ADVERTISEMENT

കേരളത്തിന്റെ ഊർജ സ്രോതസ്സാണ് ഇടുക്കി. സംസ്ഥാനത്തിന് ആവശ്യമായ വൈദ്യുതിയുടെ മുഖ്യ പങ്കും ഉൽപാദിപ്പിച്ചു നൽകുന്ന ജില്ലയിൽ പക്ഷേ, എല്ലായിടത്തും പരാതിരഹിതമായി വൈദ്യുതി എത്തുന്നുണ്ടോ? ചെറിയ വേനൽമഴ പോലും വൈദ്യുതി തടസ്സമുണ്ടാക്കുന്നു. ഊർജോൽപാദനത്തിൽ ജില്ല നേടിയ സൽപേരിന് ചെറുതായി മങ്ങലേൽപിക്കുന്നതാണ് ഇതെന്നാണ് നാട്ടുകാരുടെ പരാതി

മെഴുകുതിരി പോലെയുരുകി...

പരീക്ഷക്കാലത്തെ അപ്രതീക്ഷിത വൈദ്യുതി മുടക്കത്തിൽ ഷോക്കേറ്റ് വിദ്യാർഥികൾ. മിക്ക ദിവസവും പല തവണയാണു വൈദ്യുതി മുടങ്ങുന്നത്. ജില്ലയിൽ മിക്കയിടങ്ങളിലും അവസ്ഥ ഇതാണ്. വൈദ്യുതി ബില്ലിനു പുറമേ മെഴുകുതിരിയുടെ അധികച്ചെലവും താങ്ങേണ്ടി വരുന്നുവെന്നാണ് ജനങ്ങളുടെ പരാതി.

വേനൽമഴ എത്തിയതോടെയാണ് വൈദ്യുതിയുടെ ഒളിച്ചുകളി പതിവായത്. എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾ നടക്കുന്നതിനിടെ വൈദ്യുതിമുടക്കം പതിവായതു വിദ്യാർഥികളെ ദുരിതത്തിലാക്കുന്നു. പരീക്ഷക്കാലത്ത് വൈദ്യുതി മുടങ്ങുന്നതിന് പരിഹാരം കാണണമെന്നാണ് വിദ്യാർഥികളുടെ അഭ്യർഥന.

കാറ്റേ നീ വീശരുതിപ്പോൾ...

തൊടുപുഴ നഗരത്തിൽ വൈദ്യുതി മുടക്കം അടിക്കടി ഉണ്ടാകുന്നതായി വ്യാപാരികൾ പരാതിപ്പെടുന്നു. വ്യാപാര സ്ഥാപനങ്ങൾ, ഡിടിപി സെന്ററുകൾ, പ്രസ്, ഫോട്ടോസ്റ്റാറ്റ്, കംപ്യൂട്ടർ സ്ഥാപനങ്ങൾ, കോൾഡ് സ്റ്റോറേജുകൾ, തടിമില്ലുകൾ എന്നിവയുടെയെല്ലാം പ്രവർത്തനം തടസ്സപ്പെടുന്നു.

മണിക്കൂറുകളോളം വൈദ്യുതി മുടങ്ങുന്നതോടെ ബേക്കറികളിലും ഹോട്ടലുകളിലും ഭക്ഷണസാധനങ്ങൾ കേടായി വലിയ നഷ്ടം നേരിടുന്നു. നഗരത്തോടു ചേർന്നുള്ള ഗ്രാമീണ മേഖലകളിലും പ്രശ്നം രൂക്ഷമാണ്. ചെറിയൊരു കാറ്റടിച്ചാലോ ചാറ്റൽമഴ പെയ്താലോ പല പ്രദേശങ്ങളും ഇരുട്ടിലാകുന്ന സ്ഥിതിയാണ്. തൊടുപുഴ നഗരത്തിലും സമീപമേഖലകളിലും അപ്രഖ്യാപിത വൈദ്യുതി മുടക്കവും പതിവാണ്.

