ADVERTISEMENT

ഓരോ അധ്യയന വർഷവും ജില്ലയിൽ കുട്ടികൾ നേരിടുന്ന പ്രധാന പ്രശ്നമാണ് സ്കൂളിലേക്കുള്ള യാത്രാദുരിതം. കെഎസ്ആർടിസി ഉൾപ്പെടെ മുൻപുണ്ടായിരുന്ന പല സർവീസുകളും നിലച്ചതും നിലവിലുള്ള സർവീസുകൾ കൃത്യമായി നടത്താത്തതും യാത്രാക്ലേശം രൂക്ഷമാക്കുന്നു. പുതിയൊരു അധ്യയന വർഷം അടുത്തെത്തിയിട്ടും കുട്ടികളുടെ യാത്രാദുരിതത്തിന് പരിഹാരം അകലെത്തന്നെ...

∙അടിമാലിയിലെ റൂട്ടുകളിൽ ഇനിയെങ്കിലും ബസ് ഓടണം

അടിമാലിയിലെ ഇരുന്നൂറേക്കർ - മെഴുകുംചാൽ റോഡ് നിർമാണം നടന്നിട്ട് വർഷങ്ങൾ പിന്നിടുകയാണ്. ഇതുവഴി ബസ് ഗതാഗതം ആരംഭിക്കുന്നതിന് നടപടി ഉണ്ടായിട്ടില്ല. കൊച്ചി - ധനുഷ്കോടി ദേശീയ പാതയിലെ ഇരുമ്പുപാലവും അടിമാലി- കുമളി പാതയിലെ ഇരുന്നൂറേക്കറുമായി ബന്ധിപ്പിക്കുന്ന സമാന്തര പാതയാണിത്. പണിക്കൻകുടി- കൊമ്പൊടിഞ്ഞാൽ- കൊന്നത്തടി- കാക്കാസിറ്റി- മുതിരപ്പുഴ വഴി കല്ലാർകുട്ടിയിൽ എത്തുന്ന റോഡിൽ മുൻപ് ബസ് സർവീസ് ഉണ്ടായിരുന്നു.

2018 ലെ പ്രളയത്തിൽ റോഡ് തകർന്നതോടെ ബസ് സർവീസ് നിലച്ചു. വീണ്ടും റോഡ് നിർമാണം നടന്നെങ്കിലും ബസ് ഗതാഗതം പുനരാരംഭിച്ചിട്ടില്ല. അടിമാലിയിൽ നിന്ന് കൊരങ്ങാട്ടി വഴി മാങ്കുളത്തിന് ബസ് സർവീസ് വേണം. കല്ലാർ വഴിയാണ് ഇപ്പോൾ ബസ് സർവീസ് ഉള്ളത്. കുരങ്ങാട്ടി വഴി സർവീസ് ആരംഭിച്ചാൽ കുറഞ്ഞ ദൂരത്തിൽ അടിമാലിയിലെത്താം.

∙ഗ്രാമീണ മേഖലയെ കൈവിട്ട് കെഎസ്ആർടിസി

കട്ടപ്പനയുടെയും സമീപ പഞ്ചായത്തുകളുടെയും പരിധിയിലുള്ള ഗ്രാമീണ മേഖലകളിലേക്ക് സ്വകാര്യ ബസുകൾ മാത്രമാണ് ആശ്രയം. പല റൂട്ടുകളിലും ഒന്നോ രണ്ടോ ബസുകളാണ് സർവീസ് നടത്തുന്നത്. അവ നിലച്ചാൽ യാത്രാക്ലേശം രൂക്ഷമാകും. ഇത്തരം റൂട്ടുകളിൽ കെഎസ്ആർടിസി ബസുകൾ സർവീസ് നടത്താത്തതും ജനങ്ങളെ വലയ്ക്കുന്നു. കോഴിമല അടക്കമുള്ള സ്ഥലങ്ങളിലേക്ക് സ്കൂൾ സമയങ്ങളിൽ ഉൾപ്പെടെ കെഎസ്ആർടിസി ബസുകൾ ഇല്ല.

