രാജകുമാരി∙ തമിഴ്നാട്ടിൽ നിന്നു കഞ്ചാവുമായി കേരളത്തിലെത്തിയ ദമ്പതികളെയും അതു വാങ്ങാനെത്തിയ യുവാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് ഉസിലംപട്ടി സ്വദേശി കുമാർ(33), ഭാര്യ രഞ്ജിത(27), ഇവരിൽ നിന്നു കഞ്ചാവ് വാങ്ങാനെത്തിയ ബൈസൺവാലി ടീ കമ്പനി വിഷ്ണു ഭവനിൽ വിഷ്ണു(22) എന്നിവരെയാണു 1.870 കിലോഗ്രാം കഞ്ചാവുമായി എസ്റ്റേറ്റ് പൂപ്പാറയിൽ ശാന്തൻപാറ പൊലീസ് അറസ്റ്റ് ചെയ്തത്.
ജില്ലാ പൊലീസ് മേധാവി വി.യു.കുര്യാക്കോസിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ശാന്തൻപാറ സിഐ മനോജ്കുമാർ, എസ്ഐമാരായ ജിജി ജോൺ, വി.ടി. ഏബ്രഹാം, സിപിഒമാരായ എം.ഡി.ഷിജു, അശ്വതി എന്നിവരടങ്ങുന്ന സംഘമാണു പ്രതികളെ പിടികൂടിയത്.
കുമാർ, രഞ്ജിത എന്നിവർ ഇരുചക്രവാഹനത്തിൽ എസ്റ്റേറ്റ് പൂപ്പാറയിലെത്തി കഞ്ചാവ് വിഷ്ണുവിനു കൈമാറുന്ന തിനിടെയാണു പൊലീസ് സംഘം സ്ഥലത്തെത്തി പിടികൂടിയത്. ഇവർ സഞ്ചരിച്ച 2 ഇരുചക്രവാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.