ADVERTISEMENT

രാജകുമാരി∙ വനം വകുപ്പ് താൽക്കാലിക വാച്ചർമാർക്ക് ഷൂസ്, മഴക്കോട്ട് എന്നിവ അനുവദിച്ചു. വന്യമൃഗങ്ങളിൽ നിന്ന് നാടിനും നാട്ടുകാർക്കും സംരക്ഷണം നൽകുന്ന വനം വകുപ്പ് വാച്ചർമാർക്ക് 5 മാസത്തോളമായി ശമ്പളമില്ലെന്ന വാർത്ത മനോരമ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. വാച്ചർമാർക്കു ടോർച്ച്, യൂണിഫോം അലവൻസ്, ഷൂസ്, മഴക്കോട്ട് എന്നിവയും നൽകുന്നില്ലെന്ന് വാർത്തയിൽ സൂചിപ്പിച്ചിരുന്നു.

വാർത്ത ശ്രദ്ധയിൽപെട്ട വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ രണ്ടായിരത്തോളം രൂപ വില വരുന്ന ഷൂസ്, അത്രയും തന്നെ വിലയുള്ള മഴക്കോട്ട് എന്നിവ വാച്ചർമാർക്ക് നൽകാൻ നടപടി സ്വീകരിച്ചു. ഒരു പതിറ്റാണ്ട് കാലമായി ദിവസവേതനത്തിന് ജോലി ചെയ്യുന്ന വാച്ചർമാർക്ക് ആദ്യമായാണ് ഷൂസും മഴക്കോട്ടും വനം വകുപ്പ് നൽകുന്നത്.

വാർത്ത വന്നതിനു ശേഷം ചിന്നക്കനാൽ സെക്‌ഷനിൽ ജോലി ചെയ്യുന്ന വാച്ചർമാർക്ക് 2 മാസത്തെ ശമ്പള കുടിശിക അനുവദിച്ചെങ്കിലും മറ്റു സെക്‌ഷനുകളിൽ ജോലി ചെയ്യുന്നവർക്ക് അതും നൽകിയിട്ടില്ല. ചിന്നക്കനാലിൽ ഓപ്പറേഷൻ അരിക്കൊമ്പൻ പൂർത്തിയായാൽ ശമ്പള കുടിശിക ആവശ്യപ്പെട്ട് സമരത്തിലേക്ക് കടക്കുന്നതിനെ കുറിച്ചു വാച്ചർമാർ ആലോചിക്കുന്നുണ്ട്.

വനംവകുപ്പിലെ മറ്റെല്ലാ ജീവനക്കാർക്കും ഇൻഷുറൻസ് പരിരക്ഷയുണ്ടെങ്കിലും വന്യജീവികളെ കാട്ടിലേക്ക് തുരത്തിയോടിക്കുന്ന വാച്ചർമാർക്ക് മാത്രം ഇൻഷുറൻസ് പരിരക്ഷയില്ല. രാപകലില്ലാതെ ജോലി ചെയ്യുന്ന തങ്ങൾക്ക് രാത്രി വന്യജീവികളെ തുരത്താൻ ആവശ്യമായ ടോർച്ച് നൽകണമെന്നും വാച്ചർമാർ ആവശ്യപ്പെടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com