രാവിലെ 10.15നാണ് കട്ടപ്പനയിൽ നിന്ന് കോഴിമലയ്ക്ക് ബസ് ഉള്ളത്. വൈകിട്ട് 4 മണിക്കുള്ള സർവീസ് കടമാക്കുഴിയിൽ നിന്നാണ് കോഴിമലയ്ക്കു പോകുന്നത്. എഴുകുംവയൽ, വലിയതോവാള തുടങ്ങിയ സ്ഥലങ്ങളിലേക്കും കട്ടപ്പന ഡിപ്പോയിൽ നിന്ന് സർവീസ് ഇല്ല.

കാഞ്ചിയാർ പഞ്ചായത്തിലെ മേപ്പാറയ്ക്ക് പോയശേഷം തിരികെയെത്തി തൊടുപുഴയ്ക്ക് പോകുന്ന രീതിയിൽ ഒരു സർവീസ് ഉണ്ടായിരുന്നെങ്കിലും വരുമാനം കുറവാണെന്ന കാരണത്താൽ മേപ്പാറയ്ക്കു പോകാതായിട്ട് വർഷങ്ങളായി. മേപ്പാറ മേഖലയിലെ തോട്ടം തൊഴിലാളികൾക്കും വിദ്യാർഥികൾക്കുമെല്ലാം ഉപകാരപ്രദമായിരുന്ന സർവീസാണിത്.

∙റോഡുകളുണ്ടെങ്കിലും കാൽനട തന്നെ ശരണം

സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴും ജില്ലാ ആസ്ഥാന മേഖലയിലെ വിവിധ പഞ്ചായത്തുകളിൽ കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കാൻ നടപടിയില്ല. പലയിടത്തും ഒട്ടേറെ കിലോമീറ്റർ കാൽനടയായി യാത്ര ചെയ്താണ് കുട്ടികൾ സ്കൂളിൽ എത്തുന്നത്. മരിയാപുരത്ത് ഗതാഗത യോഗ്യമായ ഒട്ടേറെ റോഡുകൾ ഉണ്ടെങ്കിലും പഞ്ചായത്തിന്റെ രണ്ട് അതിരുകളിലൂടെ മാത്രമാണ് യാത്രാബസുകൾ ഇപ്പോഴും സഞ്ചരിക്കുന്നത്.

ഇതിനാൽ ഉപ്പുതോട്, വിമലഗിരി, ന്യൂ മൗണ്ട്, കരിക്കിൻതോളം, ചിറ്റടിക്കവല, മറ്റപ്പിള്ളി കവല തുടങ്ങി ഒട്ടേറെ പ്രദേശങ്ങളിൽ നിന്നുള്ള കുട്ടികൾ രാവിലെയും വൈകിട്ടും ഏറെ ദൂരം കാൽനടയാത്ര ചെയ്യണം. കഞ്ഞിക്കുഴി പഞ്ചായത്തിലും സ്ഥിതി ഇതു തന്നെ. ചേലച്ചുവട് –

വണ്ണപ്പുറം വഴിയോര മേഖലകളിലെ കുട്ടികൾക്ക് യാത്രാ സൗകര്യം ഉണ്ടെങ്കിലും ഉൾനാടൻ മേഖലകളിൽ നിന്നുള്ളവർ സ്കൂളിലെത്താൻ ഇപ്പോഴും കിലോമീറ്ററുകൾ ഏറെ നടക്കണം. കാമാക്ഷി, വാത്തിക്കുടി പഞ്ചായത്തുകളിലും സ്ഥിതി വ്യത്യസ്തമല്ല. സ്കൂൾ ബസുകൾ ഒട്ടുമിക്ക മേഖലകളിലും എത്തുന്നുണ്ടെങ്കിലും നിർധന വിദ്യാർഥികൾക്ക് ഇതു പ്രയോജനപ്പെടുന്നുമില്ല.

