ADVERTISEMENT

ഒരു അരിക്കൊമ്പനിൽ തീരുന്നതല്ല ഇടുക്കിയിലെ കാട്ടാനക്കലി. തമിഴ്നാട് കമ്പത്തും ചോരവീഴ്ത്തി അരിക്കൊമ്പൻ കലിയടങ്ങാതെ നിൽക്കുമ്പോഴും ഇടുക്കിക്കാർക്ക് ആശ്വാസമാകുന്നില്ല. തേക്കടിയിൽ വനംവകുപ്പ് ഉദ്യോഗസ്ഥനെ കാട്ടാന ചവിട്ടിയതും ഇന്നലെത്തന്നെ. കാട്ടാനയാക്രമണത്തിൽ മനുഷ്യന്റെ ചോരവീണും കണ്ണീർ വീണും കുതിരാത്ത മണ്ണ് ഇടുക്കിയിലില്ലെന്നു പറയേണ്ടിവരും. കാട്ടാനകൾ നാട്ടിൽ സ്വൈരവിഹാരം നടത്തുമ്പോഴും വനത്താൽ ഇടുക്കിയിലെ പൊതിയാൻ അധികൃതർ ശ്രമിക്കുമ്പോഴും നാടു ചോദിക്കുന്നു– ഇങ്ങനെ ദ്രോഹിച്ചാൽ ഞങ്ങളെന്തു കാട്ടാനാ!!! 

1. കീഴാന്തൂർ

മറയൂർ – കാന്തല്ലൂർ മേഖലയിൽ കാട്ടാനക്കൂട്ടം കൃഷിയിടത്തിൽ ഇറങ്ങുന്നതു പതിവാണ്. ഒരു വർഷത്തിനിടെ ആളപായം ഉണ്ടായില്ലെങ്കിലും കൃഷി മേഖലയിൽ ഇറങ്ങി വിളകൾ നശിപ്പിക്കുന്നതു തുടരുന്നു. ഇപ്പോൾ ഏറ്റവും കൂടുതൽ കൊമ്പന്മാർ ഇറങ്ങുന്നതു കീഴാന്തൂരിലാണ്. കാരയൂർ ചന്ദന റിസർവ് മുറിച്ചുകടക്കുന്ന കാട്ടാനകൾ ശിവൻപന്തി,

വെട്ടുകാട് ഭാഗങ്ങളിൽ റോഡു കടന്ന് കൃഷിയിടത്തിൽ ഇറങ്ങുന്നു. കീഴാന്തൂർ മേഖലയിൽ പച്ചക്കറി നശിപ്പിച്ച് ആടിവയൽ, കുളച്ചിവയൽ കടന്ന് പെരുമല വരെ എത്തുന്നു. ഇടവേളയ്ക്കു ശേഷം  ഒരു മാസമായി വീണ്ടും കാട്ടാന ശല്യം അതിരൂക്ഷമായി. രാത്രിയാത്രയും ദുഷ്കരമായി.

മറയൂർ കാന്തല്ലൂർ റോഡിൽ വെട്ടുകാട് ഭാഗത്ത് തിങ്കളാഴ്ച രാത്രി റോഡ് മുറിച്ച് കൃഷിയിടത്തിലേക്ക് കടക്കുന്ന കൊമ്പൻ.
മറയൂർ കാന്തല്ലൂർ റോഡിൽ വെട്ടുകാട് ഭാഗത്ത് തിങ്കളാഴ്ച രാത്രി റോഡ് മുറിച്ച് കൃഷിയിടത്തിലേക്ക് കടക്കുന്ന കൊമ്പൻ.

