ADVERTISEMENT

ബോഡിമെട്ട് ∙ ‘കാട്ടിൽ മതി കാട്ടുനീതി, നാട്ടിൽ വേണ്ട ആ നീതി’ അരിക്കൊമ്പനെ പിടികൂടാൻ അനുവാദം നൽകാതിരുന്ന കോടതിവിധിക്കെതിരെ ചിന്നക്കനാലിലും സൂര്യനെല്ലിയിലും പൂപ്പാറയിലും മുദ്രാവാക്യങ്ങളിൽ ജനത്തിന്റെ പ്രതിഷേധത്തീ ആളി. 8 പഞ്ചായത്തുകളിലെ ജനകീയ ഹർത്താൽ പൂർണമായി നടന്നപ്പോൾ ദേശീയപാതകൾ ഉപരോധിച്ചും മുദ്രാവാക്യങ്ങൾ വിളിച്ചും കുട്ടികളും സ്ത്രീകളും വയോധികരും സമരരംഗത്ത് മുന്നിട്ടിറങ്ങിയത് അതിജീവന പോരാട്ടത്തിന്റെ നേർച്ചിത്രമായിരുന്നു.

ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ പൂപ്പാറയിൽ നടത്തിയ പ്രതിഷേധത്തിൽ നിരവധി ആളുകൾ പങ്കെടുത്തു. ശാന്തൻപാറ പഞ്ചായത്ത് പ്രസിഡന്റ് ലിജു വർഗീസ്, ജില്ല പഞ്ചായത്തംഗം എം.ടി.ഉഷാകുമാരി, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ.എസ്.അരുൺ, സിപിഎം ജില്ലാ കമ്മിറ്റിയംഗം വി.വി.ഷാജി, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എസ്.വനരാജ് എന്നിവർ നേതൃത്വം നൽകി. കോടതി വിധി അനുകൂലമാകും വരെ ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ പ്രതിഷേധങ്ങൾ തുടരുമെന്ന് നേതാക്കൾ പറഞ്ഞു.

മൂന്നാറിൽ വ്യാപാര സ്ഥാപനങ്ങൾ പൂർണമായി അടഞ്ഞുകിടന്നു. കെഎസ്ആർടിസി ബെംഗളൂരു അടക്കം മുഴുവൻ (27 സർവീസുകൾ) സർവീസുകളും നടത്തി. സ്വകാര്യ ബസുകൾ സർവീസ് നടത്തിയില്ല. എന്നാൽ തോട്ടം മേഖലയെ ഹർത്താൽ ബാധിച്ചില്ല. കണ്ണൻദേവൻ കമ്പനി, തലയാർ, ഹാരിസൺ കമ്പനികളിലെ മുഴുവൻ തൊഴിലാളികളും ഇന്നലെ ജോലിക്കിറങ്ങി. വിനോദ സഞ്ചാരികളുടേതടക്കമുള്ള വാഹനങ്ങൾ പല ഭാഗങ്ങളിലും ഹർത്താലനുകൂലികൾ തടഞ്ഞെങ്കിലും പിന്നീട് വിട്ടയച്ചു. മറയൂർ, കാന്തല്ലൂർ മേഖലയിൽ ജനകീയ ഹർത്താൽ പൂർണമായിരുന്നു. സർവീസ് ബസുകൾ ഒന്നും തന്നെ എത്തിയില്ല, വാഹനങ്ങളും ഓടിയില്ല. കടകളെല്ലാം അടഞ്ഞുകിടന്നു. 

സർക്കാരിന് വീഴ്ച: സിഎസ്ഐ ഇൗസ്റ്റ് കേരള ദലിത് ആദിവാസി ബോർഡ്

ചിന്നക്കനാൽ∙ 301 കോളനിയിലെ വന്യമൃഗ ശല്യം പരിഹരിക്കാൻ കഴിയാത്തത് സർക്കാരിന്റെ വീഴ്ചയാണെന്നും പാവപ്പെട്ട ജനതയോട് കാണിക്കുന്ന അവഗണനയാണെന്നും സിഎസ്ഐ ഇൗസ്റ്റ് കേരള ദലിത് ആദിവാസി ബോർഡ് വ്യക്തമാക്കി. ഭൂമാഫിയകളുടെ ഒത്താശയോടെ ആദിവാസി കുടുംബങ്ങളെ അവിടെ നിന്നു തുരത്താനുള്ള ശ്രമമാണിത്.

