കോട്ടയം ∙ ഇന്ത്യ-പാക്ക് അതിർത്തിയിലെ യുദ്ധം പോലെയാണ് ഓപ്പറേഷൻ അരിക്കൊമ്പനെന്നു വനം മന്ത്രി എ.കെ.ശശീന്ദ്രൻ. തീയതി സംബന്ധിച്ച കോടതിവിധി വരുന്നതിനു മുൻപായിരുന്നു മന്ത്രിയുടെ പ്രസ്താവന. എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് ഓപ്പറേഷൻ നടത്തുകയെന്നും മന്ത്രി പറഞ്ഞു. ഇടുക്കി ചിന്നക്കനാലിൽ അരിക്കൊമ്പനെ മയക്കുവെടിവച്ചു പിടിക്കാനുള്ള ദൗത്യം 29 വരെ നിർത്തിവയ്ക്കാൻ ഹൈക്കോടതി ഉത്തരവിട്ട സാഹചര്യത്തിൽ മന്ത്രി എ.കെ.ശശീന്ദ്രൻ ഉന്നതതല യോഗം വിളിച്ചിരുന്നു. ചിന്നക്കനാൽ കോളനി പ്രദേശങ്ങളിൽ ജനങ്ങൾക്ക് ആവശ്യമായ സംരക്ഷണം നൽകാൻ കൂടുതൽ സേനയെ നിയോഗിക്കുമെന്നു മന്ത്രി പറഞ്ഞു.
കോടതി വിധി വന്നതോടെ ആശയക്കുഴപ്പത്തിൽ വനംവകുപ്പ്
ചിന്നക്കനാൽ ∙ കേരളത്തിലെ ഏറ്റവും വലിയ ആനദൗത്യത്തിന്റെ അവസാനവട്ട ഒരുക്കത്തിനിടെ കോടതിവിധി വന്നതോടെ ആശയക്കുഴപ്പത്തിലായി വനം വകുപ്പ്. ഇപ്പോഴുള്ള നിരീക്ഷണം തുടരുമെന്നും ആനയെ പിടികൂടാനുള്ള ദൗത്യം 29നു ശേഷം ഉണ്ടാകുമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
അരിക്കൊമ്പനെന്ന കാട്ടാനയെ പിടികൂടാനുള്ള സംഘത്തിൽ ചേരാനായി മുത്തങ്ങയിൽനിന്ന് കുഞ്ചു, സുരേന്ദ്രൻ എന്നീ കുങ്കിയാനകളും മയക്കുവെടി വിദഗ്ധൻ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിൽ 26 അംഗങ്ങളും നാളെയെത്താനിരിക്കെയാണു വിധിവന്നത്. സൂര്യ, വിക്രം എന്നീ കുങ്കിയാനകളും അഞ്ചു പാപ്പാന്മാരും നേരത്തേ ചിന്നക്കനാലിൽ എത്തിയിട്ടുണ്ട്. റേഷൻ കടകൾ തകർത്തും ലോറികൾ തടഞ്ഞും അരി തിന്നുന്ന സ്വഭാവമുള്ള ആക്രമണകാരിയായ കാട്ടാനെ നാട്ടുകാർ വിളിക്കുന്ന പേരാണ് അരിക്കൊമ്പൻ.
വനം വകുപ്പ് ഉദ്യോഗസ്ഥരും ദ്രുതപ്രതികരണ സേനാംഗങ്ങളും ഉൾപ്പെടെ 71 പേരാണു കാട്ടാനയെ പിടികൂടാനുള്ള ദൗത്യത്തിൽ നേരിട്ടു പങ്കെടുക്കുന്നത്. പിടികൂടാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുമ്പോൾ ദൗത്യമേഖലയുടെ സമീപത്തുതന്നെ ഒറ്റയാൻ അരിക്കൊമ്പൻ ചുറ്റിനടക്കുന്നുണ്ട്. ഇന്നലെ രാവിലെ 301 കോളനിക്കു സമീപമെത്തിയ ആന ഉച്ചയോടെ പെരിയകനാൽ എസ്റ്റേറ്റിനുള്ളിലേക്കു കയറിപ്പോയി. വൈകിട്ടു വീണ്ടും കോളനിയുടെ പരിസരത്തെത്തിയെങ്കിലും പിന്നീടു കാടിനുള്ളിലേക്കു കയറിപ്പോയി.