2. കുണ്ടള, 12. മൂന്ന‍ാർ

ജില്ലയിൽ കാട്ടാന ശല്യം ഏറ്റവുമധികം നടന്നത് മൂന്നാറിലെ തോട്ടം മേഖലയിലാണ്. കന്നിമലവെസ്റ്റിലെ ബാലസുബ്രഹ്മണ്യന്റെ റേഷൻ കട - 3, ലോവർ ഡിവിഷനിലെ ബാലഗംഗാധറിന്റെ റേഷൻ കട - 6, കടലാർ വെസ്റ്റിലെ റേഷൻ കട - 4 തവണ വീതമാണ് കാട്ടാന ഒരു വർഷത്തിനിടെ തകർത്തത്. കടലാർ ഫാക്ടറി ഡിവിഷനിൽ കുമാറിന്റെ പലചരക്കു കട 4 തവണയും, ചൊക്കനാട് ഫാക്ടറി ഡിവിഷനിൽ പുണ്യവേലിന്റെ പലചരക്കു കട 6 തവണയും കാട്ടാനകൾ തകർത്തു.

കെഎസ്ആർടിസി ബസുകൾ ഉൾപ്പെടെ ഒരു വർഷത്തിനിടയിൽ പതിനാറിലധികം വാഹനങ്ങൾക്ക് നേരെ കാട്ടാന ആക്രമണമുണ്ടായി.  ഗ്രഹാംസ് ലാൻഡിൽ പാതയോരത്ത് നിർത്തിയിട്ടിരുന്ന ലോറിയിൽ നിന്ന് 15 ചാക്ക് തേയില പടയപ്പ നശിപ്പിച്ചതാണ് അവസാന സംഭവം. നല്ലതണ്ണി കല്ലാറിലുള്ള പഞ്ചായത്ത് വക മാലിന്യ സംസ്കരണ പ്ലാന്റിന് നേരെ മൂന്നു മാസത്തിനിടെ നടന്ന കാട്ടാന ആക്രമണത്തിൽ 5 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി.

3. ചിന്നക്കനാൽ

ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ മുപ്പതോളം വീടുകൾക്കു നേരെ കാട്ടാനയാക്രമണമുണ്ടായി. പന്നിയാറിലെ റേഷൻ കട 5 തവണയും ആനയിറങ്കലിലെ റേഷൻ കടയും 2 തവണ കാട്ടാന തകർത്തു. ജനുവരി 25 ന് ശാന്തൻപാറ പഞ്ചായത്തിലെ പന്നിയാറിനു സമീപം വനം വകുപ്പ് താൽക്കാലിക വാച്ചർ കോഴിപ്പനക്കുടി സ്വദേശി ശക്തിവേലിനെ(51) കാട്ടാന കൊലപ്പെടുത്തി. 2022നവംബർ 21 ന് പൂപ്പാറ തലക്കുളം സ്വദേശിയായ സ്വാമിവേലിനെ(68) കൃഷിയിടത്തിലേക്കു പോകും വഴി കാട്ടാന കൊലപ്പെടുത്തി.

2021 ജൂലൈയിൽ പൂപ്പാറ കോരമ്പാറ സ്വദേശിനി വിമലയെ(46) തലക്കുളത്തെ കൃഷിയിടത്തിൽ വച്ച് കാട്ടാന കൊലപ്പെടുത്തി. 2022 മാർച്ച് 29 ന് സിങ്കുകണ്ടം തിരുവള്ളൂർ കോളനി കൃപാഭവനിൽ ബാബു(60)വിനെ വീടിന് സമീപം ഒറ്റയാൻ കൊലപ്പെടുത്തി. 2022ഫെബ്രുവരി 19 ന് പുലർച്ചെ തേനിയിൽ നിന്ന് മൂന്നാറിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസിനു നേരെ പൂപ്പാറ തോണ്ടിമലയ്ക്കു സമീപം 5 അംഗ കാട്ടാനക്കൂട്ടം ആക്രമണം നടത്തി.

കാട്ടാനക്കൂട്ടം നശിപ്പിച്ച കൃഷിയിടം (ഫയൽചിത്രം)
കാട്ടാനക്കൂട്ടം നശിപ്പിച്ച കൃഷിയിടം (ഫയൽചിത്രം)

ബസിന്റെ മുൻഭാഗത്തെ ചില്ല് പൂർണമായും തകർന്നു. 2022 ജൂലൈ 5 ന് ആനയിറങ്കലിനു സമീപം കാറിനു നേരെ കാട്ടാനയാക്രമണം ഉണ്ടായി. കഴിഞ്ഞ 23ന് രാത്രി കൊച്ചി-ധനുഷ്കോടി ദേശീയ പാതയിൽ ചൂണ്ടലിനു സമീപം റോഡിലിറങ്ങിയ ഒറ്റയാന്റെ ദേഹത്ത് കാർ ഇടിച്ച് കാർ യാത്രക്കാരനായ ചൂണ്ടൽ സ്വദേശി തങ്കരാജിന്(73) പരുക്കേറ്റു.

