ചെറുതോണി (ഇടുക്കി) ∙ മൂന്നു മക്കൾക്കു വിഷം കൊടുത്തശേഷം ദമ്പതികൾ ജീവനൊടുക്കി. കഞ്ഞിക്കുഴി പുന്നയാർ ചൂടൻസിറ്റി കാരാടിയിൽ ബിജു (42), ഭാര്യ ടിന്റു (36) എന്നിവരാണു മരിച്ചത്. ഇവരുടെ 11 വയസ്സുള്ള പെൺകുട്ടിയും എട്ടും രണ്ടും വയസ്സുള്ള ആൺകുട്ടികളും ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കടബാധ്യതയാണു പ്രശ്നമെന്നു പൊലീസ് പറഞ്ഞു.
ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണു സംഭവം. അച്ഛനും അമ്മയ്ക്കും വയ്യാതായെന്നു പറഞ്ഞു കുട്ടികളിലൊരാൾ കഞ്ഞിക്കുഴിയിലെ പരിചയക്കാരെ വിളിച്ചു. ഇവർ പുന്നയാറിൽ എത്തിയപ്പോൾ ബിജുവും ടിന്റുവും അതീവ ഗുരുതരാവസ്ഥയിലായിരുന്നു. ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.ബിജുവും ടിന്റുവും കഞ്ഞിക്കുഴിയിൽ ആറു മാസമായി ഹോട്ടൽ നടത്തുകയാണ്. ഇവർക്കു ലക്ഷക്കണക്കിനു രൂപയുടെ കടബാധ്യത ഉണ്ടായിരുന്നുവെന്നു നാട്ടുകാർ പറയുന്നു.
∙ ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക.ഹെൽപ്‌ലൈൻ നമ്പറുകൾ: 1056, 0471-2552056