മൂന്നാർ ∙ ഗോവ പോലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളുടെ മാതൃകയിൽ സഞ്ചാരികൾക്ക് വാടകയ്ക്ക് നൽകാനായി എത്തിച്ച ഇരുചക്രവാഹനങ്ങൾ ടാക്സി ഡ്രൈവർമാരുടെ പ്രതിഷേധത്തെ തുടർന്ന് തിരികെയയച്ചു. തമിഴ്നാട്ടിൽ നിന്നെത്തിച്ച 15 ഇരുചക്രവാഹനങ്ങളാണ് പ്രതിഷേധത്തെ തുടർന്ന് തിരികെ കൊണ്ടുപോയത്. ചൊവ്വ ഉച്ചകഴിഞ്ഞാണ് വിനോദസഞ്ചാരികൾക്ക് വാടകയ്ക്ക് നൽകാനായി മധുര സ്വദേശി ഇരുചക്രവാഹനങ്ങൾ മാട്ടുപ്പെട്ടിക്കു സമീപമുള്ള എക്കോ പോയിന്റിലെത്തിച്ചത്.
പ്രദേശവാസികൾ എതിർത്തതിനെ തുടർന്ന് ഇയാൾ വാഹനങ്ങൾ കൊണ്ടുപോയി. എന്നാൽ ഇന്നലെ രാവിലെ മാട്ടുപ്പെട്ടി ബോട്ടിങ് സെന്ററിനു സമീപം ഇരുചക്രവാഹനങ്ങൾ വാടകയ്ക്ക് നൽകാനായി തയാറാക്കിയതോടെയാണ് മൂന്നാർ ടൂറിസ്റ്റ് ടാക്സി ഡ്രൈവേഴ്സ് അസോസിയേഷൻ അംഗങ്ങൾ പ്രതിഷേധവുമായെത്തിയത്.
തങ്ങളുടെ ടാക്സി ഓട്ടത്തെ കാര്യമായി ബാധിക്കുന്ന തരത്തിൽ ബൈക്കുകൾ വാടകയ്ക്കു നൽകാൻ അനുവദിക്കുകയില്ലെന്ന് ഡ്രൈവർമാർ നിലപാട് എടുത്തതോടെ ഇരുകൂട്ടരും തമ്മിൽ തർക്കമുണ്ടായി. ഡ്രൈവർമാരുടെ പ്രതിഷേധം ശക്തമായതോടെ ബൈക്കുകൾ കൊണ്ടുപോകാൻ ഉടമ തയാറായി. പിന്നീട് ഇരുചക്രവാഹനങ്ങൾ ലോറിയിൽ കയറ്റി തമിഴ്നാട്ടിലേക്കു കൊണ്ടുപോയി. വാഹനങ്ങൾ വാടകയ്ക്ക് നൽകുന്നതിനുള്ള അനുമതി ഇല്ലാതെയാണ് മധുര സ്വദേശി വാഹനങ്ങൾ എത്തിച്ചതെന്ന് ടാക്സിക്കാർ ആരോപിക്കുന്നു.