അരിക്കൊമ്പനെ മാറ്റണോ, അതോ കോളനിയിലെ ആളുകളെ മാറ്റണോ? നാടിന്റെ ഉത്തരം ഇങ്ങനെ...

അടിസ്ഥാന സൗകര്യങ്ങളില്ലാത്തതും കാട്ടാനശല്യവും മൂലം 301 കോളനിയിൽ നിന്ന് താമസക്കാർ‍  ഒഴിഞ്ഞുപോയ വീടുകളിൽ ചിലത്.
അടിസ്ഥാന സൗകര്യങ്ങളില്ലാത്തതും കാട്ടാനശല്യവും മൂലം 301 കോളനിയിൽ നിന്ന് താമസക്കാർ‍ ഒഴിഞ്ഞുപോയ വീടുകളിൽ ചിലത്.
SHARE

രാജകുമാരി∙ ചിന്നക്കനാൽ, ശാന്തൻപാറ മേഖലകളിൽ നാട്ടുകാരുടെ ജീവനു ഭീഷണിയായ അരിക്കൊമ്പനെ പിടികൂടി അവിടെ നിന്നു മാറ്റുന്നതിനെക്കാൾ നല്ലത് 301 കോളനിയിലെ ആളുകളെ മാറ്റി പാർപ്പിക്കുകയല്ലേ എന്ന കോടതിയുടെ ചോദ്യം പ്രശ്ന പരിഹാരത്തിന് ഉതകുന്നതല്ലെന്ന് ഇവിടത്തുകാർ പറയുന്നു. 301 കോളനിയിൽ മാത്രം ഒതുങ്ങുന്നതല്ല അരിക്കൊമ്പന്റെ ശല്യം.

ചിന്നക്കനാൽ പഞ്ചായത്തിലെ എൺപതേക്കർ, സിമന്റ്പാലം, ബിഎൽ റാം, സൂര്യനെല്ലി, ചിന്നക്കനാൽ ടൗൺ, മുത്തമ്മ കോളനി, പെരിയകനാൽ, ശാന്തൻപാറ പഞ്ചായത്തിലെ ആനയിറങ്കൽ, പന്നിയാർ, തോണ്ടിമല, ശങ്കരപാണ്ട്യമെട്ട്, മൂലത്തുറ, തലക്കുളം എന്നിവിടങ്ങളിലും അരിക്കൊമ്പന്റെ ശല്യം രൂക്ഷമാണ്.

ആളുകളെ ഒഴിപ്പിച്ച് കാട്ടാനശല്യത്തിനു പരിഹാരം കാണാനാണെങ്കിൽ ഇൗ മേഖലകളിൽ നിന്നുള്ള ആയിരക്കണക്കിനു കുടുംബങ്ങളെ കുടിയിറക്കേണ്ടി വരും. നാട്ടുകാരുടെ അഭിപ്രായം കൂടി കേട്ട ശേഷം മാത്രം വിദഗ്ധ സമിതി റിപ്പോർട്ട് തയാറാക്കി കോടതിയെ യാഥാർഥ്യം ബോധ്യപ്പെടുത്തണമെന്നാണ് ഇവിടത്തുകാർ പറയുന്നത്.

അതിജീവന പോരാട്ടം ഇതുവരെ

വിവിധ പദ്ധതികൾക്കായി കുടിയൊഴിപ്പിക്കപ്പെട്ടവരും സ്വന്തമായി ഭൂമിയില്ലാത്തവരുമായ ആദിവാസികളെ പുനരധിവസിപ്പിക്കാൻ ചിന്നക്കനാൽ മേഖലയിൽ 1490 ഏക്കർ ഭൂമിയാണ് സർക്കാർ കണ്ടെത്തിയത്. എന്നാൽ 810 ഏക്കർ ഭൂമി മാത്രമാണ് റവന്യു വകുപ്പിന് അന്നു കണ്ടെത്താൻ കഴിഞ്ഞത്.

