ADVERTISEMENT

ചിന്നക്കനാൽ ∙ കാടുവെട്ടിത്തെളിച്ചു ജീവിതത്തിന്റെ പച്ചപ്പുറപ്പിച്ച മണ്ണിൽനിന്ന് ഇറക്കിവിടാനുള്ള നീക്കം എന്തുവിലകൊടുത്തും തടയുമെന്ന പ്രഖ്യാപനവുമായി ചിന്നക്കനാൽ സിമന്റുപാലത്ത് ജനങ്ങളുടെ പ്രതിഷേധം. ഹർത്താലിന്റെ ഭാഗമായി പലയിടങ്ങളിലും പ്രതിഷേധക്കാർ റോഡ് ഉപരോധിച്ചു. സിമന്റുപാലത്തെ സമരവേദിക്കു സമീപം ‘അരിക്കൊമ്പൻ’ എന്ന കാട്ടാനയെത്തിയത് ആശങ്ക പരത്തി. അരിക്കൊമ്പനൊപ്പം മറ്റു 2 കൊമ്പൻമാരും പിടിയാനകളും കുട്ടിയാനകളും ഉണ്ടായിരുന്നു. 

റോഡിൽ നിന്ന് 25 മീറ്റർ മാത്രം അകലെയാണ് ആനക്കൂട്ടം നിലയുറപ്പിച്ചത്. പിന്നീടു വാഹനങ്ങൾ ശബ്ദമുണ്ടാക്കിയപ്പോൾ ഇവ മാറിപ്പോയി. അരിക്കൊമ്പനെ പിടികൂടി പ്രദേശത്തുനിന്നു മാറ്റാത്തതിൽ പ്രതിഷേധിച്ചു ജനകീയ മുന്നണി 8 പഞ്ചായത്തുകളിൽ ആഹ്വാനം ചെയ്ത ഹർത്താൽ പൂർണമായിരുന്നു. മൂന്നാറിൽ ഉൾപ്പെടെ വ്യാപാരസ്ഥാപനങ്ങൾ അടഞ്ഞുകിടന്നു. 

കൈക്കുഞ്ഞുങ്ങളെ ഉൾപ്പെടെ സമരപ്പന്തലിൽ എത്തിച്ച് ഹർത്താലിനു ജനം ഐക്യദാർഢ്യം പ്രഖ്യാപിച്ചു. സമരവേദിയിൽത്തന്നെ അടുപ്പുകൂട്ടി കഞ്ഞിവച്ചായിരുന്നു ഉച്ചഭക്ഷണം.പെരിയകനാലിൽ സിപിഎം– കോൺഗ്രസ് പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു. രാവിലെ 7 മുതൽ നടന്ന ഉപരോധം ഉച്ചവരെ തുടർന്നു. ബോഡിമെട്ടിലും രാവിലെ മുതൽ വൈകുന്നേരം വരെ പൂപ്പാറയിലും റോഡ് ഉപരോധിച്ചു. ദേശീയപാത ഉപരോധിച്ചവർക്കെതിരെ കേസെടുക്കുമെന്നു ശാന്തൻപാറ പൊലീസ് അറിയിച്ചു.

അരിക്കൊമ്പൻ  നിരീക്ഷണത്തിൽ

ഓപ്പറേഷൻ അരിക്കൊമ്പനുവേണ്ടി എത്തിയ 4 കുങ്കിയാനകൾ പ്രദേശത്തു തുടരുകയാണ്. ഡോ.അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള ദ്രുതകർമസേനാംഗങ്ങളും ഇവിടെത്തന്നെയുണ്ട്. കോടതി നിർദേശപ്രകാരം കാട്ടാനയെ 24 മണിക്കൂറും നിരീക്ഷിക്കുന്നുണ്ടെന്നു വനം വകുപ്പ് അറിയിച്ചു.

കൊമ്പനെ തളയ്ക്കും വരെ രാപകൽ സമരം

പൂപ്പാറ ∙ അരിക്കൊമ്പനെ പിടികൂടുന്നതുവരെ രാപകൽ സമരം നടത്തുമെന്നു ജനകീയമുന്നണി. ഇന്നു സിങ്കുകണ്ടത്ത് രാപകൽ സമരം തുടങ്ങാനാണു സർവകക്ഷിയോഗത്തിൽ തീരുമാനം. കൊമ്പനെ പിടികൂടും വരെ പ്രതിഷേധം തുടരും. സിമന്റ്പാലത്തു നടത്തിവന്ന സമരം അവസാനിപ്പിച്ച് സമരവേദി സിങ്കുകണ്ടത്തേക്കു മാറ്റാനും തീരുമാനമായി. പൂപ്പാറയിൽ ഇന്നു ജനപ്രതിനിധികളുടെ സായാഹ്ന ധർണ നടത്തും. ചിന്നക്കനാൽ, ശാന്തൻപാറ, സേനാപതി, ഉടുമ്പൻചോല പഞ്ചായത്തുകളിലെ ജനപ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ടാണു ധർണ നടക്കുക. എസ്.വനരാജ്, വി.വി.ഷാജി, എൻ.ആർ.ജയൻ, ജോയ് ജോസഫ്, ലിജു വർഗീസ് എന്നിവർ സംയുക്ത യോഗത്തിൽ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com