ADVERTISEMENT

രാജകുമാരി ∙ 29നു ശേഷം അരിക്കൊമ്പനെ പിടികൂടാൻ തന്നെ വനം വകുപ്പ് മുന്നോട്ടു പോകുമ്പോൾ ചിന്നക്കനാൽ മേഖലയിൽ കാട്ടാനകളുടെ ആറാട്ടാണ്. പെരിയകനാലിന് മുകളിലുള്ള പിപികെ എസ്റ്റേറ്റിന് സമീപമുണ്ടായിരുന്ന അരിക്കൊമ്പൻ ശനിയാഴ്ച രാത്രി ആനയിറങ്കൽ ഭാഗത്തെത്തി. കൊച്ചി - ധനുഷ്കോടി ദേശീയപാത മുറിച്ചു കടക്കുന്നതിനിടെ അതുവഴിയെത്തിയ വാഹനം കുത്തിമറിച്ചിടാനും യാത്രക്കാരെ ആക്രമിക്കാനും ശ്രമിച്ചു. 

നാട്ടുകാരുടെ ഉറക്കം കെടുത്തുന്ന മറ്റൊരു ഒറ്റയാനായ ചക്കകൊമ്പനും ആനയിറങ്കൽ ജലാശയത്തിനു സമീപമുണ്ട്. കുറെ കാലമായി വിവരങ്ങളില്ലാതിരുന്ന മുറിവാലൻ കൊമ്പനെയും കഴിഞ്ഞ ദിവസം ബിഎൽ റാമിന് സമീപം കണ്ടെത്തി. ജനവാസ മേഖലയിലിറങ്ങിയ മുറിവാലൻ കൊമ്പനെ നാട്ടുകാരും വാച്ചർമാരും ചേർന്നു തുരത്തുകയായിരുന്നു. വ്യാപക നാശമുണ്ടാക്കുന്ന പിടിയാനക്കൂട്ടവും ആനയിറങ്കലിനു സമീപമുണ്ട്. ഏതു നിമിഷവും ഇൗ ആനക്കൂട്ടം ജനവാസ മേഖലകൾ കടന്ന് തിരികെ മതികെട്ടാൻചോലയിലേക്ക് പോകാൻ സാധ്യതയുണ്ടെന്നു നാട്ടുകാർ പറയുന്നു.

എന്തുകൊണ്ട് അരിക്കൊമ്പൻ ?

ചിന്നക്കനാൽ, ശാന്തൻപാറ മേഖലകളിൽ നാട്ടുകാർക്ക് ഭീഷണിയായി നിരവധി കാട്ടാനകളുണ്ടെങ്കിലും അരിക്കൊമ്പനെ ആദ്യം പിടികൂടാൻ വനം വകുപ്പ് തീരുമാനമെടുത്തതിന്റെ കാരണം ഇൗ ഒറ്റയാന്റെ സ്വഭാവം തന്നെയാണ്. വാച്ചർമാർ ബഹളം വയ്ക്കുകയോ, നാട്ടുകാർ പടക്കം പൊട്ടിക്കുകയോ ചെയ്താൽ കാട്ടിലേക്ക് പിൻവാങ്ങുന്ന ഒറ്റയാനാണ് മുറിവാലൻ കൊമ്പൻ.

കൃഷിയിടത്തിലെ പ്ലാവുകളിൽ നിന്നു ചക്ക പറിച്ചു തിന്നുന്നതാണ് ചക്കക്കൊമ്പന്റെ ശീലം. എന്നാൽ ഭക്ഷണത്തിനായി ദാക്ഷിണ്യമില്ലാതെ വീടുകളും കടകളും ആക്രമിക്കുന്നതാണ് അരിക്കൊമ്പന്റെ ശീലം. 30 വയസ്സിലധികം പ്രായമുള്ള അരിക്കൊമ്പൻ 2 പതിറ്റാണ്ടായി ഇൗ ശീലം തുടരുന്നു. മുന്നിൽ പെടുന്നവരെ ക്രൂരമായാണ് അരിക്കൊമ്പൻ ആക്രമിക്കുന്നത്.

