ചിന്നക്കനാൽ ∙ അരിക്കൊമ്പനെ മയക്കുവെടിവച്ചു പിടികൂടുന്നതിനെതിരെയുള്ള ഹൈക്കോടതി വിധിയിൽ പ്രതിഷേധിച്ചു ചിന്നക്കനാൽ, ശാന്തൻപാറ മേഖലകളിൽ പ്രതിഷേധം ശക്തമാകുന്നു. ചിന്നക്കനാൽ സിങ്കുകണ്ടത്ത് നാട്ടുകാരുടെ നേതൃത്വത്തിൽ രാപകൽ സമരത്തിനു തുടക്കമായി. പൂപ്പാറയിൽ ജനകീയ മുന്നണി ധർണ നടത്തി.
ഇതിനിടെ, സിങ്കുകണ്ടത്ത് കഴിഞ്ഞദിവസം രാത്രിയിലും കാട്ടാനയാക്രമണമുണ്ടായി. ഇവിടെ താമസിക്കുന്ന വിൽസനു കാട്ടാനയിൽനിന്നു രക്ഷപ്പെട്ട് ഓടുന്നതിനിടെ വീണു പരുക്കേറ്റു. അരയേക്കറോളം സ്ഥലത്തെ ഏലംകൃഷിയും ഒറ്റയാൻ നശിപ്പിച്ചു. ചക്കക്കൊമ്പൻ എന്നു വിളിക്കുന്ന ഒറ്റയാനാണിതെന്നു നാട്ടുകാർ പറഞ്ഞു.
അരിക്കൊമ്പനു റേഡിയോ കോളർ മതിയെന്ന് വിദഗ്ധസമിതി ധാരണ
തിരുവനന്തപുരം ∙ ചിന്നക്കനാലിലെ ജനവാസമേഖലയിൽ നാശമുണ്ടാക്കുന്ന അരിക്കൊമ്പനെ റേഡിയോ കോളർ ഘടിപ്പിച്ച് ഉൾവനത്തിലേക്കു മാറ്റിയാൽ മതിയെന്നു ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതി. ഓൺലൈനായി ചേർന്ന വിദഗ്ധസമിതി യോഗത്തിലാണു തീരുമാനം.
കാട്ടാനയുടെ മദപ്പാടു മാറിയ ശേഷം നടപടി തുടങ്ങാമെന്നും അംഗങ്ങൾ അഭിപ്രായപ്പെട്ടു. റേഡിയോ കോളർ സ്ഥാപിക്കേണ്ടത് എപ്പോൾ, കാട്ടാനയെ ഏതു വനത്തിലേക്കു മാറ്റണം തുടങ്ങിയ കാര്യങ്ങളിൽ വരുംദിവസങ്ങളിൽ സമിതി തീരുമാനമെടുക്കും. ജനങ്ങളുടെ അഭിപ്രായം കൂടി കേട്ടാകും അന്തിമ റിപ്പോർട്ട് തയാറാക്കുക.