ADVERTISEMENT

ഏലപ്പാറ∙ ജംക്‌ഷനിലേക്ക് എത്തുന്ന വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനു വേണ്ടി പെട്ടിക്കടകൾ പൊളിച്ചുനീക്കി. ബസ് സ്റ്റാൻഡിനു പിൻവശത്തെ കടകളാണ് പഞ്ചായത്ത് പൊലീസിന്റെ സഹായത്തോടെ നീക്കം ചെയ്തത്. പെട്ടിക്കടകൾ മാറ്റണമെന്നു കാട്ടി പഞ്ചായത്ത് മാസങ്ങൾക്ക് മുൻപ് നോട്ടിസ് നൽകിയിരുന്നു. എന്നാൽ കട നടത്തുന്നവർ ഒഴിഞ്ഞു പോകാൻ കൂട്ടാക്കിയില്ല. തുടർന്ന് വീണ്ടും നോട്ടിസ് നൽകുകയായിരുന്നു. ഇതിനിടെ പെട്ടിക്കടകൾ പൊളിക്കുന്നതിനെതിരെ സിപിഎം പ്രാദേശിക നേതാക്കൾ രംഗത്തു വന്നു. ഇതോടെ ഭരണസമിതി പൊലീസ് സഹായം തേടി. 

പെട്ടിക്കടകൾ നീക്കിയ സ്ഥലത്ത് ഏലപ്പാറയിലേക്ക് എത്തുന്ന വിനോദസഞ്ചാരികളുടെ ബസ് ഉൾപ്പെടെ പാർക്കിങ് ചെയ്യാൻ വേണ്ട ക്രമീകരണം ഏർപ്പെടുത്തുമെന്ന് പഞ്ചായത്ത് അംഗം ബിജു ഗോപാൽ പറഞ്ഞു. എന്നാൽ ഗതാഗതക്കുരുക്ക് സമ്മാനിച്ചു കൊണ്ടു ജംക്‌ഷനിൽ റോ‍ഡിനിരുവശവും വാഹനങ്ങളുടെ പാർക്കിങ് തുടരുകയാണ്. കടകമ്പോളങ്ങളുടെ മുൻ വശത്തെ പാർക്കിങ് നിരോധിച്ചു ഹൈക്കോടതി ഉത്തരവു നിലവിലുണ്ട്. 

കടയുടമകൾ നൽകിയ ഹർജിയിലായിരുന്നു ഈ നിർദേശം. ഇതിനു പിന്നാലെ കഴിഞ്ഞ ദിവസം മന്ത്രിമാരുടെ സാന്നിധ്യത്തിൽ നടന്ന പരാതി പരിഹാര അദാലത്തിലും റോഡിലെ പാർക്കിങ് ഒഴിവാക്കണമെന്ന് നിർദേശം നൽകിയിരുന്നു. എന്നാൽ പൊലീസ്, മോട്ടർ വാഹന വകുപ്പുകൾ അനധികൃത പാർക്കിങ്ങിനെതിരെ നടപടി സ്വീകരിക്കുന്നതിനു തയാറാവുന്നില്ല എന്നാണ് ആരോപണം.

ജംക്‌ഷനിലെ ഗതാഗതതടസ്സം പരിഹരിക്കുന്നതിനു പൊലീസിന്റെ ഇടപെടൽ ആവശ്യപ്പെട്ടു ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് സി.സന്തോഷ്കുമാർ ജില്ലാ പൊലീസ് മേധാവി കെ.യു.കുര്യാക്കോസിനു പരാതി നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com