മേഖലയിൽ പലയിടങ്ങളിലും റബർത്തോട്ടങ്ങളിലൂടെയും മറ്റു മരങ്ങൾക്കിടയിലൂടെയുമാണ് വൈദ്യുതി ലൈനുകൾ പോകുന്നത്. മഴയിലും കാറ്റിലും ലൈനിലേക്കു  മരച്ചില്ലകൾ ഒടിഞ്ഞുവീഴുന്നതാണ് വൈദ്യുതി മുടക്കത്തിനു മുഖ്യ കാരണമായി അധികൃതർ പറയുന്നത്.  

തിങ്കളാഴ്ച ‘നല്ല’ ദിവസം

വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിലും താലൂക്ക് ആസ്ഥാനമായ ദേവികുളത്തും വൈദ്യുതിതടസ്സം നിത്യസംഭവമാണ്. മിക്ക തിങ്കളാഴ്ചകളിലും രണ്ടു സ്ഥലങ്ങളിലും വൈദ്യുതി ഉണ്ടാകാറില്ല. പള്ളിവാസൽ പവർ ഹൗസിലെ അറ്റകുറ്റപ്പണികൾ, ടച്ച് വെട്ട് തുടങ്ങിയ ആവശ്യങ്ങൾക്കായി വൈദ്യുതി വകുപ്പും മേഖലയിലെ വിതരണക്കാരായ കെഡിഎച്ച്പി കമ്പനിയും ലൈനുകൾ തിങ്കളാഴ്ച ദിവസങ്ങളിൽ ഓഫ് ചെയ്യുന്നതാണ് കാരണം.

തിങ്കളാഴ്ച ദിവസം താലൂക്ക് ആസ്ഥാനത്തെത്തുന്നവർ വൈദ്യുതിയില്ലാത്തതിനാൽ ഓഫിസുകളിൽ നിന്നു സേവനങ്ങൾ ലഭിക്കാതെ വെറുംകയ്യോടെ മടങ്ങുന്നത് പതിവാണ്. മൂന്നാറിലും സ്ഥിതി ഇതുതന്നെ. ജനവാസകേന്ദ്രമായ മൂന്നാർ എംജി കോളനിയിൽ ഒരു വർഷമായി വോൾട്ടേജ് ക്ഷാമം രൂക്ഷമാണ്. പരീക്ഷക്കാലത്ത് വോൾട്ടേജ് ക്ഷാമം മൂലം കുട്ടികൾക്ക് പഠിക്കാനോ വീട്ടുപകരണങ്ങൾ പ്രവർത്തിപ്പിക്കാനോ കഴിയാത്ത അവസ്ഥയാണുള്ളത്.

ഒരു കൊച്ചു കാറ്റെങ്ങാൻ വന്നുപോയാൽ...

ചെറിയ ഒരു കാറ്റടിച്ചാൽ പോലും വട്ടവട പഞ്ചായത്തിൽ പൂർണമായും വൈദ്യുതി ബന്ധം ഇല്ലാതാകും. മറയൂർ സബ് സ്റ്റേഷനിൽ നിന്നാണ് വൈദ്യുതി ഈ മേഖലയിലേക്ക് എത്തുന്നത്. വിവിധ വനമേഖലകൾ വഴിയാണ് ലൈനുകൾ കടന്നു പോകുന്നത്.

ചെറിയ കാറ്റടിച്ചാൽ മരക്കൊമ്പുകൾ ലൈനിലേക്ക് ഒടിഞ്ഞു വീഴും. തുടർന്ന് പഞ്ചായത്തിൽ ദിവസങ്ങളോളം വൈദ്യുതി ഉണ്ടാകാറില്ല. മഴക്കാലത്ത് വട്ടവട മേഖലയിൽ വൈദ്യുതി തടസ്സവും വോൾട്ടേജ് ക്ഷാമവും പതിവാണ്. 