ഇതിൽ 668 ഏക്കർ 566 കുടുംബങ്ങൾക്കായി വിതരണം ചെയ്തു. 301 കുടുംബങ്ങൾക്ക് ചിന്നക്കനാൽ വില്ലേജിൽ സർവേ നമ്പർ 178ൽ ഒരേക്കർ വീതം ഭൂമി പതിച്ച് നൽകി. കൂടാതെ എൺപതേക്കർ കോളനിയിൽ 68, പന്തടിക്കളത്ത് 62 വീതം പട്ടിക വർഗ കുടുംബങ്ങളെ കുടിയിരുത്തി.

ഇതോടെ 431 കുടുംബങ്ങൾ ഇവിടെ താമസമാരംഭിച്ചു. മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള അതിജീവന പോരാട്ടം തുടങ്ങിയതും ഇവിടം മുതലാണ്. പക്ഷേ ഇൗ യുദ്ധത്തിൽ എല്ലായ്പോഴും പരാജയപ്പെട്ടത് ഇവിടങ്ങളിലെ സാധാരണക്കാരായ മനുഷ്യരാണ്. പരാജയപ്പെട്ടവർ ജീവനും സ്വത്തും ബലി നൽകേണ്ടിയും വന്നു.

ഹൈക്കോടതി നിർദേശത്തെ തുടർന്ന് ഓപ്പറേഷൻ അരിക്കൊമ്പൻ അനിശ്ചിതത്വത്തിലായതിൽ പ്രതിഷേധിച്ച് പെരിയകനാലിൽ സിപിഎം പ്രവർത്തകർ കൊച്ചി - ധനുഷ്കോടി ദേശീയപാത ഉപരോധിച്ചപ്പോൾ.
ഹൈക്കോടതി നിർദേശത്തെ തുടർന്ന് ഓപ്പറേഷൻ അരിക്കൊമ്പൻ അനിശ്ചിതത്വത്തിലായതിൽ പ്രതിഷേധിച്ച് പെരിയകനാലിൽ സിപിഎം പ്രവർത്തകർ കൊച്ചി - ധനുഷ്കോടി ദേശീയപാത ഉപരോധിച്ചപ്പോൾ.

പിടിച്ചുനിൽക്കാൻ പരിശ്രമിക്കുന്നവർ

അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനൊപ്പം കാട്ടാനശല്യവും കൂടിയായതോടെ കഴി‍ഞ്ഞ 10 വർഷത്തിനുള്ളിൽ ഒട്ടേറെ കുടുംബങ്ങൾ ചിന്നക്കനാലിലെ ആനത്താവളങ്ങൾ വിട്ടുപോയി. 301 കോളനിയിൽ നിന്ന് ഇരുനൂറോളം കുടുംബങ്ങൾ വീടും കൃഷിയിടവും ഉപേക്ഷിച്ചു പോയി. സമീപത്തെ വിലക്ക് കോളനിയിൽ നിന്നു 140, പന്തടിക്കളത്ത് നിന്നു 30,

എൺപതേക്കർ കോളനിയിൽ നിന്ന് 8 കുടുംബങ്ങൾ കാട്ടാനകളെയും വന്യമൃഗങ്ങളെയും ഭയന്ന് ഭൂമിയും വീടും ഉപേക്ഷിച്ചു. അവശേഷിക്കുന്ന കുടുംബങ്ങളിലുള്ളവർക്ക് പോകാൻ മറ്റു സ്ഥലമില്ലാത്തവരാണ്. സർക്കാർ അനുവദിച്ച കോൺക്രീറ്റ് വീടിനു മുകളിൽ കുടിൽ നിർമിച്ചാണ് ഇവരൊക്കെയും രാത്രി കഴിച്ചുകൂട്ടുന്നത്. മുറ്റത്ത് രാത്രി മുഴുവൻ അണയാത്ത ആഴിയും കൂട്ടിയിട്ടുണ്ടാകും. 

