ADVERTISEMENT

മൂന്നാർ ∙ ആറുമാസമായി പ്രവർത്തനമാരംഭിക്കാതെ അടച്ചിട്ടിരുന്ന പഴയ മൂന്നാറിലെ ഹരിത ചെക്പോസ്റ്റ് ഏപ്രിൽ ഒന്നു മുതൽ പ്രവർത്തിക്കാൻ തീരുമാനം. കഴിഞ്ഞ ദിവസം നടന്ന പഞ്ചായത്ത് ഭരണസമിതിയാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. ഹരിത കർമസേനാംഗങ്ങളുടെ നേതൃത്വത്തിലായിരിക്കും ചെക്പോസ്റ്റിന്റെ പ്രവർത്തനം. ആദ്യഘട്ടത്തിൽ പകൽ സമയങ്ങളിൽ മാത്രമാണ് പ്രവർത്തനം. മൂന്നാറിന്റെ പ്രധാന പ്രവേശന കവാടമായ പഴയ മൂന്നാർ വഴി എത്തുന്നതും മടങ്ങുന്നതുമായ വാഹനങ്ങളിലെ യാത്രക്കാരിൽ നിന്നും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ഹരിത കർമസേനാംഗങ്ങൾ വാഹനങ്ങൾ തടഞ്ഞ് നിർത്തി ശേഖരിക്കും. കടന്നു പോകുന്ന ഓരോ വാഹനത്തിൽ നിന്നും പഞ്ചായത്ത് നിശ്ചയിക്കുന്ന തുക ഈടാക്കാനുമാണ് തീരുമാനം.

യാത്രക്കാർ മാലിന്യങ്ങൾ പൊതുയിടങ്ങളിൽ വലിച്ചെറിയുന്നത് തടഞ്ഞ് മൂന്നാറിന്റെ സൗന്ദര്യം നിലനിർത്തുകയാണ് ഹരിത ചെക്പോസ്റ്റുകൊണ്ട് ലക്ഷ്യമിട്ടത്. 20 രൂപയാണ് ഓരോ വാഹനത്തിൽ നിന്നും ഈടാക്കുന്നത്. മാലിന്യങ്ങൾ വലിച്ചെറിയുന്നത് സംബന്ധിച്ച ബോധവൽക്കരണ നോട്ടിസും ഓരോ വാഹനത്തിലുള്ളവർക്കും വിതരണം ചെയ്യും. യുഎൻഡിപിയുടെ സാമ്പത്തിക സഹായത്തോടെ ആറു മാസം മുൻപ് നിർമാണം പൂർത്തിയാക്കിയ ചെക്ക് പോസ്റ്റ് പ്രവർത്തനമാരംഭിക്കാത്തത് സംബന്ധിച്ച് മനോരമ ഒരാഴ്ച മുൻപ് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതെ തുടർന്നാണ് ചെക്പോസ്റ്റിന്റെ പ്രവർത്തനമാരംഭിക്കാൻ പഞ്ചായത്ത് തീരുമാനിച്ചത്.

ഡ്രൈവർമാർക്ക് നറുക്കെടുപ്പ് വഴി സമ്മാനം.

മൂന്നാറിലെത്തുന്ന സഞ്ചാരികൾ ടാക്സി വാഹനങ്ങളിൽ നിന്നും മാലിന്യങ്ങൾ വലിച്ചെറിയുന്നത് തടഞ്ഞ്, ഇവ ശേഖരിച്ച് തരം തിരിച്ച് ഹരിത ചെക് പോസ്റ്റിൽ ഏൽപ്പിക്കുന്ന ഡ്രൈവർക്ക് സമ്മാന കൂപ്പൺ നൽകും. മാസാവസാനം നടക്കുന്ന നറുക്കെടുപ്പിൽ 3000 രൂപ സമ്മാനം നൽകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പ്രവീണ രവി, സെക്രട്ടറി കെ.എൻ.സഹജൻ എന്നിവർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com