ADVERTISEMENT

തൂക്കുപാലം∙ സമയബന്ധിതമായി നിർമാണ പ്രവർത്തനം നടന്നില്ല. തൂക്കുപാലം മാർക്കറ്റിന് ജില്ലാ പഞ്ചായത്തിൽ നിന്ന് അനുവദിച്ച 50 ലക്ഷം രൂപ പാഴായി. ഇതോടെ തൂക്കുപാലം മാർക്കറ്റിന്റെ നിർമാണ പ്രവർത്തനം അനശ്ചിതമായി നീളുകയാണ്. തൂക്കുപാലം പബ്ലിക് മാർക്കറ്റിന്റെ നിർമാണം പ്രാരംഭ ഘട്ടത്തിൽതന്നെ നിലച്ചതോടെ വ്യാപാരം റോഡരിക് കേന്ദ്രീകരിച്ചാണ്. ആധുനിക സൗകര്യങ്ങളോടെ പുനർനിർമിക്കുമെന്ന പ്രഖ്യാപനത്തോടെ മുൻപുണ്ടായിരുന്ന കെട്ടിടങ്ങൾ പൊളിച്ചു നീക്കിയിരുന്നു.

പുതിയ കെട്ടിട നിർമാണം നിലച്ചതോടെ ഹൈറേഞ്ചിലെ പ്രധാന മാർക്കറ്റിന്റെ പ്രവർത്തനമാണ് ഇല്ലാതായത്. മൂന്നര വർഷങ്ങൾക്ക് മുൻപാണ് തൂക്കുപാലം മാർക്കറ്റിലെ ശോചനീയാവസ്ഥയിലുള്ള പഴയ കെട്ടിടങ്ങൾ പൊളിച്ച് നീക്കിയത്. തുടർന്ന് പുതിയ മാർക്കറ്റ് സമുച്ചയത്തിന്റെ നിർമാണം ആരംഭിച്ചു. 7 കോടി രൂപ മുതൽ മുടക്കിൽ 4 നിലകളിലായി സമുച്ചയം നിർമിക്കാനായിരുന്നു പദ്ധതി. മത്സ്യ മാംസ പച്ചക്കറി സ്റ്റാളുകൾക്കായി പ്രത്യേക സൗകര്യങ്ങളോടെ നിർമാണം 2 വർഷത്തിനുള്ളിൽ പൂർത്തീകരിക്കുമെന്നായിരുന്നു പ്രഖ്യാപനം.

എന്നാൽ ഒരു വർഷത്തിലധികമായി നിർമാണം പൂർണമായും നിലച്ചു. മാർക്കറ്റിന്റെ നിർമാണം ഏറ്റെടുത്തിരുന്ന സിഡ്‌കോയെ കരിമ്പട്ടികയിൽ പെടുത്തിയതും ജില്ലാ പഞ്ചായത്തിന്റെയും സംസ്ഥാന സർക്കാരിന്റെയും ഫണ്ട് ലഭ്യമല്ലാതായതുമാണ് പദ്ധതി നിലക്കാൻ കാരണമായ തെന്നാണ് പഞ്ചായത്തിന്റെ വിശദീകരണം. ആദ്യഘട്ടത്തിൽ കരുണാപുരം പഞ്ചായത്തിന്റേതുൾപ്പടെയുള്ള ഫണ്ട് ഉപയോഗിച്ചാണ് നിർമാണം ആരംഭിച്ചത്.

പിന്നീട് ഫണ്ടിന്റെ അപര്യാപ്തതയാണ് നിർമാണത്തിന് വിലങ്ങുതടിയായതെന്നും നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണെന്നും ലാപ്സായ തുക തിരികെ ലഭിക്കാൻ പഞ്ചായത്ത് കമ്മിറ്റി തീരുമാനം സർക്കാരിന് കൈമാറിയെന്നും കരുണാപുരം പഞ്ചായത്ത് പ്രസിഡന്റ് മിനി പ്രിൻസ് പറഞ്ഞു. സിഡ്കോയുടെ വീഴ്ചയാണ് ഫണ്ട് ലാപ്സായതിനു കാരണമെന്നും പഞ്ചായത്ത് ആരോപിക്കുന്നു. ഹൈറേഞ്ചിന്റെ കുടിയേറ്റ കാലം മുതൽ സജീവമായിരുന്ന മാർക്കറ്റാണ് തൂക്കുപാലം.

തമിഴ്നാട്ടിൽ നിന്നും എത്തിക്കുന്ന പച്ചക്കറിക്കും പലചരക്ക് സാധനങ്ങൾക്കും ഒപ്പം ഹൈറേഞ്ചിലെ കർഷകരുടെ ഉൽപന്നങ്ങളും ആടുമാടുകളേയും ഇവിടെ വിപണനത്തിന് എത്തിച്ചിരുന്നു. നിലവിൽ ടൗണിന്റെ വിവിധ ഭാഗങ്ങളിലായാണ് വ്യാപാരികൾ വിപണനം നടത്തുന്നത്. പ്രധാന മാർക്കറ്റ് ഇല്ലാതായതോടെ വിലക്കുറവിൽ അവശ്യ സാധനങ്ങൾ ലഭിച്ചിരുന്ന തൂക്കുപാലം മാർക്കറ്റിലേക്ക് ആളുകൾ എത്തുന്നതും കുറഞ്ഞിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com