ഗതികേടു കൊണ്ട് ആനക്കാട്ടിൽ കഴിയുന്നവർ

2002 - 2003 ൽ വനം വകുപ്പിന്റെ എതിർപ്പ് മറികടന്നാണ് 301 കോളനിയിലുൾപ്പെടെ ഭൂരഹിതരായ ആദിവാസി കുടുംബങ്ങളെ കുടിയിരുത്തിയത്. 301 കോളനിയിൽ 301 കുടുംബങ്ങൾക്ക് ഭൂമി നൽകിയെങ്കിലും നിലവിൽ അൻപതിൽ താഴെ കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. അൻപതോളം കുടുംബങ്ങൾ മറ്റു സ്ഥലങ്ങളിൽ താമസിച്ച് ഇവിടെയെത്തി കൃഷി ചെയ്യുന്നു.

കാട്ടാനശല്യവും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും മൂലമാണ് കോളനിയിലെ ഭൂരിഭാഗം കുടുംബങ്ങളും വീടും സ്ഥലവും ഉപേക്ഷിച്ചു പോയത്. കാട്ടാനശല്യം രൂക്ഷമായ സാഹചര്യത്തിൽ ഇവിടത്തെ താമസക്കാരെ പുനരധിവസിപ്പിക്കുന്നത് സംബന്ധിച്ച് അനുഭാവപൂർണമായ തീരുമാനമെടുക്കുമെന്ന് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വനം മന്ത്രി കെ.രാജു വ്യക്തമാക്കിയിരുന്നു. എന്നാൽ അതൊരു വാഗ്ദാനം മാത്രമായി അവശേഷിക്കുന്നു. പുനരധിവാസ പദ്ധതികൾ നടപ്പിലാക്കുന്നതിന് കേന്ദ്രം ഫണ്ട് നൽകുന്നില്ലെന്നാണ് സംസ്ഥാന സർക്കാരിന്റെ വാദം.

2017ലെ ദൗത്യത്തിൽ മയക്കുവെടിയേറ്റ അരിക്കൊമ്പൻ വീഴാതെ മരത്തിൽ ചാരിനിന്നു മയങ്ങുന്നു.
2017ലെ ദൗത്യത്തിൽ മയക്കുവെടിയേറ്റ അരിക്കൊമ്പൻ വീഴാതെ മരത്തിൽ ചാരിനിന്നു മയങ്ങുന്നു.

അന്ന് വെടിയേറ്റിട്ടും വീഴാതെ...

തൊടുപുഴ ∙ റേഡിയോ കോളർ ധരിപ്പിക്കാനായി രണ്ടു ദിവസങ്ങളിലായി അഞ്ചു തവണ വച്ച മയക്കുവെടിയേറ്റിട്ടും വീഴാതെ പിടിച്ചുനിന്ന അരിക്കൊമ്പന്റെ കരുത്തിനു മുൻപിൽ മുട്ടുമടക്കിയാണ് 2017ൽ കുങ്കിയാനകൾ മടങ്ങിയത്. വീണ്ടും ഒരു റേഡിയോ കോളർ ദൗത്യം കൂടെ എത്തുമ്പോൾ അന്നു നടന്ന സംഭവങ്ങൾ ആവർത്തിക്കുമോ എന്ന ഭയത്തിലാണ് നാട്ടുകാർ. വീണ്ടും ദൗത്യം പരാജയപ്പെട്ടാൽ എത്ര ജീവനുകൾ അരിക്കൊമ്പൻ കവരും എന്ന ആശങ്കയിലാണ് നാട്. അറിയാം, 6 വർഷം മുൻപത്തെ അരിക്കൊമ്പൻ ദൗത്യത്തിന്റെ വിവരങ്ങൾ.

