ADVERTISEMENT

തൊടുപുഴ ∙ ‘സാമൂഹിക സുരക്ഷാ സെസ്’ കടമ്പ കടക്കാൻ  അതിർത്തി കടക്കുകയാണ് മലയാളികൾ. ബജറ്റിൽ ധനമന്ത്രി പ്രഖ്യാപിച്ച 2 രൂപ സെസ് ഇന്നലെ മുതൽ ഇന്ധന വിലയ്ക്കൊപ്പം കേരളത്തിൽ നിലവിൽ വന്നു. അയൽ സംസ്ഥാനങ്ങളോടു ചേർന്നു കിടക്കുന്ന ജില്ലകളിൽ അതിർത്തി കടന്നാൽ ആശ്വാസം കിട്ടുമെന്നതാണ് സ്ഥിതി. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ഇടുക്കി ജില്ലയിൽ നിന്നും ഒട്ടേറെ പേർ അതിർത്തി കടന്ന് ഇന്ധനം വാങ്ങാൻ പോകുന്നു. തമിഴ്നാട്ടിൽ നികുതി വ്യത്യാസം മൂലമുണ്ടായ വിലക്കുറവാണ് ഇതിനു കാരണം. കേരളത്തിലേക്കാൾ ഏകദേശം 4 രൂപ കുറവിലാണ് ഇതുവരെ തമിഴ്നാട്ടിൽ പെട്രോൾ വിറ്റിരുന്നതെങ്കിൽ ഇന്നലെ മുതൽ അത് 6 രൂപയോളം വരും.

idukki-tn-petrol
തമിഴ്നാട് ഉദുമൽപേട്ട ഒമ്പതാറിൽ ഇന്നലത്തെ ഇന്ധനവില .

ലീറ്ററൊന്നിന് 6 രൂപ ലാഭമെന്നത്  ചെറിയകാര്യമല്ല. കേരളത്തിൽ 20 ലീറ്റർ വാങ്ങുന്ന പണം കൊണ്ട് തമിഴ്നാട്ടിൽ 21 ലീറ്റർ പെട്രോൾ വാങ്ങാം. സാമൂഹിക സുരക്ഷാ സെസ് നിലവിൽ വന്നതോടെ തമിഴ്നാട്ടിലേക്കു കടന്ന് ഇന്ധനമടിക്കുന്ന വാഹനങ്ങളുടെ എണ്ണം കൂടി. തമിഴ്നാട്ടിൽ പോയിവരുന്ന ചരക്കു വാഹനങ്ങളും ദിവസേന ജോലിക്കു പോയി വരുന്നവരും തമിഴ്നാട്ടിലേക്കു യാത്ര ചെയ്തു തിരികെ വരുന്നവരും അതിർത്തിക്കപ്പുറത്തു നിന്ന് ഫുൾടാങ്ക് അടിച്ചാണ് കേരളത്തിലേക്കു വരുന്നത്. 

പൂപ്പാറയിൽ പണ്ടേ പൊന്നുംവില

2 രൂപ അധിക സെസ് ഏർപ്പെടുത്തും മുൻപ് തന്നെ സംസ്ഥാനത്ത് ഇന്ധന വില ഏറ്റവും കൂടുതലുള്ള പമ്പുകളിലൊന്ന് അതിർത്തി ഗ്രാമമായ പൂപ്പാറയിലേതായിരുന്നു. ഇന്നലെ പൂപ്പാറയിലെ പമ്പിൽ പെട്രോളിന് 110.8 രൂപയും ഡീസലിന് 98.51 രൂപയുമാണ് വില. ബോഡിമെട്ടിൽ നിന്ന് 25 കിലോമീറ്റർ അകലെ ബോഡിനായ്ക്കന്നൂരിലെ പമ്പിൽ പെട്രോളിന് 104.25 രൂപയും ഡീസലിന് 95.61 രൂപയുമാണ് ഇന്നലത്തെ വില. പെട്രോളിനും ഡീസലിനും കൂടാതെ പച്ചക്കറികൾക്കും കേരളത്തിലേതിനേക്കാൾ കുറഞ്ഞ വിലയായതിനാൽ വാഹനമുള്ളവർ ബോഡിനായ്ക്കന്നൂരിൽ പോയി ആവശ്യത്തിന് ഇന്ധനവും നിത്യോപയോഗ സാധനങ്ങളും വാങ്ങി വരുന്നതും അതിർത്തി ഗ്രാമങ്ങളിലെ പതിവുകാഴ്ചയാണ്. 

കമ്പത്തെ പമ്പിനോട് കുമളിക്ക് കമ്പം

അതിർത്തി മേഖലയായ കുമളിയിൽ ഉള്ളവർക്ക് തമിഴ്നാട്ടിലേക്ക് കടന്നാൽ ഒരു ലീറ്റർ പെട്രോളിന് 5.20 രൂപയാണ് ലാഭം. ഡീസലിന് 2.35 രൂപയും കുമളിയിലെ പമ്പുകളിൽ പെട്രോളിന് 1.70, ഡീസലിന് 1.81 എന്ന നിരക്കിലാണ് സെസ് മൂലമുള്ള വർധന രേഖപ്പെടുത്തിയത്.കുമളിയിൽ നിന്ന് 8 കിലോമീറ്റർ സഞ്ചരിച്ചാൽ തമിഴ്‌നാട്ടിലുള്ള പമ്പിൽ എത്താം. പെട്രോളിന് തമിഴ്നാട് സർക്കാർ 3 രൂപ സബ്സിഡി കൊടുക്കുന്നതിനാൽ നേരത്തെ തന്നെ വിലയിൽ അന്തരം ഉണ്ടായിരുന്നു. കേരളം വീണ്ടും നിരക്ക് വർധിപ്പിച്ചതോടെയാണ് ഇത് ലീറ്ററിന് 5.20 രൂപയായി ഉയർന്നത്. 

തമിഴ്നാട്ടിലേക്ക് ദിവസവും വിവിധ ആവശ്യങ്ങൾക്ക് പോകുന്നവർ ധാരാളമാണ്. ഇനി മുതൽ ഇവർ  വാഹനങ്ങളിൽ തമിഴ്നാട്ടിലെ പമ്പുകളിൽ നിന്നായിരിക്കും ഇന്ധനം നിറയ്ക്കുക എന്നതിൽ സംശയമില്ല. ഇന്നലെ ഗൂഡല്ലൂർ, കമ്പം മേഖലകളിലെ എല്ലാ പമ്പുകളിലും കേരളത്തിൽ നിന്നുള്ള ഒട്ടേറെപ്പേർ  വാഹനങ്ങളിൽ ഫുൾടാങ്ക് നിറച്ചാണ് മടങ്ങിയതെന്ന് പമ്പിലെ ജീവനക്കാർ പറഞ്ഞു. 

പമ്പുടമകൾക്ക് ആശങ്ക

മുൻപു തന്നെ ഇന്ധനവിലയിൽ ഇരു സംസ്ഥാനങ്ങളും പുലർത്തിപ്പോന്ന അന്തരം തിരിച്ചടിയായിട്ടുണ്ടെന്ന് കേരളത്തിലെ പമ്പുടമകൾ പറയുന്നു. കേരളത്തിൽ വർധിക്കുന്ന ഓരോ രൂപയും തമിഴ്നാടിന് ഇന്ധന വകയിൽ വലിയ ലാഭമായി മാറുന്നു. അതിർത്തി പ്രദേശത്ത് കേരളത്തിനുള്ളിൽ പ്രവർത്തിക്കുന്ന പമ്പുകളിൽ വിൽപന ആറുമാസം കൊണ്ട് 50 ശതമാനത്തോളമാണ് താഴ്ന്നത്. ഇത് ആനുപാതികമായി തമിഴ്നാട്ടിൽ വർധിക്കുകയും ചെയ്തു. സെസ് കൂടി പ്രാബല്യത്തിൽ വന്നതോടെ ഇനിയും വിൽപന കുറയാനാണ് സാധ്യത. ഇത് കേരളത്തിന്റെ നികുതി വരുമാനം ഉദ്ദേശിച്ച ലക്ഷ്യം കൈവരിക്കുന്നതിനു തടസ്സമാകും. 

