ADVERTISEMENT

ചെറുതോണി∙ വർഷം 5 കഴിഞ്ഞിട്ടും മഹാപ്രളയത്തിൽ തകർന്ന ചേലച്ചുവട് - പെരിയാർവാലി ചെക്ക് ഡാമിന്റെ നടപ്പാലം പുനർ നിർമിക്കാത്തത് അപകടഭീഷണി ഉയർത്തുന്നു. പഞ്ചായത്തും ജലസേചന വകുപ്പും തമ്മിലുള്ള തർക്കം തുടരുന്നതാണ് പുനർനിർമാണം വൈകുന്നതിന് കാരണമെന്നു നാട്ടുകാർ പറയുന്നു. ഇതോടെ അറുപതോളം കുടുംബങ്ങൾ പ്രളയത്തെക്കാൾ വലിയ ദുരിതത്തിലായി ഇവിടെ. കഞ്ഞിക്കുഴി പഞ്ചായത്തിലെ രണ്ടു വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് പാലം. വർഷങ്ങൾക്കു മുൻപ് പ്രദേശത്തെ കർഷകർക്ക് കൃഷി ആവശ്യത്തിനായി ജലസേചന വകുപ്പ് ചുരുളി തോട്ടിൽ നിന്നുള്ള വെള്ളം തടഞ്ഞു നിർത്തിയാണ് ചെക്ക് ഡാം നിർമിച്ചത്.

ഇതോടനുബന്ധിച്ച് പ്രദേശവാസികൾക്ക് അക്കരെയിക്കരെ കടക്കുന്നതിനു ഒരു നടപ്പാലവും നിർമിച്ചു. 2018 ലെ മഹാപ്രളയത്തിൽ ചെക്ക് ഡാമിന് ഒപ്പം നടപ്പാലവും ഒലിച്ചു പോയതോടെയാണ് നാട്ടുകാരുടെ ദുരിതം തുടങ്ങുന്നത്. ഒലിച്ചുപോയ പാലത്തിനു പകരം തടി വെട്ടിയിട്ട് അതിനു മുകളിലൂടെ ജീവൻ പണയം വച്ച് ഞാണിന്മേൽ കളി നടത്തിയാണ് നാട്ടുകാർ ഇപ്പോൾ യാത്ര ചെയ്യുന്നത്. നടപ്പാലം പുനർനിർമിച്ചു നൽകണമെന്ന് ഇവർ നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും ജലസേചന വകുപ്പ് കേട്ട മട്ടു കാണിച്ചില്ല.

പദ്ധതി അവർ ഏറക്കുറെ ഉപേക്ഷിച്ച രീതിയിലാണെന്നു പ്രദേശവാസികൾ പറയുന്നു. ഈ സാഹചര്യത്തിൽ അറുപതോളം കുടുംബങ്ങളുടെ ആശ്രയമായ നടപ്പാലം കഞ്ഞിക്കുഴി പഞ്ചായത്ത് പുനർനിർമിച്ചു നൽകണമെന്നാണ് ആവശ്യം. കാലവർഷം അടുത്തെത്തിയതോടെ ഇവിടത്തെ കുടുംബങ്ങൾ ഭീതിയിലാണ്. മഴക്കാലത്ത് ചുരുളി തോട് കര കവിയുന്നതോടെ കിലോ മീറ്ററുകൾ ഏറെ ചുറ്റി സഞ്ചരിച്ചു വേണം പ്രദേശവാസികൾക്ക് ലക്ഷ്യസ്ഥാനത്ത് എത്താൻ. ഈ സാഹചര്യം മനസ്സിലാക്കി യുദ്ധകാലാടിസ്ഥാനത്തിൽ പാലം നിർമിച്ചു നൽകണമെന്നാണ് നാട്ടുകാരുടെ അപേക്ഷ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com