∙തോട്ടം മേഖലയ്ക്ക് ആശ്രയം ഓട്ടോയും ജീപ്പും മാത്രം

മൂന്നാറിലെ തോട്ടം മേഖലയിൽ നിന്നുള്ള കുട്ടികൾക്ക് യാത്രാമാർഗം ഓട്ടോകളും ട്രിപ്പ് ജീപ്പുകളും മാത്രമാണ്. എസ്റ്റേറ്റ് മേഖലകളിൽ നിന്നു മൂന്നാറിലേക്ക് ബസുകൾ ഇല്ലാത്തതാണ് ഇതിനു കാരണം. വൻതുക നൽകി ഓട്ടോ, ജീപ്പ് തുടങ്ങിയവയിലാണ് വർഷങ്ങളായി തൊഴിലാളികളുടെ മക്കൾ പഴയമൂന്നാർ, നല്ലതണ്ണി എന്നിവിടങ്ങളിലെ സ്കൂളുകളിലെത്തി പഠനം നടത്തുന്നത്.

സൈലന്റ് വാലിയിൽ നിന്ന് അഞ്ചു വർഷം മുൻപു മൂന്നാറിലേക്ക് ഒരു കെഎസ്ആർടിസി സർവീസ് നടത്തിയിരുന്നു. ഈ മേഖലയിൽ നിന്നുള്ള കുട്ടികൾക്ക് ഈ ബസ് വളരെ ഉപകാരമായിരുന്നു. എന്നാൽ 2018ലെ പ്രളയത്തിൽ റോഡ് തകർന്നതിനെ തുടർന്ന് തോട്ടം മേഖലയിൽ നിന്നുള്ള ഏക ബസും ഓട്ടം നിർത്തിയതോടെ ഓട്ടോ, ജീപ്പ് എന്നിവ മാത്രമാണ് കുട്ടികളുടെ ആശ്രയം.

∙സ്കൂളിലെത്താൻ നടക്കണം 4 കിലോമീറ്റർ

വൈകുന്നേരത്തെ കെഎസ്ആർടിസി സർവീസ് മുടങ്ങിയതിനാൽ അഴങ്ങാട്, മേലോരം മേഖലയിലെ വിദ്യാർഥികൾക്ക് ഇനി സ്കൂളിലെത്താൻ 4 കിലോമീറ്റർ കാൽനട യാത്രതന്നെ ശരണം. മുണ്ടക്കയത്തു നിന്നു പെരുവന്താനം– മേലോരം റൂട്ടിൽ സർവീസ് നടത്തിയിരുന്ന കെഎസ്ആർടിസി വൈകുന്നേരത്തെ ട്രിപ്പ് മുടക്കിയതാണ് വിദ്യാർഥികൾക്ക് പ്രതിസന്ധിയായിരിക്കുന്നത്.

4.30നു സ്കൂൾ പടിക്കൽ എത്തിയിരുന്ന ബസ് ഇപ്പോൾ ഓടുന്നില്ല. ഈ സാഹചര്യത്തിൽ കുറുക്കുവഴി കയറിയാലും കുറഞ്ഞതു 40 മിനിറ്റ് നടക്കേണ്ട ഗതികേടിലാണ് കുട്ടികൾ.

∙മണക്കാട് – അരിക്കുഴ വഴി ബസ് വേണം

തൊടുപുഴ–മണക്കാട്–അരിക്കുഴ–പണ്ടപ്പിള്ളി–മൂവാറ്റുപുഴ റൂട്ടിൽ യാത്രാക്ലേശം രൂക്ഷമാണ്. സ്കൂൾ തുറക്കുന്നതോടെ സാധാരണക്കാരായ ഒട്ടേറെ വിദ്യാർഥികളെ ഇതു ദുരിതത്തിലാക്കും. മണക്കാട് ഹയർസെക്കൻഡറി സ്കൂൾ, അരിക്കുഴ ഗവ. ഹൈസ്കൂൾ തുടങ്ങി ഏഴോളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈ റൂട്ടിലുണ്ട്.