അവിടെയുള്ള കുടുംബങ്ങൾക്കു കൃഷി ചെയ്യാനും സ്വസ്ഥമായി ജീവിക്കാനുമുള്ള സാഹചര്യമൊരുക്കണം. യുദ്ധകാലാടിസ്ഥാനത്തിൽ കാട്ടാനശല്യം പരിഹരിക്കുന്നതിനു നടപടി സ്വീകരിക്കണം. സിഎസ്ഐ ഇൗസ്റ്റ് കേരള ദലിത് ആദിവാസി ബോർഡ് സെക്രട്ടറി ഐസക് ഡേവിഡ് അധ്യക്ഷത വഹിച്ചു.

വന്യമൃഗങ്ങളെ വെടിവച്ച് കൊല്ലാൻ അനുവദിക്കണം: യൂത്ത് ഫ്രണ്ട് (എം) 

ചെറുതോണി ∙ ജനവാസ മേഖലകളിലും കൃഷിയിടങ്ങളിലും ഇറങ്ങി നാശനഷ്ടങ്ങൾ വരുത്തുകയും മനുഷ്യജീവനു ഭീഷണിയാകുകയും ചെയ്യുന്ന വന്യമൃഗങ്ങളെ വെടിവച്ചു കൊല്ലാൻ അനുവദിക്കണമെന്നും ഇതിനു വേണ്ട നിയമ ഭേദഗതി നടപ്പാക്കണമെന്നും കേരള യൂത്ത് ഫ്രണ്ട് (എം) ജില്ലാ കമ്മിറ്റി യോഗത്തിൽ പ്രമേയം.

ജില്ലയിൽ കുടിയേറ്റ കർഷകർ നേരിടുന്ന വന്യജീവി ആക്രമണം, ജില്ലയിലെ ഭൂപ്രശ്നങ്ങൾ എന്നിവ സർക്കാരുകളുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനു സമര പരിപാടികൾക്കും ജില്ലാ കമ്മിറ്റി രൂപം നൽകി. യോഗം യൂത്ത് ഫ്രണ്ട് (എം) ചുമതലയുള്ള പാർട്ടി ജനറൽ സെക്രട്ടറി ഷിജോ തടത്തിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജോമോൻ പൊടിപാറ അധ്യക്ഷനായിരുന്നു.

ഹർത്താലിൽ കേസ്

അരിക്കൊമ്പനെ പിടികൂടുന്നതിനെതിരെയുള്ള ഹൈക്കോടതി വിധിയിൽ പ്രതിഷേധിച്ച് ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ നടത്തിയ ഹർത്താലിനോടനുബന്ധിച്ച് ദേശീയപാത ഉപരോധിച്ചവർക്കെതിരെ കേസെടുക്കുമെന്ന് ശാന്തൻപാറ പൊലീസ് പറഞ്ഞു. ‍

ബോഡിമെട്ട്, പൂപ്പാറ, പെരിയകനാൽ എന്നിവിടങ്ങളിലാണ് നാട്ടുകാർ ദേശീയപാത ഉപരോധിച്ചത്. ഹർത്താൽ നടത്തണമെങ്കിൽ 7 ദിവസം മുൻപു നോട്ടിസ് നൽകണമെന്ന ഹൈക്കോടതി ഉത്തരവ് നിലനിൽക്കുന്നതിനാൽ ജനകീയ മുന്നണി നടത്തിയ ഹർത്താൽ നിയമ വിരുദ്ധമാണെന്ന് പൊലീസ് ജനകീയ മുന്നണി നേതാക്കൾക്ക് നൽകിയ നോട്ടിസിൽ വ്യക്തമാക്കുന്നു.

ഇൗ ദിവസം ഹർത്താൽ നടത്തുകയോ ഹർത്താലിനെ അനുകൂലിക്കുകയോ ചെയ്താൽ അതു മൂലമുണ്ടാകുന്ന എല്ലാ കഷ്ടനഷ്ടങ്ങൾക്കും ജനകീയ മുന്നണി നേതാക്കളായിരിക്കും ഉത്തരവാദികളെന്നും നിയമ നടപടി സ്വീകരിക്കുമെന്നും നോട്ടിസിൽ പറയുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com