4. ഉടുമ്പൻചോല

തമിഴ്നാട് വനമേഖലയിൽ നിന്നു കാട്ടാനക്കൂട്ടം കൂട്ടത്തോടെ ഏലത്തോട്ടങ്ങളിലേക്കിറങ്ങുന്നുണ്ട്. ചതുരംഗപ്പാറ, ഉടുമ്പൻചോല, അരമനക്കാട് നമരി, ആടുകിടന്താൻ എന്നിവിടങ്ങളിലാണ് ആന ശല്യം. രാത്രി 8 ന് ശേഷം എത്തുന്ന കാട്ടാനക്കൂട്ടം പുലർച്ചെ ഏലത്തോട്ടങ്ങളിൽ നിന്നു മടങ്ങും. ഒരു കൊമ്പനും 3 പിടിയാനകളും ഒരു കുട്ടിയാനയും അടങ്ങുന്ന സംഘമാണ് എത്തുന്നത്. വനംവകുപ്പ്  പ്രദേശത്ത് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. 

5. തേക്കടി

പെരിയാർ ടൈഗർ‌ റിസർവിനോടു ചേർന്ന പ്രദേശത്ത് ഇടയ്ക്ക് കാട്ടാനക്കൂട്ടമിറങ്ങാറുണ്ട്. ഇന്നലെ വനംവകുപ്പ് ഉദ്യോഗസ്ഥനെ കാട്ടാന ചവിട്ടിയത് ഇവിടെവച്ചാണ്. 

6. വണ്ടിപ്പെരിയാർ

വണ്ടിപ്പെരിയാറിലെ വള്ളക്കടവ്, തങ്കമല, പെരുവന്താനം പഞ്ചായത്തിലെ കൊയിനാട്,അന്നാസ്, പുറക്കയം, ചെറുവള്ളിക്കുളത്തെ വളഞ്ചാൽ, പീരുമേട് പഞ്ചായത്തിലെ തോട്ടാപ്പുര, കച്ചേരിക്കുന്ന്, പ്ലാക്കത്തടം, സിവിൽ സ്റ്റേഷൻ റോഡ്,കുട്ടിക്കാനം എന്നിവിടങ്ങളിൽ ആണ് കാട്ടാനക്കൂട്ടം കൃഷി നശിപ്പിക്കുന്നത്. കർഷകരുടെ ഏലം, കുരുമുളക്, കാപ്പി, തെങ്ങ്, വാഴ, കമുക് തുടങ്ങിയവ നശിപ്പിക്കുകയും കയ്യാലകൾ, ഷെഡുകൾ എന്നിവ തകർക്കുകയും ചെയ്തിട്ടുണ്ട്. 

7. ഉപ്പുതറ

ഉപ്പുതറ പഞ്ചായത്തിന്റെ വനാതിർത്തിയോടു ചേർന്ന ജനവാസ മേഖലകളിൽ കാട്ടാനശല്യം രൂക്ഷമാണ്. വളകോട്-കണ്ണംപടി റോഡിൽ പലപ്പോഴും പകൽ സമയങ്ങളിലും കാട്ടാനകൾ ഇറങ്ങി നിൽക്കുന്നത് യാത്രാ തടസ്സം സൃഷ്ടിക്കാറുണ്ട്. ഈമാസം ആദ്യം വനം വകുപ്പിന്റെ 2 വാഹനങ്ങൾക്കുനേരെ പിടിയാന ആക്രമണം നടത്തിയിരുന്നു.