നിലവിൽ നാമമാത്രമായ സ്വകാര്യ ബസുകൾ മാത്രമാണ് ഓടുന്നത്. ഇപ്പോൾ മൂവാറ്റുപുഴ വരെയുള്ള ഈ റോഡ് ഉന്നത നിലവാരത്തിൽ പണി പൂർത്തിയായി. ഈ സാഹചര്യത്തിൽ അടിയന്തരമായി ബസ് സർവീസുകൾ പുനരാരംഭിച്ച് യാത്രാക്ലേശത്തിനു പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

∙രോഗികളെയെങ്കിലും പരിഗണിക്കണം

തൊടുപുഴ - ഏഴല്ലൂർ - പൈങ്ങോട്ടൂർ റൂട്ടിൽ കെഎസ്ആർടിസി ഷട്ടിൽ സർവീസ് ആരംഭിക്കാൻ നടപടിയില്ലാത്തതു വിദ്യാർഥികളെ ഏറെ വലയ്ക്കുന്നു. അൽ അസ്ഹർ മെഡിക്കൽ കോളജ് ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ സ്ഥിതി ചെയ്യുന്ന റൂട്ടിൽ ബസ് സർവീസുകൾ കുറവായതിനാൽ വിദ്യാർഥികളും രോഗികളുമടക്കമുള്ള യാത്രക്കാർ ഏറെ ബുദ്ധിമുട്ടിലാണ്. തൊടുപുഴ നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും വിവിധ സ്കൂളുകളിൽ പഠിക്കുന്ന ഒട്ടേറെ വിദ്യാർഥികൾ ഈ മേഖലകളിലുണ്ട്.

ഈ റൂട്ടിൽ ആകെ 6 സ്വകാര്യ ബസുകൾ മാത്രമാണ് സർവീസ് നടത്തുന്നത്. രാവിലെയും വൈകിട്ടും തിരക്കുള്ള സമയങ്ങളിൽ ആവശ്യത്തിന് ബസില്ല. വർഷങ്ങൾക്കു മുൻപു തൊടുപുഴ ഡിപ്പോയിൽ നിന്നു ഈ റൂട്ടിൽ കെഎസ്ആർടിസി സർവീസ് നടത്തിയിരുന്നതാണ്. പിന്നീട്, ഇതു നിർത്തലാക്കി. ബസ് സർവീസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ മന്ത്രിക്കും കെഎസ്ആർടിസി അധികൃതർക്കും നിവേദനം നൽകിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ല.

∙ ജനകീയൻ ബസ് മാത്രം പോരാ

ഇടുക്കി – കോട്ടയം ജില്ലകളുടെ അതിർത്തി ഗ്രാമമായ മറ്റത്തിപ്പാറയിലെ കുട്ടികൾ സ്കൂളിലെത്താൻ വാഹനസൗകര്യമില്ലാതെ ബുദ്ധിമുട്ടുകയാണ്. കരിങ്കുന്നത്തു നിന്ന് തുടങ്ങി മറ്റത്തിപ്പാറ വഴി നീലൂരിൽ അവസാനിക്കുന്ന റൂട്ടിൽ നാട്ടുകാർ മുൻകയ്യെടുത്ത് നടത്തിക്കൊണ്ടുപോകുന്ന ഒരു ‘ജനകീയൻ’ ബസ് മാത്രമാണുള്ളത്.

ഏറെ ജനവാസമുള്ള ഈ പ്രദേശത്ത് 7–ാംക്ലാസ് വരെയുള്ള ഒരു സ്കൂളാണ് ഉള്ളത്. തുടർപഠനത്തിനായി കുട്ടികൾക്ക് കരിങ്കുന്നത്തോ കോട്ടയം ജില്ലയിലെ നീലൂരിലോ മാനത്തൂരോ എത്തണം. മൂന്നു സ്ഥലങ്ങളിലേക്കും നല്ല ദൂരവുമുണ്ട്. മുൻപ് കെഎസ്ആർടിസി ഈ റൂട്ടിൽ സർവീസ് നടത്തിയെങ്കിലും ചുരുങ്ങിയ കാലം കൊണ്ട് നിലച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com