ADVERTISEMENT

നെടുങ്കണ്ടം ∙ കന്നുകാലികൾക്ക് ചർമ മുഴ രോഗം. വരുമാനം നിലച്ച് ക്ഷീര കർഷകർ. കഴിഞ്ഞ 35 വർഷമായി കന്നുകാലി വളർത്തലാണ് പുതുക്കാട് കോളനിയിൽ കറുപ്പയ്യ - മാരിയമ്മ ദമ്പതികളുടെ ഉപജീവന മാർഗം. പശുക്കളിൽ ഒരെണ്ണം ചർമ മുഴ പൊട്ടി വ്രണം ബാധിച്ചു 20 ദിവസം മുൻപ് ചത്തു.

 2 പശുക്കൾക്ക് രോഗബാധയേറ്റതോടെ 17 കിലോ പാൽ ദിനംപ്രതി ലഭിച്ചിരുന്നത് 4 കിലോയായി കുറഞ്ഞു. കറുപ്പയ്യയ്ക്ക് 11 സെന്റ് സ്ഥലം മാത്രമാണുള്ളത്. ഇവിടെയാണ് കാലി വളർത്തൽ. ഒരു നല്ല കന്നുകാലിക്കൂടിന് പഞ്ചായത്തിൽ അപേക്ഷ നൽകിയിട്ട് ഇതുവരെ ലഭിച്ചിട്ടില്ല. ഇതിനിടെയാണ് ഉണ്ടായിരുന്ന പശുക്കളിൽ ഒരണ്ണം രോഗ ബാധയേറ്റ് ചത്തത്. 50 ദിവസം മുൻപാണ് രോഗബാധ കണ്ടെത്തിയത്. ചികിത്സ നൽകിയെങ്കിലും കാര്യമായ പ്രയോജനമില്ല.

പ്രദേശത്ത് ചർമ മുഴ രോഗം കൂടുതലായി കണ്ടുവരുന്നതായും മാരിയമ്മ പറയുന്നു. ഓമനിച്ചു വളർത്തിയ കന്നുകാലികളുടെ വേദന കണ്ട് മാരിയമ്മ പൊട്ടിക്കരയും. സിന്ധു, ബിന്ദു എന്ന് പേരിട്ട് വിളിക്കുന്ന 2 പശുക്കളുടെയും ശരീരത്തിൽ ചർമ മുഴയുണ്ടായി വ്രണങ്ങളായി. കാലുകളിൽ പൊട്ടിയിരിക്കുന്ന വ്രണങ്ങളിൽ ഈച്ച വരാതിരിക്കാൻ മാരിയമ്മയുടെ സാരീ കീറി പൊതിഞ്ഞിരിക്കുകയാണ്.

ചർമ മുഴ രോഗം

ചർമ മുഴപൊട്ടി വ്രണമാകുന്നതും കർഷകരെ തളർത്തുന്നു. ചർമ മുഴ (ലംപി സ്‌കിൻ ഡിസീസ്) ഹൈറേഞ്ച് മേഖലയിൽ വ്യാപകമാകുന്നു.പടർന്നുപിടിക്കുന്ന ഈ വൈറസ് രോഗം പശുക്കളെയും എരുമകളെയും മാത്രമേ ബാധിക്കുകയുള്ളു. മനുഷ്യരിലേക്കും മറ്റുവളർത്തുമൃഗങ്ങളിലേക്കും ഇതു പകരില്ലെന്നും അധികൃതർ വ്യക്തമാക്കുന്നു.

രോഗം തീവ്രമായാൽ കന്നുകാലികൾ ചത്തുപോകാനിടയുള്ളതിനാൽ ക്ഷീര കർഷകർ കന്നുകാലി പരിപാലനത്തിൽ പ്രത്യേക ശ്രദ്ധപുലർത്തണം. കന്നുകാലികളിൽ അസ്വാഭാവികമായ രോഗലക്ഷണങ്ങൾ കണ്ടാൽ അടിയന്തരമായി ചികിത്സ ലഭ്യമാക്കണം.

രോഗബാധയേറ്റാൽ

രോഗാണു ബാധയേറ്റ 4 മുതൽ 14 ദിവസങ്ങൾക്കകം പശുക്കളും എരുമകളും ലക്ഷണങ്ങൾ പ്രകടിപ്പിച്ചു തുടങ്ങും. ഉയർന്ന പനി, പാലുൽപാദനം ഗണ്യമായി കുറയൽ, തീറ്റ മടുപ്പ്, മെലിച്ചിൽ, കണ്ണിൽ നിന്നും മൂക്കിൽനിന്നും നീരൊലിപ്പ്, വായിൽ നിന്നും ഉമിനീർ പതഞ്ഞൊലിക്കൽ, കഴലകളുടെ വീക്കം എന്നിവയെല്ലാമാണ് ആദ്യ ലക്ഷണങ്ങൾ.

തുടർന്ന് 48 മണിക്കൂറിനുള്ളിൽ ത്വക്കിൽ പല ഭാഗങ്ങളിലായി 2 മുതൽ 5 സെന്റിമീറ്റർ വരെ വ്യാസത്തിൽ വൃത്താകൃതിയിൽ നല്ല കട്ടിയുള്ള മുഴകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങും. തീവ്രത കൂടിയാൽ ശരീരമാസകലം മുഴകൾ കാണാനും സാധ്യതയുണ്ട്. രോഗത്തിന് സാംക്രമിക ചർമ മുഴ രോഗം എന്നു പേര് വന്നതിനു കാരണവും ഇതുതന്നെയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com