ADVERTISEMENT

മുരിക്കാശേരി ∙ വാത്തിക്കുടിയിൽ വീണ്ടും വന്യജീവി ആക്രമണം. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് അംഗം തോപ്രാംകുടി വടക്കേമുളഞ്ഞനാൽ ജ്യോത്സ്ന ജിന്റോയുടെ വീടിനോടു ചേർന്ന തൊഴുത്തിൽ നിന്നിരുന്ന നാലുമാസം മാത്രം പ്രായമുള്ള ആട്ടിൻ കുഞ്ഞിനെയാണ് ഇന്നലെ അജ്ഞാത ജീവി ആക്രമിച്ചു പരുക്കേൽപിച്ചത്. പുലർച്ചെ മൂന്നേകാലോടെ ആയിരുന്നു സംഭവം.

ശബ്ദം കേട്ടു വീട്ടുകാർ ഉണർന്നു ലൈറ്റിട്ടു ബഹളം വച്ചതോടെ ആട്ടിൻകുട്ടിയെ ഉപേക്ഷിച്ച് ജീവി കടന്നു കളഞ്ഞു. വീട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് മേഖലയിൽ പട്രോളിങ് നടത്തുകയായിരുന്ന വനപാലകർ ഉടൻ തന്നെ സ്ഥലത്തെത്തി. ഈ സമയം ഒട്ടേറെ നാട്ടുകാരും ഇവിടെ എത്തിയിരുന്നു. മാരകമായി കടിയേറ്റ ആട്ടിൻകുഞ്ഞിനെ ചികിത്സ നൽകുന്നുണ്ടെങ്കിലും രക്ഷപ്പെടാൻ സാധ്യതയില്ലെന്ന് വെറ്ററിനറി സർജൻ പറഞ്ഞു.

തോപ്രാംകുടി ടൗണിനോടു ചേർന്നുള്ള വീട്ടിൽ നടന്ന സംഭവം നാടിനെ ഒന്നാകെ ഭീതിയിലാഴ്ത്തി. സമീപത്തെ വീട്ടിലെ സിസി ടിവി ക്യാമറയിൽ ഈ സമയം മൂന്ന് ജീവികളുടെ ദൃശ്യം പതിഞ്ഞിട്ടുണ്ടെങ്കിലും തീരെ വ്യക്തതയില്ല. ആടിനെ ആക്രമിച്ച ജീവി പുലി വർഗത്തിൽ പെട്ടതാണെന്നു വനപാലകർ ഉറപ്പിക്കുമ്പോൾ ആടിനെ പരിശോധിച്ച വെറ്ററിനറി ഡോക്ടർ ഇതു കടുവയാണെന്നു പറയുന്നു. ഇതോടെ മേഖലയിൽ ആശങ്ക വാനോളമായി.

തോപ്രാംകുടിയിൽ നാട്ടുകാർ റോഡ് ഉപരോധിക്കുന്നു
തോപ്രാംകുടിയിൽ നാട്ടുകാർ റോഡ് ഉപരോധിക്കുന്നു

നാട്ടുകാർ റോഡ് ഉപരോധിച്ചു  

തോപ്രാംകുടി ∙ വാത്തിക്കുടിയിൽ വന്യജീവി ആക്രമണം പതിവായതോടെ നാട്ടുകാർ അടിയന്തര നടപടി ആവശ്യപ്പെട്ട് കുമരകം – കമ്പം സംസ്ഥാന പാതയുടെ ഭാഗമായ മുരിക്കാശേരി – തോപ്രാംകുടി റോഡ് ഉപരോധിച്ചു. വന്യജീവികളെ ജനവാസ മേഖലകളിൽ നിന്നും തുരത്തുന്നതിനു നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പൗരസമിതിയുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചത്.

ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് അംഗം ജ്യോത്സ്ന ജിന്റോ, പഞ്ചായത്ത് മെംബർമാരായ അനിൽ ബാലകൃഷ്ണൻ, ഡിക്ലർക്ക് സെബാസ്റ്റ്യൻ, കെ.ബി.സെൽവം, സി.എസ്.സജി തുടങ്ങിയവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com