നടുവൊടിഞ്ഞ് ജനം

യാത്രയ്ക്കു സ്വന്തം വാഹനങ്ങളെ ആശ്രയിക്കുന്നവർക്ക്, വരുമാനത്തിന്റെ നല്ലൊരു ശതമാനവും പെട്രോൾ പമ്പുകളിൽ കൊടുക്കേണ്ട അവസ്ഥയാണ്. ഓട്ടോ–ടാക്സി തൊഴിലാളികളും കടുത്ത പ്രതിസന്ധിയിലാണ്. ഉയർന്ന ഡീസൽ വില ബസ് സർവീസുകൾക്കും വെല്ലുവിളിയാകുന്നു.  ഇന്ധനവില അവശ്യ സാധനങ്ങളുടെ വിലക്കയറ്റത്തിനും ഇടയാക്കുമെന്നതു ജനങ്ങളുടെ ആശങ്ക ഇരട്ടിയാക്കുന്നു. ഇക്കാര്യത്തിലും ആശ്വാസമാകുന്നത് തമിഴ്നാട് തന്നെ. നിത്യോപയോഗ സാധനങ്ങൾക്ക് തമിഴ്നാട്ടിലുള്ള വിലക്കുറവ് പ്രയോജനപ്പെടുത്തുകയാണ് ഇടുക്കിയുടെ അതിർത്തി ഗ്രാമങ്ങളിലുള്ളവർ. അതേസമയം ഇടുക്കിയുടെ ഉൾഗ്രാമങ്ങളിലുള്ളവർക്ക് വിലക്കയറ്റം സഹിക്കുകയല്ലാതെ വേറെ വഴിയില്ല.

6.19 രൂപ ചെറിയ തുകയല്ല

മറയൂരിൽ ഒരു ലീറ്റർ പെട്രോളിന് 109.93 രൂപയും 20 കിലോമീറ്റർ പിന്നിട്ട് അതിർത്തി കടന്നാൽ 103.74 രൂപയുമാണ്. ഡീസലിന് യഥാക്രമം 98.71 രൂപയും 95.29 രൂപയും. പെട്രോളിന് 6.19 രൂപയും ഡീസലിന് 3.42 രൂപയും കുറവാണ് തമിഴ്നാട്ടിൽ. കേരളത്തിൽ സെസ് രണ്ട് രൂപ കൂടിയായപ്പോൾ  തമിഴ്നാട്ടിലെ പമ്പുകളിൽ മലയാളികളുടെ തിരക്കു വർധിക്കുകയാണ്.

ഇനി ആശ്രയം തമിഴ്നാട്  മനോജ് മണ്ണിൽ, ചക്കുപള്ളം .

തമിഴ്നാട്ടിൽ വിവിധ ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്ന ആളാണ് ഞാൻ. ഒരു ലീറ്റർ പെട്രോളിലെ വിലക്കുറവ്  ചെറിയ കാര്യമല്ല. അതിനാൽ ഇനി മുതൽ തമിഴ്നാട്ടിലെ പമ്പുകളിൽ നിന്നായിരിക്കും  എന്റെ വാഹനത്തിന് പെട്രോൾ അടിക്കുക. ഇന്നലെ കമ്പത്ത് എത്തിയപ്പോൾ ഒട്ടേറെ കേരള റജിസ്ട്രേഷൻ വാഹനങ്ങൾ ഇന്ധനം നിറയ്ക്കാൻ  എത്തുന്നത് കണ്ടു. പച്ചക്കറി, പലവ്യജ്ഞനങ്ങൾ തുടങ്ങി സാധനങ്ങൾ വാങ്ങാൻ എത്തുന്നവരും തമിഴ്നാട്ടിൽ കൃഷിസ്ഥലങ്ങൾ ഉള്ളവരുമായ മലയാളികൾ ഇനി പെട്രോളിനും തമിഴ്നാടിനെ ആശ്രയിക്കുന്ന കാഴ്ചയാണ്  കാണാൻ പോകുന്നത്.

 ഉപജീവനം മുട്ടുന്ന അവസ്ഥ സാബു ആന്റണി, ടിപ്പർ ഡ്രൈവർ മറയൂർ

കേരളത്തിൽ തുടർച്ചയായി വില കൂട്ടുമ്പോൾ തമിഴ്നാട് സർക്കാർ കുറയ്ക്കുകയാണ് ചെയ്യുന്നത്. ഇപ്പോൾ സെസ് രണ്ടു രൂപ കൂടുമ്പോൾ മറയൂർ ഉൾപ്പെടെയുള്ള പിന്നാക്ക മേഖലയിൽ മറ്റ് അവശ്യ സാധനങ്ങൾക്കും വില കൂടും. ഇങ്ങനെ വില കൂടുമ്പോൾ ഉപജീവനം മുട്ടിപ്പോകുന്ന അവസ്ഥയാണ്. തമിഴ്നാട് സർക്കാർ ജനങ്ങൾക്ക് ഒട്ടേറെ ആനുകൂല്യങ്ങൾ ലഭ്യമാക്കുമ്പോൾ കേരള സർക്കാർ പല ആനുകൂല്യങ്ങളും വെട്ടി കുറച്ചിരിക്കുന്നത് നിരാശാജനകമാണ്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com