കട്ടപ്പന ∙ വിവിധ സ്ഥലങ്ങളിൽ നിന്നായി വാഹനങ്ങൾ മോഷ്ടിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. വാഹനങ്ങൾ മോഷ്ടിച്ചു കടത്തിയ കുമളി രണ്ടാംമൈൽ കോക്കാട്ട് കോളനി അമ്മയാർ ഇല്ലം മണികണ്ഠൻ (മണി–23), വാഹനങ്ങൾ പൊളിച്ചുവിറ്റ കുമളിയിലെ ആക്രിക്കട ഉടമ വനിതാ ഇല്ലം തങ്കരാജ്(38) എന്നിവരാണു പിടിയിലായത്.
രണ്ടുവർഷം മുൻപു മോഷണം പോയ ഓട്ടോറിക്ഷയുടെ പിൻസീറ്റ് മറ്റൊരു ഓട്ടോയിൽ ഘടിപ്പിച്ചിരിക്കുന്നതായി ഡിവൈഎസ്പി വി.എ.നിഷാദ്‌മോനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘം രഹസ്യമായി നടത്തിയ അന്വേഷണത്തിലാണു പ്രതികൾ പിടിയിലായത്. 2021 മേയിൽ കുമളി പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് ബൈക്കും അതേവർഷം സെപ്റ്റംബറിൽ കട്ടപ്പന കൈരളിപ്പടിയിൽ നിന്നും ഡിസംബറിൽ വള്ളക്കടവിൽ നിന്നും ഓട്ടോറിക്ഷയുമാണു മണികണ്ഠൻ മോഷ്ടിച്ചത്.
കൈരളിപ്പടിയിൽ നിന്നു മോഷ്ടിച്ച ഓട്ടോറിക്ഷയുടെ നമ്പർ പ്ലേറ്റ് അഴിച്ചുമാറ്റിയ ശേഷം പ്രതി കുറച്ചുനാൾ കൈവശം വച്ചു. തുടർന്നു സ്വന്തം വാഹനമാണെന്ന വ്യാജേന വിൽക്കാൻ വിവിധ ആക്രിക്കടയിൽ എത്തിയെങ്കിലും രേഖകൾ ഇല്ലാതെ വാഹനം എടുക്കാതെ വന്നതോടെ നിസ്സാര വിലയ്ക്കു തങ്കരാജിന്റെ കടയിൽ വിറ്റു.
പിന്നീട് വള്ളക്കടവിൽ നിന്ന് ഓട്ടോ മോഷ്ടിച്ച് ഇയാൾക്കു വിറ്റു. ഡിവൈഎസ്പി വി.എ.നിഷാദ്‌മോൻ, എസ്എച്ച്ഒ വിശാൽ ജോൺസൻ, എസ്‌ഐ സജിമോൻ ജോസഫ്, എസ് സിപിഒ കെ.എം.ബിജു, സിപിഒമാരായ പി.എസ്.സുബിൻ, വി.കെ.അനീഷ് എന്നിവർ ഉൾപ്പെട്ട സംഘമാണു പ്രതികളെ പിടികൂടിയത്.