മഴ വരുന്നു... ദുരിതം പെയ്യുന്നു

വേനൽമഴ പെയ്തുതുടങ്ങിയതോടെ മാങ്കുളത്ത് വൈദ്യുതി മുടക്കം പതിവായി. ഏലത്തോട്ടത്തിലൂടെയാണ് വൈദ്യുതി ലൈനുകൾ കൂടുതലായും കടന്നുപോകുന്നത്. ചെറിയ കാറ്റിലും മഴയിലും മരച്ചില്ലകൾ ലൈനിനു മുകളിൽ വീഴുന്നതാണ് വൈദ്യുതി മുടങ്ങാൻ മുഖ്യ കാരണം.  സബ് എൻജിനീയറുടെ നേതൃത്വത്തിൽ ഒരു ഓഫിസ് മാങ്കുളത്തുണ്ടെങ്കിലും ജീവനക്കാരുടെ കുറവ് അറ്റകുറ്റപ്പണികൾക്കു കാലതാമസമുണ്ടാക്കുന്നുണ്ട്.

25 കിലോമീറ്റർ അകലെയുള്ള ചിത്തിരപുരം ഇലക്ട്രിക്കൽ മേജർ സെക്‌ഷനു കീഴിലാണ് മാങ്കുളം പ്രദേശം. മരങ്ങൾക്കിടയിലൂടെയുള്ള വൈദ്യുതി ലൈനുകൾ ഒഴിവാക്കി ഭൂഗർഭ കേബിളുകൾ സ്ഥാപിക്കണമെന്നും മാങ്കുളത്ത് സബ്സ്റ്റേഷൻ സ്ഥാപിക്കണമെന്നുമുള്ള ആവശ്യത്തിന് ഏറെ പഴക്കമുണ്ടെന്ന് നാട്ടുകാർ പറയുന്നു. ദിവസവും വൈദ്യുതി മുടങ്ങുന്നതോടെ ഇവിടത്തെ അക്ഷയ കേന്ദ്രങ്ങൾ അടക്കമുള്ള സേവന, വ്യാപാര സ്ഥാപനങ്ങൾ നിലയ്ക്കും. 

‘ശ്രമിക്കുന്നുണ്ട്, പരമാവധി’

മുടങ്ങിയ വൈദ്യുതി എത്രയും വേഗം പുനഃസ്ഥാപിക്കാൻ നടപടിയെടുക്കാറുണ്ടെന്നാണ് കെഎസ്ഇബി അധികൃതർ പറയുന്നത്. ഒരു സെക്‌ഷനു കീഴിൽ, ഒരേ സമയം പലയിടങ്ങളിൽ മരം വീണും മറ്റും വൈദ്യുതി മുടങ്ങുമ്പോൾ എല്ലായിടത്തെയും തകരാർ പെട്ടെന്നു പരിഹരിക്കാൻ കഴിയാനാകാത്ത സ്ഥിതിയാണുള്ളത്.

കാറ്റും മഴയും ഉള്ളപ്പോൾ വൈദ്യുതി തകരാർ പെട്ടെന്നു പരിഹരിക്കാൻ പ്രായോഗിക ബുദ്ധിമുട്ടുകൾ ഏറെയാണെന്നും കെഎസ്ഇബി അധികൃതർ പറയുന്നു. ഭൂവിസ്തൃതി ഏറെയുള്ള ജില്ലയാണ് ഇടുക്കി. എത്തിച്ചേരാൻ പ്രയാസമുള്ള ദുർഘട മേഖലകളിൽ വൻമരങ്ങൾ കടപുഴകി വീണാൽ പരിഹരിക്കാൻ ഏറെ സമയമെടുക്കും. മഴയ്ക്കൊപ്പമുള്ള ഇടിമിന്നലും പ്രവർത്തനങ്ങളെ ബാധിക്കാറുണ്ട്.

ഉറവിടത്തിനുമില്ല രക്ഷ

സംസ്ഥാനത്തിന്റെ പ്രധാന വൈദ്യുതോൽപാദന കേന്ദ്രമായ മൂലമറ്റത്ത് വൈദ്യുതിമുടക്കം പതിവാകുന്നതായി പരാതി. മുട്ടം, അറക്കുളം, കുടയത്തൂർ പഞ്ചായത്തുകളിലെല്ലാം  ദിവസം പല തവണയാണ് വൈദ്യുതി മുടങ്ങുന്നത്. പൊള്ളുന്ന ചൂടിൽ  വൈദ്യുതി മുടക്കം കൂടി പതിവായതു ജനജീവിതം ദുസ്സഹമാക്കുകയാണ്.

പകൽ അടിക്കടി വൈദ്യുതി വിതരണം തടസ്സപ്പെടുന്നതു വ്യാപാര സ്ഥാപനങ്ങളുടെയും ഓഫിസുകളുടെയുമെല്ലാം പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നു.. ഈ പ്രദേശം കേന്ദ്രീകരിച്ച് ഒട്ടേറെ സർക്കാർ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇവിടെയെത്തുന്ന ആളുകൾക്ക് പലപ്പോഴും കാര്യം നടക്കാതെ തിരിച്ചുപോകേണ്ടി വരുന്നു.

മുടക്കമില്ലാതെ വൈദ്യുതി മുടക്കം

ജില്ലാ ആസ്ഥാന മേഖലയിലെ വിവിധ പഞ്ചായത്തുകളിൽ വൈദ്യുതി മുടക്കം പതിവാണ്. ഉൾനാടൻ മേഖലയിലെ ചില ഭാഗങ്ങളിൽ വോൾട്ടേജ് ക്ഷാമവും രൂക്ഷമാകുന്നു. മഴയൊന്നു ചാറിയാൽ‌ വൈദ്യുതി വിതരണം നിലയ്ക്കുമെന്നു ഉറപ്പാണ്. വാത്തിക്കുടി പഞ്ചായത്തിലെ തോപ്രാംകുടി, വാത്തിക്കുടി, ദൈവംമേട്, കനകക്കുന്ന്, പെരുംതൊട്ടി, രാജപുരം, ഗൗരി സിറ്റി തുടങ്ങിയ പ്രദേശങ്ങളിൽ വോൾട്ടേജ് ക്ഷാമവും വൈദ്യുതി മുടക്കവും തുടർച്ചയായി ഉണ്ടാകുന്നു.

മരിയാപുരം പഞ്ചായത്തിലെ മരിയാപുരം, വിമലഗിരി, ആന്റോപുരം, ഉപ്പുതോട്, കുതിരക്കല്ല് തുടങ്ങി പല മേഖലകളിലും മുന്നറിയിപ്പില്ലാതെ അപ്രതീക്ഷിതമായി വൈദ്യുതി മുടങ്ങുമെന്ന് നാട്ടുകാർ പറയുന്നു. വാഴത്തോപ്പ് പ‍ഞ്ചായത്തിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന വൈദ്യുതി മുടക്കം നാട്ടുകാർക്ക് തലവേദനയാണ്.

വേനൽ മഴയിൽ കാറ്റോ മിന്നലോ ഉണ്ടായാൽ വൈദ്യുതി നിലയ്ക്കുമെന്നു പലയിടത്തും നാട്ടുകാർ പറയുന്നു. കഞ്ഞിക്കുഴി പഞ്ചായത്തിലും ഇതേ പ്രശ്നമാണ് നിലനിൽക്കുന്നത്. ഉൾനാടൻ ആദിവാസി മേഖലകളിൽ വൈദ്യുതി മുടങ്ങിയാൽ പിന്നെ ഏതാനും ദിവസത്തേക്ക് നോക്കേണ്ടെന്നാണു നാട്ടുകാരുടെ അനുഭവം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com