കുട്ടി പൊലീസിനെയും യോദ്ധാക്കളാക്കി ക്ലീൻ തൊടുപുഴ പദ്ധതി; കാൽ ലക്ഷം രൂപയുടെ പുകയില ഉൽപന്നങ്ങൾ പിടികൂടി
Mail This Article
തൊടുപുഴ∙ കുട്ടി പൊലീസിനെയും യോദ്ധാക്കളാക്കി ക്ലീൻ തൊടുപുഴ പദ്ധതി. പ്രവേശനോത്സവത്തിനു പിന്നാലെ സ്കൂൾ കോംപൗണ്ടിന്റെ 100 മീറ്റർ പരിധിക്കുള്ളിൽ പുകയില ഉൽപന്നങ്ങൾ വിറ്റ 4 കടയുടമകൾക്ക് എതിരെ തൊടുപുഴ പൊലീസ് കേസെടുത്തു. ഇന്നലെ രാവിലെ ഡിവൈഎസ്പി എം.ആർ.മധു ബാബു, എസ്എച്ച്ഒ വി.സി.വിഷ്ണുകുമാർ, സ്ക്വാഡ് അംഗങ്ങളായ ഷംസുദീൻ, ഹരീഷ്, പി.എസ്.സുമേഷ്, സനൂപ് എന്നിവരുടെ നേതൃത്വത്തിൽ സ്റ്റുഡന്റ് പൊലീസ് കെഡറ്റുകൾ തൊടുപുഴ ടൗണിലെ വിവിധ സ്കൂളുകളുടെ 100 മീറ്റർ പരിധിയിലുള്ള 23 ഓളം കടകളിൽ പരിശോധന നടത്തി.
ഇതിൽ 25,000 രൂപയുടെ പുകയില ഉൽപന്നങ്ങൾ 4 കടകളിൽനിന്നും പിടിച്ചെടുത്തു. പ്രവേശനോത്സവ ദിവസമായ ഇന്നലെ തന്നെ തങ്ങളുടെ സ്കൂളുകളുടെ 100 മീറ്റർ പരിധിയിലുള്ള കടകളിൽ ചെന്ന് പുകയില ഉൽപന്നങ്ങൾ വിൽക്കരുതെന്ന് എസ്പിസി കെഡറ്റുകൾ കടയുടമകളോട് അഭ്യർഥിച്ചിരുന്നു. ഇതെല്ലാം അവഗണിച്ചു വിൽപന തുടർന്നപ്പോഴാണ് കടകളിൽ എസ്പിസി കെഡറ്റുകളെ കൂടി പങ്കെടുപ്പിച്ച് കൊണ്ട് പൊലീസ് പരിശോധന നടത്തിയത്.
എ.പി.ജെ.അബ്ദുൽ കലാം ഹയർസെക്കൻഡറി സ്കൂളിന്റെ 50 മീറ്റർ മാറി കട നടത്തുന്ന വെങ്ങല്ലൂർ പീടികപ്പറമ്പിൽ ഷാജി (51), തൊടുപുഴ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിന് മുൻവശം കട നടത്തുന്ന ഇടവെട്ടി പായിപ്പറമ്പിൽ വീട്ടിൽ അനൂപ്ഖാൻ (44), മണക്കാട് എൻഎസ്‌എസ് ഹയർ സെക്കൻഡറി സ്കൂൾ കോമ്പൗണ്ടിൽനിന്നു 20 മീറ്റർ മാറി കട നടത്തുന്ന മണക്കാട് പാവൂർ രാധാകൃഷ്ണൻ (64), അൽ അസ്ഹർ പബ്ലിക് സ്കൂളിന്റെ 25 മീറ്റർ അകലെയായി കട നടത്തുന്ന പെരുമ്പിള്ളിച്ചിറ ചൂരവേലിൽ അലിയാർ (74) എന്നിവരെ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടു.