ADVERTISEMENT

തൊടുപുഴ∙ തൊടുപുഴ – ഉടുമ്പന്നൂർ റൂട്ടിൽ മങ്ങാട്ടുകവല മുതൽ പാറേക്കവല വരെയുള്ള 18 കിലോമീറ്ററിനുള്ളിൽ യാത്രക്കാരുടെ കണ്ണിൽപെടാതെ ഒളിഞ്ഞിരിക്കുന്നത് 29 ഹംപുകൾ!. ഒന്നിൽ പോലും ഹംപ് ഉണ്ടെന്നു സൂചിപ്പിക്കുന്ന അടയാളവരകൾ ഇല്ലാത്തതാണ് പ്രശ്നമായിരിക്കുന്നത്. വേഗത്തിലെത്തുന്ന വാഹനങ്ങൾ ഹംപിനു തൊട്ടടുത്ത് എത്തുമ്പോഴാണ് ഇവ ഡ്രൈവറുടെ കണ്ണിൽപെടുന്നത്.

ഇരുചക്രവാഹനങ്ങൾ ഈ ഹംപുകളിൽ കയറി അപകടത്തിൽപെടുന്നത് പതിവാണ്. എല്ലാ ഹംപുകളുടെയും തൊട്ടടുത്തായി സഡൻബ്രേക്കിങ്ങിന്റെ പാടുകൾ ധാരാളമുണ്ട്.മികച്ച നിലവാരത്തിൽ നിർമിച്ചിരിക്കുന്ന റോഡായതിനാൽ നല്ല വേഗത്തിലാണ് ഇതുവഴി വാഹനങ്ങൾ സഞ്ചരിക്കാറുള്ളത്.

ആദ്യമായി ഈ റൂട്ടിൽ വരുന്നവർക്കാണ് ഹംപ് കൂടുതൽ പ്രശ്നമാകുന്നത്. വണ്ണപ്പുറം–ചേലച്ചുവട് റോഡ് വന്നതോടെ തൊടുപുഴ – ഉടുമ്പന്നൂർ റൂട്ടിൽ വാഹനങ്ങളുടെ എണ്ണം വർധിച്ചിട്ടുണ്ട്. ഗൂഗിൾ മാപ് നോക്കിയും മറ്റും ഇതുവഴി വരുന്ന ഒട്ടേറെ വാഹനങ്ങളുമുണ്ട്. റോഡിൽ ഹംപുകൾ പാടില്ലെന്ന് ഹൈക്കോടതി നിർദേശം നൽകുന്നതിനു മുൻപ് നിർമിച്ച റോഡാണിത്.

നിലവിലുള്ള ഹംപുകൾ റോഡുകളുടെ പുനർ നിർമാണ സമയത്ത് നീക്കം ചെയ്യണമെന്നും കോടതി നിർദേശത്തിലുണ്ടെങ്കിലും മികച്ച നിലവാരത്തിൽ നിർമിച്ചിരിക്കുന്ന ഈ പാതയ്ക്ക് ഉടനെയൊന്നും അറ്റകുറ്റപ്പണികൾ വേണ്ടി വരില്ലെന്ന് നാട്ടുകാർ പറയുന്നു. അപ്രതീക്ഷിതമായി ഹംപിൽ കയറി നിയന്ത്രണം വിട്ട് അപകടമുണ്ടായ സംഭവങ്ങൾ ഈ റൂട്ടിൽ ഏറെയുണ്ടെന്ന് ദൃക്സാക്ഷികൾ പറയുന്നു. പള്ളിക്കാമുറിയിലും ഏഴുമുട്ടത്തും ഇത്തരത്തിൽ അടുത്തിടെ അപകടമുണ്ടായിരുന്നു

. ഹംപുകൾ വ്യക്തമായി തിരിച്ചറിയുന്ന രീതിയിൽ അടയാളങ്ങൾ വരയ്ക്കുകയും 40 മീറ്റർ മുൻപായി സൂചനാ ബോർഡ് സ്ഥാപിക്കുകയും ചെയ്യണമെന്നാണ് കേന്ദ്ര ഗതാഗത മന്ത്രാലയം പൊതുമരാമത്ത് വകുപ്പുകൾക്കു നൽകിയിരിക്കുന്ന നിർദേശം. ഈ നിർദേശങ്ങളെല്ലാം കാറ്റിൽ പറത്തിയ പാതയായി തുടരുകയാണ് തൊടുപുഴ–ഉടുമ്പന്നൂർ റോഡ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com