ADVERTISEMENT

രാജകുമാരി∙ വനമേഖലയോടു ചേർന്നുള്ള സ്ഥലങ്ങളിൽ കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ റോഡിലിറങ്ങുന്നത് തടയാൻ ആവിഷ്കരിച്ച വൈൽഡ് ലൈഫ് ക്രോസിങ് പദ്ധതി കടലാസിൽ ഒതുങ്ങി. വന്യമൃഗങ്ങൾ റോഡിലിറങ്ങുന്നത് തടയാൻ നിലവിൽ സംവിധാനങ്ങളൊന്നുമില്ല. 

കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ സംസ്ഥാനത്തെ ആദ്യത്തെ വൈൽഡ് ലൈഫ് ക്രോസിങ് സൗകര്യമൊരുക്കാനുള്ള പദ്ധതിയാണ് ഒരു വർഷത്തിലധികമായി ഫയലിലുറങ്ങുന്നത്.‍ മൂന്നാർ മുതൽ ബോഡിമെട്ട് വരെയുള്ള 40 കിലോമീറ്റർ റോഡ് നിർമിക്കുമ്പോൾ വന്യമൃഗങ്ങൾക്ക് റോഡ് മുറിച്ചു കടക്കാൻ 2 അനിമൽ ബ്രിജസ് (മൃഗ പാലങ്ങൾ) നിർമിക്കുന്നതിനുള്ള പദ്ധതിയാണ് അധികൃതരുടെ അനാസ്ഥ മൂലം മുടങ്ങി കിടക്കുന്നത്. പദ്ധതിക്ക് ദേശീയ പാത വിഭാഗം അനുമതി നൽകിയിരുന്നു.  

ദേവികുളം ഗ്യാപ് റോഡിന് സമീപം വരയാടുകൾക്ക് റോഡ് മുറിച്ചു കടക്കാൻ 4 മീറ്റർ വീതിയിൽ മേൽപാലവും തോണ്ടിമല ചൂണ്ടലിന് സമീപം കാട്ടാനകൾക്കായി റോഡിന് താഴ്ഭാഗത്ത് കൂടി ഒരു ഇടനാഴി (അണ്ടർ പാസേജ്)യും നിർമിക്കാനായിരുന്നു തീരുമാനം. ഇതു കൂടാതെ കാട്ടാനകൾക്ക് റോഡ് മുറിച്ചു കടക്കാനായി 48 റാംപുകളും (ചെരിഞ്ഞ പ്രതലത്തോടു കൂടിയ വഴി) നിർമിക്കാൻ തീരുമാനിച്ചിരുന്നു.

2 അനിമൽ ബ്രിജസുകൾക്കായി 2.95 കോടി രൂപ നിർമാണ ചെലവ് വരുമെന്നായിരുന്നു വനം വകുപ്പിന്റെ നിഗമനം. ഭൂമി ഏറ്റെടുത്തതിന്റെ നഷ്ടപരിഹാരം, അനിമൽ ബ്രിജസ്, റാംപുകൾ എന്നിവയുടെ നിർമാണ ചെലവ് എന്നിവയ്ക്കായി ഒരു വർഷം മുൻപ് 7 കോടി രൂപ വനംവകുപ്പിന് ദേശീയപാത അധികൃതർ നൽകിയിരുന്നു. എന്നാൽ ദേശീയപാതയുടെ നിർമാണം പൂർത്തിയായിട്ടും മൃഗപാലങ്ങളുടെ നിർമാണം തുടങ്ങിയില്ല. 

മൂന്നാർ എംജി കോളനിക്കു സമീപം മേഞ്ഞുനടക്കുന്ന കാട്ടാനക്കൂട്ടം.
മൂന്നാർ എംജി കോളനിക്കു സമീപം മേഞ്ഞുനടക്കുന്ന കാട്ടാനക്കൂട്ടം.

അനിമൽ ബ്രിജസ് നിർമിക്കാനുള്ള സാങ്കേതിക പരി‍ജ്ഞാനമോ ഇതിനുള്ള സംവിധാനങ്ങളോ വനം വകുപ്പിന് ഇല്ലാത്തതിനാൽ ദേശീയപാത വിഭാഗമാണ് ഇതു നിർമിക്കേണ്ടതെന്നും ദേശീയപാത വിഭാഗം നൽകിയ പണം തിരിച്ചു നൽകാനാണ് വനം വകുപ്പിന്റെ തീരുമാനമെന്നും എസിഎഫ് ഷാൻട്രി ടോം പറഞ്ഞു.

എന്നാൽ വനം വകുപ്പിന് മുൻകൂറായി കൈമാറിയ പണം തിരികെ വാങ്ങാൻ സാങ്കേതിക തടസ്സങ്ങളുണ്ടെന്നാണ് ദേശീയപാത വിഭാഗം ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം കൊച്ചി-ധനുഷ്കോടി ദേശീയ പാതയിലെ ചൂണ്ടലിനു സമീപം  അരിക്കൊമ്പന്റെ ദേഹത്ത് കാർ ഇടിക്കുകയും കാർ യാത്രികന് പരുക്കേൽക്കുകയും ചെയ്തിരുന്നു. ഇത്തരത്തിലുള്ള അപകടങ്ങൾ ഒഴിവാക്കാൻ പദ്ധതിയിലൂടെ സാധിക്കുമെന്നായിരുന്നു പ്രതീക്ഷ. 

idukki news

കേരളം ആവശ്യപ്പെട്ടത് 29 കോടി

മൂന്നാർ മുതൽ ബോഡിമെട്ട് വരെയുള്ള ദേശീയപാത നിർമാണത്തിനായി (വൈൽഡ് ലൈഫ് ക്രോസിങ് പദ്ധതി ഉൾപ്പെടെ) വനംവകുപ്പിനു വേണ്ടി സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടത് 29 കോടി രൂപയെന്ന് ദേശീയപാത വിഭാഗം ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. അനിമൽ ബ്രിജസ്, റാംപുകൾ എന്നിവ നിർമിക്കുന്നതിനും വനം വകുപ്പിന്റെ അധീനതയിലുള്ള ഭൂമിയിൽ കൂടി റോഡ് നിർമിക്കുന്നതിനുള്ള നഷ്ട പരിഹാരവുമായാണ് ഇത്രയും രൂപ ആവശ്യപ്പെട്ടത്. 

ദേശീയപാത, കേന്ദ്ര പരിസ്ഥിതി, ധന വകുപ്പ് സെക്രട്ടറിമാരുടെ യോഗത്തിൽ ഇതിനെതിരെ രൂക്ഷ വിമർശനമുയർന്നു. രാജ്യത്ത് മറ്റൊരു സംസ്ഥാനത്തും ഒന്നര കോടിയിലധികം രൂപ ഇത്തരം ആവശ്യങ്ങൾക്ക് സംസ്ഥാന സർക്കാരുകൾക്കോ വനം വകുപ്പിനോ കൈമാറിയിട്ടില്ലെന്ന് ‍ ഉദ്യോഗസ്ഥർ അറിയിച്ചു. തുടർന്ന് കേരളം ആവശ്യപ്പെട്ട തുകയിൽ നിന്ന് 22 കോടി രൂപ വെട്ടിക്കുറച്ചാണ് 7 കോടി രൂപ അനുവദിക്കാൻ തീരുമാനിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com