മൂന്നാർ ∙ ടൗണിലെ സെൻട്രൽ കവലയിലെ ഡിവൈഡറിലിടിച്ച വാഹനം മറിഞ്ഞ് ഗർഭിണിക്കും ഭർത്താവിനും പരുക്കേറ്റു. കോയമ്പത്തൂർ മാടപ്പുറം സ്വദേശി പി.അനീഷ് (29), ഭാര്യ രാജേശ്വരി (26) എന്നിവരാണ് പരുക്കേറ്റ് ടാറ്റാ ഹൈറേഞ്ച് ആശുപത്രിയിൽ കഴിയുന്നത്. വ്യാഴം രാത്രി 11നാണ് അപകടം.
മൂന്നാർ സന്ദർശനത്തിനായി കോയമ്പത്തൂരിൽ നിന്നു വരുന്നതിനിടയിൽ സെൻട്രൽ കവലയിലെ ഡിവൈഡറിലിടിച്ചാണ് ഇവർ സഞ്ചരിച്ചിരുന്ന കാർ മറിഞ്ഞത്. കാറിനുള്ളിൽ കുടുങ്ങിപ്പോയ ഇരുവരെയും ഓടിക്കൂടിയ നാട്ടുകാർ മുൻവശത്തെ ഗ്ലാസ് തകർത്താണ് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്.
അപകട മുന്നറിയിപ്പ് ഫലകങ്ങളോ, റിഫ്ലക്ടറുകളോ ഇല്ലാത്തതിനാൽ മറയൂർ ഭാഗത്തു നിന്നു രാത്രികാലങ്ങളിലെത്തുന്ന വാഹനങ്ങൾ സെൻട്രൽ കവലയിലെ ഡിവൈഡറിലിടിച്ചു മറിയുന്നതു പതിവാണ്. ആറുമാസത്തിനിടെ 25 അപകടങ്ങളാണ് ഈ ഭാഗത്തു സംഭവിച്ചത്.