രാജകുമാരി ∙ ആനയിറങ്കൽ ജലാശയത്തോട് ചേർന്നു ശാന്തൻപാറ, ചിന്നക്കനാൽ പഞ്ചായത്തുകളിലെ പ്രദേശങ്ങളിൽ അരിക്കൊമ്പന്റെ ഭീതിയൊഴിഞ്ഞിട്ട് ഇന്ന് ഒരു മാസം തികയുന്നു. ഇൗ മേഖലകളിൽ വീടുകളും കടകളും ആക്രമിച്ച് അരിയും ഭക്ഷണ സാധനങ്ങളും അകത്താക്കിയിരുന്ന അരിക്കൊമ്പനെ കഴിഞ്ഞ മാസം 29നാണ് മയക്കുവെടിവച്ച് പിടികൂടി കുങ്കിയാനകളുടെ സഹായത്തോടെ പെരിയാർ വന്യജീവി സങ്കേതത്തിലേക്ക് മാറ്റിയത്.
കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെ കമ്പം, ചുരുളി എന്നിവിടങ്ങളിലെ ജനവാസ മേഖലകളിലിറങ്ങിയ അരിക്കൊമ്പൻ വീണ്ടും വാർത്തകളിൽ നിറയുമ്പോഴും 2 പതിറ്റാണ്ടിനിടെ കഴിഞ്ഞ ഒരു മാസമാണ് സമാധാനത്തോടെ വീടുകളിൽ കിടന്നുറങ്ങിയതെന്ന് ഇൗ നാട്ടുകാർ പറയുന്നു. ജനുവരി 31നു വനം മന്ത്രിയുടെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ ചേർന്ന യോഗത്തിൽ അരിക്കൊമ്പനെ കൂടാതെ ചക്കക്കൊമ്പൻ, മുറിവാലൻ കൊമ്പൻ എന്നീ ഒറ്റയാൻമാരെയും കാടു കടത്തണമെന്നു ജനപ്രതിനിധികളെല്ലാവരും ആവശ്യപ്പെട്ടിരുന്നു.
എന്നാൽ അരിക്കൊമ്പനെ മാത്രം മാറ്റിയാൽ മതിയെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ തീരുമാനിക്കുകയായിരുന്നു. ഭക്ഷണം തേടി വീടുകളും കടകളും തകർക്കുന്നത് അരിക്കൊമ്പൻ മാത്രമാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. അരിക്കൊമ്പനെ കാടുകടത്തിയ ശേഷം കഴിഞ്ഞ ഒന്നിന് ചിന്നക്കനാൽ മോണ്ട്ഫോർട്ട് സ്കൂളിനു സമീപത്തെ ഒരു ഷെഡ് കാട്ടാന തകർത്തിരുന്നു. 6നു സിംഗുകണ്ടത്തെ ഒരു ഷെഡും കാട്ടാന തകർത്തു. എന്നാൽ ഇൗ ഷെഡുകളിലൊന്നും ആൾ താമസമുണ്ടായിരുന്നില്ല. അതേസമയം, അരിക്കൊമ്പൻ ആൾത്താമസമുള്ള വീടുകളും റേഷൻ കടകളും മാത്രമാണ് തകർത്തിരുന്നതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.
കാവലില്ലാതെ റേഷൻ കട
ഇപ്പോൾ രാത്രിയിൽ റേഷൻ കടയ്ക്ക് കാവൽ കിടക്കേണ്ട അവസ്ഥയില്ലെന്ന് ശാന്തൻപാറ പന്നിയാറിലെ റേഷൻ കട ഉടമ പി.എൽ.ആന്റണി പറയുന്നു. അരിക്കൊമ്പൻ തകർത്ത റേഷൻ കടയുടെ പുനർ നിർമാണം പൂർത്തിയാകുകയാണ്. കഴിഞ്ഞ ജനുവരി 1 മുതൽ ഏപ്രിൽ 29 വരെ 5 തവണയാണ് അരിക്കൊമ്പൻ ഇൗ റേഷൻ കട തകർത്തത്.
ഒരു പതിറ്റാണ്ടിനിടെ 11 തവണ അരിക്കൊമ്പൻ ഇൗ റേഷൻ കട ആക്രമിച്ചു. ഇത് കൂടാതെ ആനയിറങ്കൽ, ചിന്നക്കനാൽ എന്നിവിടങ്ങളിലെ റേഷൻ കടയ്ക്കു നേരെയും പല തവണ അരിക്കൊമ്പന്റെ ആക്രമണമുണ്ടായിട്ടുണ്ട്.