ഇടുക്കിയുടെ മെഡിക്കൽ ‘റഫർ’ കോളജ്; ഇടുക്കിക്കും വേണം ഗോൾഡൻ അവർ

idukki-medical-college
ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രി.
SHARE

തൊടുപുഴ ∙ മറ്റുള്ള ജില്ലകളിൽ ആശുപത്രി സേവനത്തിന്റെ അങ്ങേയറ്റമാണ് മെഡിക്കൽ കോളജുകൾ; വിദഗ്ധ ചികിത്സയ്ക്കുള്ള അവസാനയിടങ്ങൾ. എന്നാൽ ഇടുക്കി ജില്ലയിൽ കാര്യങ്ങൾ അങ്ങനെയല്ല. ചെറിയ അപകടങ്ങൾക്ക് പോലും ഇടുക്കി മെഡിക്കൽ കോളജിൽ നിന്ന് റഫർ ചെയ്യുകയാണ് പതിവ്. രോഗികളെ റഫർ ചെയ്യാനായി പ്രവർത്തിക്കുന്ന ആശുപത്രിയെന്നു  മെഡിക്കൽ കോളജിനെതിരെ ആരോപണം ഉയർന്നിട്ടുണ്ട്. ഇടുക്കി മെഡിക്കൽ കോളജ് രണ്ടാം വർഷത്തിലേക്ക് കടന്നപ്പോൾ ആകെ ഡോക്ടർമാരുടെ എണ്ണം ഇരുന്നൂറോളമായി.

ഇതിൽ ഹൗസ് സർജൻമാരെ ഒഴിവാക്കിയാൽ അനുഭവ സമ്പത്തുള്ള ഡോക്ടർമാരുടെ എണ്ണം നൂറോളം വരും. ഇത്രയും ഡോക്ടർമാർ ഉണ്ടായിട്ടും രോഗികൾക്ക് മതിയായ ചികിത്സ ലഭിക്കാത്തതിനു പിന്നിൽ എന്താണെന്ന് അധികൃതർക്ക് വിശദീകരിക്കാൻ കഴിയുന്നില്ല. എന്നാൽ പ്രാധാന്യമില്ലാത്ത വിഭാഗങ്ങളിൽ ഡോക്ടർമാർ ആവശ്യത്തിലേറെ ഉള്ളപ്പോൾ ആവശ്യ വിഭാഗങ്ങളിൽ പേരിനു പോലും ഡോക്ടർമാർ ഇല്ലെന്നതാണ് പ്രധാന കാരണമെന്ന് പതിവായി ചികിത്സ തേടിയെത്തുന്ന രോഗികൾ പറയുന്നു. 

മെഡിക്കൽ കോളജിന് സമീപത്തെ ദുരന്തകഥകൾ 

മൂന്നു ദിവസം മുൻപാണ് ജില്ലാ ആസ്ഥാനത്തെ ഒരു ടൗണിൽ ഓട്ടോറിക്ഷ ഓടിച്ചു കുടുംബം പുലർത്തുന്ന 34 വയസ്സുള്ള ആരോഗ്യവാനായ ചെറുപ്പക്കാരൻ പനി ബാധിച്ച് ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തുന്നത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിനു ആദ്യ ദിവസം മെഡിക്കൽ കോളജിലെ ഡോക്ടർമാർ ‘വിദഗ്ധ’ ചികിത്സ നൽകിയെങ്കിലും പനി പിറ്റേന്ന് വല്ലാതെ കൂടി.

ഇതോടെ ആശുപത്രി അധികൃതർ യുവാവിനെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. എന്നാൽ വൈകുന്നേരമായപ്പോൾ സ്ഥിതി കൂടുതൽ ഗുരുതരമാകുകയായിരുന്നു. ഇതോടെ യുവാവിനെ ബന്ധുക്കൾ ഇടപെട്ട് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ വൈകിപ്പോയിരുന്നു. ന്യുമോണിയ ശ്വാസകോശത്തെ മുഴുവൻ ബാധിച്ച് സ്ഥിതി ഗുരുതരമായതോടെ ചികിത്സ ഫലിച്ചില്ല. രണ്ടു പിഞ്ചുകുഞ്ഞുങ്ങളുടെ പിതാവായ യുവാവ് വ്യാഴാഴ്ച മരിച്ചു. 

മെഡിക്കൽ കോളജിൽ നിന്നും ഒരു വിളിപ്പാടകലെ മാത്രമുള്ള സ്ഥലത്ത് 28നു നടന്ന ബൈക്കപകടത്തിൽ ഗുരുതരമായി പരുക്കേറ്റ 24 വയസ്സ് മാത്രം പ്രായമുള്ള യുവാവിനെ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ഇവിടെ കാര്യമായ പരിശോധനകളൊന്നും നടത്താതെ അതീവ ഗുരുതരാവസ്ഥയിലായ യുവാവിനെ കോട്ടയം മെ‍ിക്കൽ കോളജ് ആശുപത്രിയിലേക്ക് പറഞ്ഞയക്കുകയായിരുന്നു അധികൃതർ.

