ്രസീവ് ഡ്രൈവിങ് ബിഹേവിയർ’ എന്ന താൽക്കാലിക മാനസിക വൈകല്യമാണിത്. ചിലപ്പോൾ ഒരു പകർച്ചവ്യാധി പോലെ ഇത് റോഡിൽ മുഴുവൻ വ്യാപിക്കും. ഒരാൾ ഇതു പ്രകടിപ്പിച്ചാൽ അതിവേഗം മറ്റു വാഹനങ്ങളിലേക്കും പടരുന്നതായി കാണാം.

അകാരണമായി ഹോൺ മുഴക്കുക, മറ്റു വാഹനങ്ങളെ ഓവർടേക്ക് ചെയ്തു കയറിയിട്ട് മെല്ലെ വാഹനമോടിച്ച് മറ്റാരെയും മുൻപിൽ കയറാൻ അനുവദിക്കാതിരിക്കുക, രൂക്ഷമായ നോട്ടം, ശകാരം, അസഭ്യം, അനാവശ്യമായി സഡൻ ബ്രേക്കിടുക ഇവയെല്ലാം റോഡ് റേജ് ബാധിച്ചതിന്റെ ലക്ഷണങ്ങളാണ്. തിരിച്ചറിഞ്ഞാൽ അതൊരു മാനസിക പ്രശ്നമാണെന്നു മനസ്സിലാക്കി അയാളെ പ്രകോപിപ്പിക്കാതിരിക്കാൻ ശ്രമിക്കുക.

സ്വയം റോഡ് റേജിൽ പെട്ടാൽ വാഹനം ഒതുക്കി നിർത്തി പുറത്തിറങ്ങി അൽപനേരം നടന്നും ഇരുന്നും റിലാക്സ് ചെയ്തു നോർമലാകുക. വാഹനമോടിക്കാൻ തുടങ്ങുന്നതിനു മുൻപ് എന്തെങ്കിലും കാരണത്താലുണ്ടായ പിരിമുറുക്കമോ ദേഷ്യമോ നിരാശയോ ഒക്കെ റോഡ് റേജിലേക്കു നയിക്കാം.

ഓരോരുത്തരും റോഡിൽ സ്വയം മാന്യന്മാരാകാൻ ശ്രമിച്ചാൽ നിരത്തുകൾ ചോരക്കളമാകാതിരിക്കും. ഓരോ റോഡിലും നിശ്ചയിച്ചിരിക്കുന്ന വേഗപരിധി പാലിക്കണം. അൽപം നേരത്തേ യാത്ര തുടങ്ങി, റോഡിലെ സഹയാത്രികരെ ബഹുമാനിച്ച് സാധാരണ വേഗത്തിൽ പോയാൽ സമയത്തു ലക്ഷ്യത്തിലെത്താം.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com