തങ്കമണി ∙ ജില്ലയിലെ രൂക്ഷമായി വന്യമൃഗ ശല്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തുടരുന്ന അനാസ്ഥയ്‌ക്കെതിരെ കെസിവൈഎം ഇടുക്കി രൂപതയുടെ നേതൃത്വത്തിൽ തങ്കമണി ഇടവകയും കെസിവൈഎം തങ്കമണി യൂണിറ്റും സൗത്ത് റീജനും സംയുക്തമായി നടത്തിയ സമരത്തിൽ പ്രതിഷേധം ഇരമ്പി. ജില്ലയിലെ ഭൂപ്രശ്‌നങ്ങൾ പരിഹരിക്കുക, രൂക്ഷമായ വന്യമൃഗ ആക്രമണങ്ങൾക്ക് ശാശ്വത പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചത്.
ഇടുക്കി രൂപതാ വികാരി ജനറൽ മോൺ. ജോസ് പ്ലാച്ചിക്കൽ സമരം ഉദ്ഘാടനം ചെയ്തു. ജില്ലയിലെ കർഷകരുടെ വിഷയങ്ങളിൽ ജനപ്രതിനിധികൾ നിസംഗത തുടരുന്നത് ആശങ്കാജനകമാണെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട സർക്കാർ വന്യജീവി ആക്രമണങ്ങളിൽ നിഷ്‌ക്രിയത്വം തുടരുന്നത് കർഷകരോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.
തങ്കമണി ഫൊറോന വികാരി ഫാ.ജോസ് മാറാട്ടിൽ അധ്യക്ഷത വഹിച്ചു. സ്ത്രീകളും കുട്ടികളും യുവജനങ്ങളും ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ പ്രതിഷേധ ജ്വാലയിൽ അണിചേർന്നു. ജനങ്ങൾക്കു വേണ്ടി നിലകൊള്ളാൻ സർക്കാർ തയാറാകുന്നില്ലെങ്കിൽ യുവജനങ്ങളെ അണിനിരത്തി സമരം ശക്തമാക്കുമെന്ന് കെസിവൈഎം രൂപത പ്രസിഡന്റ് ജെറിൻ പട്ടാംകുളം പ്രഖ്യാപിച്ചു.
കത്തോലിക്ക കോൺഗ്രസ് ഇടുക്കി രൂപത പ്രസിഡന്റ് ജോർജ് കോയിക്കൽ, ഫാ.മാർക്കോസ് ചിറ്റേമാരിയിൽ, കെസിവൈഎം ഇടുക്കി രൂപത ഡയറക്ടർ ഫാ.ജോസഫ് നടുപടവിൽ, സിജോ ഇലന്തൂർ, അലക്‌സ് തോമസ്, ജെബിൻ ജേക്കബ്, ജോർജ് ജോസഫ് എന്നിവർ പ്രസംഗിച്ചു.