നെടുങ്കണ്ടം ∙ കോമ്പയാർ സെന്റ് തോമസ് എൽപി സ്കൂളിൽ 3 വയസ്സുകാരി ഇന്ന് രണ്ടാം ക്ലാസിലേക്ക് ‘പ്രവേശനം’ നടത്തും. അസം സ്വദേശികളായ ലിയാനുഷ് – ഒറാൻ ദമ്പതികളുടെ മകളായ നവനീതയാണ് രണ്ടാം ക്ലാസിലേക്ക് നേരിട്ട് എത്തുന്നത്. നവനീതയുടെ സഹോദരങ്ങളായ ഗ്രേസി (10), നീലിമ (8), റിഷിത (6) എന്നിവർ സ്കൂളിലെ വിദ്യാർഥികളാണ്. ഒന്നാം ക്ലാസിൽ നിന്ന് ഇവർ 3 പേരും രണ്ടാം ക്ലാസിലേക്ക് പ്രവേശനം നേടി. ഇവർക്കൊപ്പമാണ് കൊച്ചു സഹോദരി നവനീതയും രണ്ടാം ക്ലാസിലേക്ക് വരുന്നത്.
കാരണം മാറ്റൊന്നുമല്ല, നവനീതയ്ക്ക് സഹോദരങ്ങളെ പിരിഞ്ഞിരിക്കാൻ കഴിയില്ല! അമ്മ ജോലിക്ക് പോകുമ്പോൾ ഒന്നിനും കുറവ് വരാതെ വളർത്തിയ അമ്മ തന്നെയാണ് നവനീതയ്ക്ക് ഗ്രേസി. ഈ ആത്മബന്ധം കണക്കിലെടുത്താണ് നവനീതയെ സഹോദരങ്ങൾക്ക് ഒപ്പമിരുത്താൻ അനുവദിച്ചത്. സഹോദരങ്ങളുടെ കൂടെയിരുന്ന് ഉച്ചവരെ നവനീത പഠിക്കും. ശേഷം ഉറക്കമാണ്. സഹോദരങ്ങൾ ഒത്തുചേർന്നാണ് കുഞ്ഞുസഹോദരി നവനീതയെ ഉറക്കുന്നത്. ഇവരുടെ മാതാപിതാക്കൾ പ്രദേശത്തെ ഏലത്തോട്ടത്തിലാണ് ജോലി ചെയ്യുന്നത്.
സഹോദരങ്ങൾക്കൊപ്പം സ്കൂൾ ഒന്നടങ്കം കുട്ടിയെ ഏറ്റെടുത്തു പരിപാലിക്കുമെന്ന് സ്കൂൾ ഹെഡ്മാസ്റ്റർ ബിജു ജോർജ്, മാനേജർ ഫാ. ജിപ്സൺ ചുള്ളി, ഫാ. ജോജോ കന്നപ്പള്ളി, അധ്യാപകരായ ജോബിൻ ജോർജ്, ബെന്നറ്റ് പോൾ, സിസ്റ്റർ ദീപ റോസ്, നിമ്മി ജോസ്, ബിന്ദു ബാബുരാജ് എന്നിവർ പറഞ്ഞു. മറ്റു കുട്ടികളുമായി ഇടപഴകിയ ശേഷം നവനീതയ്ക്ക് വരും വർഷം ഒന്നാം ക്ലാസിലേക്ക് പ്രവേശനം നൽകാനാണ് സ്കൂളിന്റെ തീരുമാനം. അതിഥിത്തൊഴിലാളികളുടെ 10 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. 10 പേരുടെയും ചെലവുകൾ സ്കൂൾ തന്നെ ഏറ്റെടുത്തു നടത്തുന്നു.
ഇന്ന് ഒന്നാം ക്ലാസിലേക്കു പ്രവേശനത്തിന് എത്തുന്ന കുട്ടികളിൽ അതിഥിത്തൊഴിലാളികളുടെ 4 കുട്ടികളുണ്ട്. സഹോദരങ്ങളായ സാക്ഷി ഭഗുലാൽ (7), ശിവം (9), സുഗേഷ് (10) എന്നിവരും മധ്യപ്രദേശ് സ്വദേശിയായ സോമി സോറനുമാണ് അവർ. അടിസ്ഥാന വിദ്യാഭ്യാസം നേടാനാണ് ഇവർക്ക് ഒന്നിൽ പ്രവേശനം നൽകിയിരിക്കുന്നത്. കഴിഞ്ഞ വർഷം നടന്ന സബ് ജില്ലാ കായികമേളയിൽ അതിഥി തൊഴിലാളി കുട്ടികളുടെ ബലത്തിലാണ് സ്കൂളിന് ഓവറോൾ കിരീടം ലഭിച്ചത്.