ADVERTISEMENT

രാജകുമാരി∙ ഓപ്പറേഷൻ അരിക്കൊമ്പന് ഹൈക്കോടതി വിലക്കേർപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ചിന്നക്കനാൽ സിങ്കുകണ്ടത്ത് നാട്ടുകാരുടെ രാപകൽ സമരം രണ്ടാം ദിനം പിന്നിട്ടു. സിപിഎം ജില്ല സെക്രട്ടറി സി.വി.വർഗീസ്, കെപിസിസി മുൻ വൈസ് പ്രസിഡന്റ് എ.കെ.മണി, തദ്ദേശ ജനപ്രതിനിധികൾ, കർഷക സംഘടന നേതാക്കൾ എന്നിവർ ഇന്നലെ സമരത്തിൽ പങ്കെടുത്തു. സിങ്കുകണ്ടത്തിന് സമീപം അരിക്കൊമ്പൻ ഉൾപ്പെടെയുള്ള കാട്ടാനകൾ തമ്പടിച്ചതിനാൽ സമര പന്തലിന് സമീപം പുലരുവോളം ആഴി പൂട്ടിയാണ് സമരം തുടരുന്നത്.

വിദഗ്ധ സമിതി നാളെ ചിന്നക്കനാലിൽ 

അരിക്കൊമ്പൻ കുങ്കിയാനയ്ക്ക് സമീപം.
അരിക്കൊമ്പൻ കുങ്കിയാനയ്ക്ക് സമീപം.

ഓപ്പറേഷൻ അരിക്കൊമ്പൻ വിഷയത്തിൽ ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതി അംഗങ്ങൾ നാളെ ചിന്നക്കനാൽ 301 കോളനി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ സന്ദർശനം നടത്തും. അഞ്ചംഗ വിദഗ്ധ സമിതിയിലെ നാലംഗങ്ങളാണ് ചിന്നക്കനാലിൽ എത്തുന്നത്. 4 ന് തന്നെ റിപ്പോർട്ട് തയാറാക്കി 5 ന് കോടതിയിൽ സമർപ്പിക്കാനാണ് വിദഗ്ധ സമിതിയുടെ തീരുമാനം. ഇതിന് മുന്നോടിയായി വിദഗ്ധ സമിതി ഓൺലൈനായി യോഗം ചേർന്നിരുന്നു.

ഹർജിക്കാരനെതിരെ പൊലീസിൽ പരാതി

അരിക്കൊമ്പനെ പിടികൂടരുതെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച ഹർജിക്കാരൻ വിവേകിനെതിരെ യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് കെ.എസ്.അരുൺ ഇടുക്കി ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകി. സമൂഹ മാധ്യമത്തിലൂടെ പൂപ്പാറ സ്വദേശികളെ ആക്ഷേപിക്കുകയും മനഃപൂർവം ലഹളയുണ്ടാക്കാൻ ശ്രമിച്ചെന്നും ആരോപിച്ചാണ് വിവേകിനെതിരെ പരാതി നൽകിയത്.

ധർണ നടത്തി

പൂപ്പാറ∙ ഓപ്പറേഷൻ അരിക്കൊമ്പന് വിലക്കേർപ്പെടുത്തിയ ഹൈക്കോടതി നിലപാടിൽ പ്രതിഷേധിച്ച് പൂപ്പാറയിൽ സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ ധർണ നടത്തി. കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെയും പരുക്കേറ്റവരെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള ധർണ സിപിഎം ജില്ല സെക്രട്ടറി സി.വി.വർഗീസ് ഉദ്ഘാടനം ചെയ്തു. ഡിസിസി ജനറൽ സെക്രട്ടറി സേനാപതി വേണു, ശാന്തൻപാറ പഞ്ചായത്ത് പ്രസിഡന്റ് ലിജു വർഗീസ്, യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് കെ.എസ്.അരുൺ, എസ്.വനരാജ്, എം.ഹരിശ്ചന്ദ്രൻ എന്നിവർ പങ്കെടുത്തു.

കേസിൽ സർക്കാരിന് വീഴ്ച പറ്റി: ഡീൻ കുര്യാക്കോസ് എംപി

അരിക്കൊമ്പൻ കേസിൽ സർക്കാരിന് വീഴ്ച സംഭവിച്ചെന്ന് ഡീൻ കുര്യാക്കോസ് എംപി. മേഖലയിൽ കാട്ടാനയുടെ ശല്യം മനുഷ്യനാശം വരുത്തിയിട്ടില്ലെന്ന റിപ്പോർട്ട് ആണ് കോടതിയിൽ സർക്കാർ അഭിഭാഷകൻ ഹാജരാക്കിയത്. സംഭവത്തിന്റെ ഗൗരവം വേണ്ട വിധത്തിൽ കോടതിയെ ധരിപ്പിക്കാൻ  സാധിച്ചില്ല.അതോടൊപ്പം വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും അഭിപ്രായ പ്രകടനങ്ങളും അരിക്കൊമ്പനെ പിടി കൂടേണ്ടതിന്റെ ഗൗരവം കോടതിയെ ധരിപ്പിക്കുന്നതിന് പര്യാപ്തമായില്ല. വർഷങ്ങളായി പേടി സ്വപ്നമായി മാറിയ അരിക്കൊമ്പനെ പിടിച്ചു കെട്ടുന്നതിന് പ്രതിപക്ഷം പൂർണ പിന്തുണയാണ് നൽകുന്നതെന്നും ഡീൻ പറഞ്ഞു.

അരിക്കൊമ്പൻ കുങ്കിയാനകൾക്ക് സമീപം

ചിന്നക്കനാൽ ∙ ചിന്നക്കനാൽ സിമന്റ് പാലത്തിന് സമീപം കുങ്കിയാന ക്യാംപിലെത്തിയ അരിക്കൊമ്പൻ കോന്നി സുരേന്ദ്രനെ ആക്രമിക്കാൻ ശ്രമിച്ചു. ഇന്നലെ വൈകുന്നേരം 5 നാണ് സംഭവം. ഏതാനും ദിവസങ്ങളായി അരിക്കൊമ്പനുൾപ്പെടെയുള്ള കാട്ടാനക്കൂട്ടം കുങ്കി ക്യാംപിന് സമീപത്ത് തമ്പടിച്ചിരിക്കുകയാണ്. ഇന്നലെ ക്യാംപിലെത്തിയ അരിക്കൊമ്പനെ കുങ്കിയാനകളുടെ പാപ്പാൻമാരും വനം വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് തുരത്തി. കോന്നി സുരേന്ദ്രന്റെ തൊട്ടു പിന്നിൽ വരെയെത്തിയ അരിക്കൊമ്പൻ ബഹളത്തെ തുടർന്നു പിൻവാങ്ങി. കുഞ്ചു, സൂര്യൻ, വിക്രം എന്നീ കുങ്കിയാനകളും ഇവിടെ തന്നെയാണുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com