ഇൗ ശീലങ്ങളൊക്കെയാണ് അരിക്കൊമ്പനെ ആദ്യം പിടികൂടി ആനപ്പന്തിയിലേക്ക് മാറ്റാൻ വനം വകുപ്പിനെ പ്രേരിപ്പിക്കുന്നത്. കാട്ടിലെ ഭക്ഷണത്തെക്കാൾ മനുഷ്യരുടെ ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുന്ന അരിക്കൊമ്പനെ കൂട്ടിലാക്കാൻ കഴിഞ്ഞാൽ പെട്ടെന്ന് ഇണക്കിയെടുക്കാനാവുമെന്നാണ് വനം വകുപ്പ് അധികൃതർ പറയുന്നത്.

വെടിയേറ്റ് നിലയുറപ്പിക്കുന്ന ഇടം നിർണായകം

2017ൽ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള ദൗത്യസംഘം 2 ദിവസങ്ങളിലായി 5 തവണ അരിക്കൊമ്പനെ മയക്കുവെടി വച്ചിരുന്നു. ആദ്യ ദിവസം ആനയിറങ്കലിനു സമീപവും പിറ്റേന്ന് മുത്തമ്മ കോളനിയിലും വച്ചാണ് അരിക്കൊമ്പന് മയക്കുവെടിയേറ്റത്. വെടിയേറ്റ ശേഷം അരിക്കൊമ്പൻ 2 കിലോമീറ്ററിലധികം ഓടിച്ചെന്ന് നിന്ന സ്ഥലം ദൗത്യത്തിനു തിരിച്ചടിയായി. കുങ്കിയാനകളെ ഉപയോഗിച്ച് റോഡിലേക്ക് നടത്തിക്കൊണ്ടു പോകാൻ കഴിയുന്ന സ്ഥലത്തായിരുന്നില്ല അരിക്കൊമ്പൻ നിലയുറപ്പിച്ചത്. അതിനാൽ ദൗത്യം ഉപേക്ഷിക്കേണ്ടി വന്നു. ഇൗ സാഹചര്യം പരിഗണിച്ചാണ് ഇത്തവണ സിമന്റ്പാലത്തെ വിജനമായ സ്ഥലത്തേക്ക് അരിക്കൊമ്പനെ ആകർഷിച്ച് ദൗത്യം നടത്താൻ തീരുമാനിച്ചത്.

ഇന്നും നാളെയും പ്രതിഷേധജ്വാല തെളിക്കാൻ സിപിഎം

ചെറുതോണി ∙ കാട്ടാനഭീതിയിൽ നിന്നു ജനങ്ങളെ മോചിപ്പിക്കുന്നതിനു ന്യായാധിപരുടെ കണ്ണു തുറപ്പിക്കാൻ ഇന്നും നാളെയും പ്രതിഷേധജ്വാല തെളിക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി സി.വി.വർഗീസ് അറിയിച്ചു. ശാന്തമ്പാറ, ചിന്നക്കനാൽ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലാണ് വൈകിട്ട് ജ്വാല തെളിയിക്കുന്നത്. ദുരിതം പേറുന്ന മലയോര ജനതയുടെ പ്രതിഷേധം ജ്വാലയായി ഉയർന്നുകത്തും. 29ന് ആണ് ഹൈക്കോടതി അരിക്കൊമ്പൻ ദൗത്യം വീണ്ടും പരിഗണിക്കുന്നത്. 

ഭരണഘടനാപരമായി ഒരു സർക്കാരിൽ നിക്ഷിപ്തമായ ഉത്തരവാദിത്തമാണ് പൗരന്മാരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക എന്നത്. കൊലയാളിയായ കാട്ടാനയെ പിടിച്ചുകൊണ്ടു പോകുന്നതിനാണ് സർക്കാർ പദ്ധതി തയാറാക്കിയിട്ടുള്ളത്. ഹൈക്കോടതി ഇക്കാര്യം പരിഗണിച്ച് തീരുമാനം എടുക്കുമെന്നാണ് കരുതുന്നത്. ജനങ്ങളുടെ ആശങ്കകൾ കേൾക്കാൻ നിയമകേന്ദ്രങ്ങളുടെ കർണപുടം തുറന്നു വരണമെന്നാണ് പ്രതിഷേധജ്വാലയിലൂടെ ജനങ്ങൾ ആവശ്യപ്പെടുന്നതെന്ന് സിപിഎം ജില്ലാ സെക്രട്ടറി സി.വി.വർഗീസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com