സിങ്കുകണ്ടം, മൂലത്തുറ, 301 കോളനി, ചെമ്പാല എന്നിവിടങ്ങളിലെ നിത്യസന്ദർശകനായിരുന്ന അരിക്കൊമ്പൻ 2017 ജൂലൈ മാസത്തിലാണ് സിങ്കുകണ്ടത്ത് വച്ച്  ഓട്ടോ ഡ്രൈവറായ സുനിലിനെ നിഷ്കരുണം കൊലപ്പടുത്തിയത്. അതിന് ഒരു വർഷം മുൻപ് മൂലത്തുറയിൽ വച്ച് കാൽനടയാത്രക്കാരനായ തീർഥാടകൻ പാലക്കാട് സ്വദേശി ഹനീഫയെ കൊലപ്പെടുത്തിയിരുന്നു. തുടർന്നാണ് അരിക്കൊമ്പനെ പിടികൂടി റേഡിയോ കോളർ ധരിപ്പിക്കാൻ വനംവകുപ്പ് തീരുമാനിച്ചത്.

ഒറ്റയാനെ പിടികൂടാനായി കുങ്കിയാനകളായ കലീമിനെയും വെങ്കിടേഷിനെയും വരുത്താൻ തീരുമാനിച്ചു. പൊള്ളാച്ചി ആന ക്യാംപിൽനിന്നു കുങ്കിയാനകൾ മറയൂർ വഴി ആനയിറങ്കലിലെത്തി. ശങ്കരപാണ്ഡ്യമെട്ടിൽ വിലസിയിരുന്ന ഒരു മോഴയും കുട്ടിയുമടങ്ങുന്ന അഞ്ചംഗ കാട്ടാനക്കൂട്ടത്തെ പ്രത്യേക ദൗത്യസംഘത്തിന്റെ സഹായത്തോടെ കുങ്കിയാനകൾ വനമേഖലയിലേക്കു തുരത്തുന്നതിൽ വിജയിച്ചു.

എന്നാൽ, പിറ്റേന്നു മൂലത്തുറയിൽ കണ്ടെത്തിയ അരിക്കൊമ്പനെ ഭയപ്പെടുത്തി ഓടിക്കാൻ കഴിയാതെ വിഷമിച്ചു. പിറ്റേദിവസം വൈകുന്നേരത്തോടെ അരിക്കൊമ്പനെ രണ്ടുതവണ മയക്കുവെടി വച്ചെങ്കിലും മരത്തിൽ ചാരിനിന്നു മയങ്ങി, വീഴാതെ കൊമ്പൻ കരുത്തുകാട്ടി. അതുകൊണ്ടുതന്നെ കലീമിനും വെങ്കിടേഷിനും അവന്റെ സമീപത്തേക്ക് എത്താനായില്ല. പിറ്റേദിവസം വൈകുന്നേരം വീണ്ടും മുത്തമ്മ കോളനിയിൽവച്ചു മൂന്നുതവണ മയക്കുവെടി വച്ചെങ്കിലും അരിക്കൊമ്പനെ തളയ്ക്കാനായില്ല.

ക്ഷീണിതനെങ്കിലും മയക്കുവെടിക്കു മുന്നിൽ പതറാതെ പിടിച്ചുനിന്ന കൊമ്പൻ ക്രുദ്ധനായി അലറിക്കൊണ്ടിരുന്നു. കലീം അരിക്കൊമ്പന്റെ പിൻഭാഗത്തു കൊമ്പുപയോഗിച്ചു കുത്തി നിർത്തി. ഈ സമയം വടം ഉപയോഗിച്ചു പിൻകാലുകൾ ബന്ധിക്കാൻ പാപ്പാൻമാർ ശ്രമിച്ചെങ്കിലും കൊമ്പൻ കുതറി പിൻകാലുയർത്തി തൊഴിച്ചു. ഇൗ സമയം കലീമിനൊപ്പമുണ്ടായിരുന്ന പാപ്പാൻ ഏറെ പ്രയത്നിച്ചാണ് അരിക്കൊമ്പന്റെ കാലിനടിയിൽപെടാതെ രക്ഷപ്പെട്ടത്. രാത്രിയായതോടെ അരിക്കൊമ്പനെ കീഴടക്കാനുള്ള ശ്രമം ഉപേക്ഷിച്ചു സംഘം മടങ്ങുകയായിരുന്നു.