വനം വകുപ്പ് കിഴുകാനം സെക്‌ഷൻ ഓഫിസിനു സമീപം ഒറ്റയാൻ നിലയുറപ്പിച്ച സാഹചര്യവും ഉണ്ടായി.  2022 ജൂണിൽ സ്‌കൂട്ടറിൽ ക്ഷേത്രത്തിലേക്കു പോകുകയായിരുന്ന പൂജാരിയായ യുവാവിനെ കണ്ണംപടി കിഴുകാനത്ത് കാട്ടാന ഇടിച്ചിട്ടെങ്കിലും പരുക്കുകളോടെ രക്ഷപ്പെട്ടിരുന്നു. 

8. പൈനാവ്

ജില്ലാ ആസ്ഥാനത്തും കാട്ടാനശല്യം ഏറെയാണ്. റോഡിൽ ഗതാഗത തടസ്സം സൃഷ്ടിക്കാറുണ്ട്. 

9. മുള്ളരിങ്ങാട്

വണ്ണപ്പുറം പഞ്ചായത്തിലെ മുള്ളരിങ്ങാട് മേഖലയിൽ  ഒരു വർഷത്തിനുള്ളിൽ രണ്ടുതവണയാണ് കാട്ടാനശല്യമുണ്ടായത്. ഏക്കറുകണക്കിനു കൃഷി അന്ന് ആന നശിപ്പിച്ചു. നേര്യമംഗലം വനമേഖലയിൽ നിന്നാണ് ആന ഈ പ്രദേശത്ത് എത്തിയതെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു. കഞ്ഞിക്കുഴിയിലെ മക്കുവള്ളി, പൈനാവ്, പാൽക്കുളംമേട്, മനയത്തടം, കൈതപ്പാറ മേഖലകളിലും കാട്ടാനശല്യം പതിവാണ്.

10. വാളറ,  11. ആനക്കുളം

മാങ്കുളം ആനക്കുളം, തൊണ്ണൂറ്റാറ്, കോഴിയള കുട്ടി, കവിതക്കാട്, വിരിഞ്ഞ പാറ താളുംകണ്ടം കുടി, പാമ്പുംകയം, വിരിപാറ, മുനിപാറ എന്നിവിടങ്ങളിൽ കാട്ടാന ശല്യം രൂക്ഷമാണ്. കഴിഞ്ഞ ഒക്ടോബർ 13 ന് പുലർച്ചെ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന കുറ്റപ്പാല ജോണി - ഡെയ്സി ദമ്പതികളെ ആനക്കുളത്തിനു സമീപം കാട്ടാന ആക്രമിച്ചു. തലനാരിഴയ്ക്കാണ് ഇരുവരുടെയും ജീവൻ തിരികെ ലഭിച്ചത്.

കഴിഞ്ഞ 5 വർഷത്തിനുള്ളിൽ ഒട്ടേറെ കർഷകരുടെ കൃഷി ദേഹണ്ഡങ്ങളാണ് കാട്ടാനക്കൂട്ടം നശിപ്പിച്ചത്. പള്ളിവാസൽ പഞ്ചായത്തിലെ പീച്ചാട്, കുരിശുപാറ, പന്ത്രണ്ടാം മൈൽ മേഖലകളിലും ശല്യം രൂക്ഷമാണ്. 3 മാസം മുൻപ് കാട്ടാനയുടെ ആക്രമണത്തിൽ നിന്നു രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ അതിഥിത്തൊഴിലാളി പാറക്കെട്ടിൽ നിന്നു വീണു മരിച്ചിരുന്നു.

കൊച്ചി - ധനുഷ്കോടി ദേശീയ പാതയിൽ നേര്യമംഗലം വനമേഖലയിൽ കാട്ടാനയുടെ സാന്നിധ്യം വർധിക്കുകയാണ്. ഒരു മാസം മുൻപ് അഞ്ചാം മൈലിൽ ബൈക്ക് യാത്രികനെ പട്ടാപ്പകൽ കാട്ടാന ആക്രമിച്ചു. തലനാരിഴയ്ക്കാണ് യുവാവ് രക്ഷപ്പെട്ടത്. പഴമ്പിള്ളിച്ചാൽ, മെഴുകുംചാൽ, ഒഴുകത്തടം, കുറത്തിക്കുടി എന്നിവിടങ്ങളിലും കാട്ടാന ശല്യം രൂക്ഷമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com