തൊടുപുഴ ∙ ഭൂനിയമ ഭേദഗതിയിൽ ഓർഡിനൻസ് ഇറക്കണമെന്ന് ആവശ്യപ്പെട്ടും യുഡിഎഫ് നിലപാടിൽ പ്രതിഷേധിച്ചും ഏപ്രിൽ മൂന്നിന് ഇടുക്കി ജില്ലയിൽ എൽഡിഎഫ് ഹർത്താൽ.രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ. ഭൂനിയമ ഭേദഗതി ബിൽ ഇത്തവണത്തെ നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കാനുള്ള സർക്കാരിന്റെ ശ്രമം സമ്മേളനം അലങ്കോലപ്പെടുത്തിയതിലൂടെ യുഡിഎഫ് അട്ടിമറിച്ചെന്ന് എൽഡിഎഫ് നേതാക്കളായ കെ.കെ.ശിവരാമൻ, സി.വി.വർഗീസ്, കെ.സലിംകുമാർ എന്നിവർ ആരോപിച്ചു.
പരിസ്ഥിതിവാദിയായ വി.ഡി.സതീശന്റെ നേതൃത്വത്തിൽ തയാറാക്കിയ പദ്ധതിയാണ് ഇതെന്നും നേതാക്കൾ പറഞ്ഞു. ഓർഡിനൻസിലൂടെ നിയമഭേദഗതി നടപ്പാക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടാണ് ഹർത്താൽ. എന്നാൽ ഇടുക്കി ജില്ലയിൽ നിന്ന് 3 എംഎൽഎമാരും ഒരു മന്ത്രിയും ഉണ്ടായിട്ടും നിയമഭേദഗതിക്കുവേണ്ടി ഭരണമുന്നണി തന്നെ ഹർത്താൽ നടത്തുന്നത് ഇടതു നേതൃത്വത്തിന്റെ പാപ്പരത്തമാണെന്ന് യുഡിഎഫ് നേതൃത്വം പ്രതികരിച്ചു.