അരിക്കൊമ്പനെ റേഡിയോ കോളർ ഘടിപ്പിച്ച് നിരീക്ഷിക്കാനുള്ള ഹൈക്കോടതി നിർദേശം അറിഞ്ഞയുടൻ നിരാശയോടെ പ്രതികരിക്കുന്ന പെരിയകനാലിലെ ഗോമതിയുടെ ചായക്കടയിലുള്ളവർ.
അരിക്കൊമ്പനെ റേഡിയോ കോളർ ഘടിപ്പിച്ച് നിരീക്ഷിക്കാനുള്ള ഹൈക്കോടതി നിർദേശം അറിഞ്ഞയുടൻ നിരാശയോടെ പ്രതികരിക്കുന്ന പെരിയകനാലിലെ ഗോമതിയുടെ ചായക്കടയിലുള്ളവർ.

‘‘ഇവിടെ ഒരു രാത്രി താമസിക്കൂ; എന്നിട്ട് നിങ്ങൾ പറയൂ...’’

നാട് വിറപ്പിച്ച കൊമ്പനെ പിടികൂടേണ്ടതില്ല എന്ന കോടതി വിധി ഞെട്ടലോടെയാണ് നാട് കേട്ടത്. പെരിയകനാലിലെ ചായക്കടയിൽ‌ ചായ കുടിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഇവർ വിധി അറിയുന്നത്. ഇതോടെ തണുത്ത ചായ പോലെ നിരാശയിലായി നാട്ടുകാർ.

അരിക്കൊമ്പനെ കൊണ്ടുപോകുമെന്ന പ്രതീക്ഷയിലായിരുന്നു എല്ലാവരും. ഇനിയും എത്രനാൾ കാത്തിരിക്കണമെന്ന് അറിയില്ല. -ഗോമതി ചായക്കടക്കാരി

3 പ്രാവശ്യം അരിക്കൊമ്പൻ എന്റെ വീട് തകർത്തിട്ടുണ്ട്. ആദിവാസികൾക്കു പതിച്ചുനൽകിയ 301 കോളനിയിൽ മാത്രമല്ല അരിക്കൊമ്പന്റെ ശല്യം. മറ്റു ജനവാസമേഖലകളും ആനകളെ കൊണ്ടുള്ള ദുരിതത്തിലാണ്. -വി.കെ.വിജയൻ തോട്ടം തൊഴിലാളി

ഞാൻ താമസിച്ചുകൊണ്ടിരുന്ന വീട് ഇടിച്ചു കളഞ്ഞവനാണ് അരിക്കൊമ്പൻ. സ്വന്തമായി വീടില്ലാത്തവർക്കേ ആ വിഷമം മനസ്സിലാവൂ. ആന മുന്നിൽവന്നു പെട്ടാൽ ഇന്ന് ഓടാനുള്ള ആരോഗ്യമില്ല. -ടി.എ.പീറ്റർ തോട്ടം തൊഴിലാളി

റിസോർ‍ട്ടിലെ സോളർ വേലി എന്നും തകർക്കും. അതിഥികളുടെ സുരക്ഷ ഉറപ്പാക്കണം. രാത്രി മുഴുവൻ ഉറക്കം ഒഴിക്കേണ്ട അവസ്ഥയാണ്. വിധിക്കെതിരെ ആരു സമരം ചെയ്താലും അവർക്കൊപ്പം ചേരും. -എം.സതീഷ് റിസോർട്ട് ജീവനക്കാരൻ

തോട്ടം നശിപ്പിച്ചു. ജീവിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. കേസ് കൊടുത്തവരും വിധിച്ചവരും ഇവിടെ വന്ന് ഒരേയൊരു രാത്രി താമസിക്കട്ടെ. അപ്പോൾ ഞങ്ങളുടെ അവസ്ഥ മനസ്സിലാവും. -എം.എസ്.സുജിത്ത്. കർഷകൻ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS