ADVERTISEMENT

മൂന്നാർ ∙ കോടതിവിധിക്കായി കാത്ത് പൂർണസജ്ജരായി ഓപ്പറേഷൻ അരിക്കൊമ്പൻ ദൗത്യസംഘം. അരിക്കൊമ്പനെ പിടികൂടുന്നത് സംബന്ധിച്ച് കോടതി വിധി വന്നശേഷം സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് ദൗത്യസംഘം ഇന്നലെ മൂന്നാറിലെ സെൻട്രൽ നഴ്സറിയിൽ യോഗം ചേർന്നു ചർച്ച നടത്തി. 160 പേരടങ്ങുന്ന 9 സംഘങ്ങളെയാണ് ദൗത്യത്തിനായി നിയോഗിച്ചിരിക്കുന്നത്. കോടതി വിധി അനുകൂലമായാൽ, ഓരോ സംഘത്തിന്റെയും ദൗത്യം എന്തായിരിക്കുമെന്ന് ഡോ.അരുൺ സക്കറിയയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ വിശദീകരിച്ചു.

ഒരു കുടുംബചിത്രം! ചിന്നക്കനാൽ സിമന്റ് പാലത്തിനു സമീപമെത്തിയ അരിക്കൊമ്പനും പിടിയാനയും കുട്ടിയാനകളും. ഇന്ന് കോടതി വിധി വനംവകുപ്പിന് അനുകൂലമായാൽ ഈ പ്രദേശത്താണ് അരിക്കൊമ്പനെ പിടിക്കാൻ ഉദ്ദേശിക്കുന്നത്.  ചിത്രം: റിജോ ജോസഫ്∙മനോരമ
ഒരു കുടുംബചിത്രം! ചിന്നക്കനാൽ സിമന്റ് പാലത്തിനു സമീപമെത്തിയ അരിക്കൊമ്പനും പിടിയാനയും കുട്ടിയാനകളും. ഇന്ന് കോടതി വിധി വനംവകുപ്പിന് അനുകൂലമായാൽ ഈ പ്രദേശത്താണ് അരിക്കൊമ്പനെ പിടിക്കാൻ ഉദ്ദേശിക്കുന്നത്. ചിത്രം: റിജോ ജോസഫ്∙മനോരമ

മയക്കുവെടി വയ്ക്കാൻ കണ്ടെത്തിയ സിമന്റ് പാലത്ത് അരിക്കൊമ്പനെ എത്തിക്കുന്ന ദൗത്യം ട്രാക്കിങ് ടീമിനാണ്. പുലർച്ചെ 4നു ദൗത്യം ആരംഭിക്കും. മയക്കുവെടിവച്ചു കഴിഞ്ഞാൽ അര മണിക്കൂറിനുള്ളിൽ കുങ്കി ആനകളുടെ സഹായത്തോടെ പ്രത്യേകം തയാറാക്കിയ ലോറിയിൽ കയറ്റി കോടനാട്ടേക്കു കൊണ്ടു പോകും. അരിക്കൊമ്പനെ പിടികൂടുന്ന ദൗത്യത്തിന് ഉപയോഗിക്കുന്ന തോക്കുകൾ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ ദൗത്യസംഘത്തിന് പരിചയപ്പെടുത്തി.

അരിക്കൊമ്പനെ പിടികൂടി കൊണ്ടുപോകാനായി തയാറാക്കിയ ലോറി.
അരിക്കൊമ്പനെ പിടികൂടി കൊണ്ടുപോകാനായി തയാറാക്കിയ ലോറി.

പിടികൂടുന്നത് ഒഴിവാക്കാനാണ് കോടതി നിർദേശമെങ്കിൽ, പകരം ആനയി‍ൽ ഘടിപ്പിക്കാനുള്ള ജിഎസ്എം കോളർ സംഘത്തിന് പരിചയപ്പെടുത്തി. ഇന്ന് ഉച്ചകഴിഞ്ഞ് കോടതി വിധി വരുന്നതിനാൽ നേരത്തേ നിശ്ചയിച്ച പ്രകാരമുള്ള മോക്ഡ്രിൽ ഒഴിവാക്കി. സിസിഎഫ് (കോഴിക്കോട്) നരേന്ദ്രബാബു ആണ് ഓപ്പറേഷൻ കമാൻഡർ. ആനയെ പിടികൂടാനാണ് കോടതി ഉത്തരവെങ്കിൽ ചിന്നക്കനാൽ മേഖലയിൽ നിന്നുള്ള പരിചയസമ്പന്നരായ വാച്ചർമാർ ഉൾപ്പെട്ട ട്രാക്കിങ് സംഘം ഇന്ന് രാത്രി മുതൽ അരി കൊമ്പനെ സിമന്റ് പാലത്ത് എത്തിക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിക്കാനും തീരുമാനിച്ചു.

അരിക്കൊമ്പനെ പിടികൂടണമെന്നാവശ്യപ്പെട്ട് സിപിഎമ്മിന്റെ നേതൃത്വത്തിൽ ചിന്നക്കനാലിൽ നടത്തിയ പന്തംകൊളുത്തി പ്രകടനം.
അരിക്കൊമ്പനെ പിടികൂടണമെന്നാവശ്യപ്പെട്ട് സിപിഎമ്മിന്റെ നേതൃത്വത്തിൽ ചിന്നക്കനാലിൽ നടത്തിയ പന്തംകൊളുത്തി പ്രകടനം.

ആനക്കലിയിൽ പൊലിഞ്ഞവർ

വനം വകുപ്പും ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളും കോടതിയിൽ സമർപ്പിച്ച കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വിവരങ്ങൾ (2010 ജനുവരി 1 മുതൽ ഇന്നലെ  വരെയുള്ളത്).

2010- പേത്തൊട്ടി സ്വദേശി സുബ്രഹ്മണ്യൻ(48), വെള്ളക്കൽത്തേരി സ്വദേശി ആണ്ടവൻ(52)

2011- ശങ്കരപാണ്ഡ്യമെട്ട് സ്വദേശി അനീഷ്(27)

2012- പുത്തുപാറ സ്വദേശി രഘു(25), ആനയിറങ്കൽ സ്വദേശി മണി(60), 301 കോളനി സ്വദേശി ത്രേസ്യാമ്മ(62)

2013- കോഴിപ്പനക്കുടി സ്വദേശി അശോകൻ(30), സിങ്കുകണ്ടം സ്വദേശി കൃഷ്ണൻകുട്ടി(70), പെരിയകനാൽ സ്വദേശി കറുപ്പ്സ്വാമി(48)

2014- ചിന്നക്കനാൽ സ്വദേശി സണ്ണി(48), മൂലത്തറ സ്വദേശി രങ്കരാജ്(44)

2015- പുതുപ്പാറ സ്വദേശി രാജയ്യ(60)

2016- പാലക്കാട് സ്വദേശി ഹനീഫ(67) മൂലത്തുറയിൽ വച്ച്, കോരമ്പാറ സ്വദേശി മുരുകൻ(55)

2017- സിങ്കുകണ്ടം സ്വദേശി സുനിൽ ജോർജ്(32), പെരിയകനാൽ സ്വദേശി ബാലകൃഷ്ണൻ(47), ആനയിറങ്കൽ സ്വദേശി അന്തോണിയമ്മ(61)

2018- മൂലത്തുറ സ്വദേശി വേലു(55), 301 കോളനി സ്വദേശി തങ്കച്ചൻ(48), രാജാപ്പാറ സ്വദേശി ഷാജി(49), പുതുപ്പാറ സ്വദേശി മുത്തയ്യ(65)

2019- 301 കോളനി സ്വദേശി കൃഷ്ണൻ(45), അറുപതേക്കർ സ്വദേശി തങ്കപ്പൻ(50)

2020- ചിന്നക്കനാൽ സ്വദേശി തങ്കരാജ്(45)

2021- കോരമ്പാറ സ്വദേശി വിമല(46), ചട്ടമൂന്നാർ സ്വദേശി വിജി(36) 

2022- സിങ്കുകണ്ടം സ്വദേശി ബാബു(56), തലക്കുളം സ്വദേശി സാമുവൽ(70)

2023- പന്നിയാർ സ്വദേശി ശക്തിവേൽ(52).

അനുകൂല വിധി കാത്ത് 

അരിക്കൊമ്പനെ പിടികൂടാൻ അനുകൂല വിധിക്കായി ഒറ്റക്കെട്ടായി നാടിന്റെ ശ്രമം. ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളും ഡീൻ കുര്യാക്കോസ് എംപിയും കർഷക സംഘടനകളും കേരള കോൺഗ്രസ് എം നേതാവും എംപിയുമായ ജോസ് കെ.മാണിയും കേസിൽ കക്ഷി ചേർന്ന് ഇടുക്കിക്ക് വേണ്ടി വാദിക്കും. അരിക്കൊമ്പന്റെ അക്രമങ്ങളുടെ വിശദവിവരങ്ങളും വനം വകുപ്പ് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും.

അരിക്കൊമ്പൻ 18 വർഷത്തിനിടെ 180 കെട്ടിടങ്ങൾ തകർത്തതായും വീടുകൾ തകർന്ന് വീണ് 30 പേർക്ക് പരുക്കേറ്റതായും വ്യക്തമാക്കുന്നു. 2010 മുതൽ ഇൗ മാസം വരെ ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിലായി 29 പേരെ വിവിധ കാട്ടാനകൾ കൊലപ്പെടുത്തിയതായി വനം വകുപ്പിന്റെ റിപ്പോർട്ടിലുണ്ട്. ഇത് സംബന്ധിച്ച് റജിസ്റ്റർ ചെയ്ത കേസുകളുടെ വിവരങ്ങളും കോടതിക്ക് കൈമാറും. പ്രദേശത്ത് ഇതുവരെ നൂറിലധികം കർഷകരുടെ കൃഷിയാണ് കാട്ടാനകൾ നശിപ്പിച്ചത്.

ഇ-ഡിസ്ട്രിക്ട് വഴി അപേക്ഷ സമർപ്പിച്ചവരുടെ കണക്ക് മാത്രമാണിത്. ആനയിറങ്കൽ, പന്നിയാർ എന്നിവിടങ്ങളിലെ റേഷൻകടകൾ പല തവണ അരിക്കൊമ്പൻ തകർത്തു. പല സ്ഥലത്തായി വാഹനങ്ങൾക്ക് നേരെ കാട്ടാനയാക്രമണം ഉണ്ടായെങ്കിലും ഇതുവരെ ആരും നഷ്ടപരിഹാരത്തിന് അപേക്ഷ സമർപ്പിക്കാത്തതിനാൽ കണക്കിൽ ഉൾപ്പെടുത്തിയിട്ടില്ല. അരിക്കൊമ്പൻ തകർത്ത പട്ടയമില്ലാത്ത സ്ഥലത്തെ കെട്ടിടങ്ങൾ,

വീട്ടു നമ്പറില്ലാത്ത കെട്ടിടങ്ങൾ എന്നിവയും റിപ്പോർട്ടിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.  വനം വകുപ്പ് നൽകുന്ന രേഖകളും വിവരങ്ങളും പരിഗണിച്ച് അനുകൂല വിധിയുണ്ടാകുമെന്നാണ് വനം വകുപ്പിന്റെ പ്രതീക്ഷ. ശാന്തൻപാറ, ചിന്നക്കനാൽ പഞ്ചായത്തുകളും ഹൈക്കോടതിയിൽ സമർപ്പിക്കുന്ന റിപ്പോർട്ടിൽ ഇൗ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com