എന്നാൽ നാൽപതു കിലോമീറ്റർ അകലെ മൂലമറ്റത്ത് എത്തിയപ്പോൾ യുവാവ് മരിച്ചിരുന്നു. പിന്നെ ആംബുലൻസ് അവിടെ തിരിച്ച് മൃതദേഹവുമായി കൂട്ടത്തിലുള്ളവർ തിരികെ മലകയറി. തിരികെ ഇടുക്കി മെഡിക്കൽ കോളജിൽ എത്തിയ ആംബുലൻസിൽ നിന്നും മൃതദേഹം ഇറക്കി നടപടിക്രമങ്ങൾ പൂർത്തിയാക്കാനായി മോർച്ചറിയിലേക്കു കയറ്റി. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ മെഡിക്കൽ കോളജിന്റെ 6 കിലോമീറ്റർ ചുറ്റളവിൽ നടന്ന സംഭവങ്ങളാണ് ഇത്. ഇത്തരത്തിൽ ഓരോ ദിവസവും ആരെങ്കിലുമൊക്കെ ഇങ്ങനെ മെഡിക്കൽ കോളജിൽ എത്തി വിദഗ്ധ ചികിത്സയ്ക്കായി മലയിറങ്ങുന്നുണ്ട് എന്ന് വ്യക്തം. ഭാഗ്യമുള്ളവർ ആരോഗ്യത്തോടെ തിരികെ വരും. അല്ലാത്തവരുടെ മടക്കം ആംബുലൻസിലാകും.

ആര് ഉത്തരവാദി ? 

ഇടുക്കി മെഡിക്കൽ കോളജിൽ രണ്ടാംഘട്ട വികസനത്തിന്റെ പണി കടലാസിൽ തുടങ്ങി കഴിഞ്ഞു. കെട്ടിടങ്ങൾ കെട്ടിയുണ്ടാക്കാൻ വെപ്രാളപ്പെടുന്നവർ ചികിത്സ സംവിധാനം ഒരുക്കാൻ ഇടപെടുന്നില്ലെന്നതാണ് മെഡിക്കൽ കോളജിലെ പ്രധാന പ്രശ്നം. കരാർ എടുക്കുന്ന സർക്കാർ ഏജൻസികൾ പോലും കൃത്യമായി പണി തീർക്കുന്നില്ല. അടിയന്തര ചികിത്സ സൗകര്യങ്ങൾ തീരെയില്ലയിവിടെ. ചികിത്സ സൗകര്യമൊരുക്കാൻ കഴിഞ്ഞില്ലെങ്കി‍ൽ എന്താണ് മെഡിക്കൽ കോളജ് കൊണ്ട് ഉദ്ദേശിക്കുന്നതെന്നാണ് ജനങ്ങൾ ചോദിക്കുന്നത്. അപകടങ്ങളിൽ പെടുന്നവർക്കെങ്കിലും വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്നാണ് അടിയന്തിര ആവശ്യം. 

സൂപ്പർ സ്പെഷൽറ്റി ഇല്ല

സൂപ്പർ സ്പെഷ്യൽറ്റി വിഭാഗങ്ങളിൽ ഒന്നു പോലും ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇല്ല. ഹൃദ്രോഗം, വൃക്കരോഗം, കാർഡിയോ തെറാപ്പിക് സർജറി, ന്യൂറോ സർജറി, ഓർത്തപീഡിക് സർജറി, ഉദരരോഗ വിഭാഗം, ഓങ്കോളജി എന്നിവയിലാണ് ഇതുവരെയും ഡോക്ടർമാർ ഇല്ലാത്തത്. വിദഗ്ധ രോഗത്തിന്റെ ചികിത്സയ്ക്കുള്ള ഉപകരണങ്ങളും ഇവിടെ ലഭ്യമാക്കിയിട്ടില്ല. ഇടുക്കി പോലുള്ള സ്ഥലങ്ങളിൽ രോഗികളുടെ ജീവൻ നഷ്ടമാകുന്നതും അപ്രതീക്ഷിതമായി ഇത്തരം രോഗം ബാധിച്ചാണ്.

അടിയന്തര ചികിത്സ വേണ്ട ഇത്തരം രോഗികൾ ഏതാനും മണിക്കൂറുകൾ കഴിഞ്ഞ് മലയിറങ്ങി വിദഗ്ധ ചികിത്സ ലഭിക്കുമ്പോൾ പലപ്പോഴും കാര്യങ്ങൾ കൈവിട്ട് പോയിരിക്കും. ജനറൽ മെഡിസിൻ, ജനറൽ സർജറി, ഗൈനക്കോളജി, ശിശുരോഗ വിഭാഗം, സ്കിൻ, റസ്പിറേറ്ററി മെഡിസിൻ, അസ്ഥി രോഗ വിഭാഗം, മാനസിക ആരോഗ്യ വിഭാഗം എന്നീ സ്പെഷ്യൽറ്റി വിഭാഗങ്ങളാണ് ഇടുക്കി മെഡിക്കൽ കോളജിൽ പ്രവർത്തിക്കുന്നത്. പക്ഷേ, ഓരോ വിഭാഗത്തിലും ഡോക്ടർമാരുടെ എണ്ണം നാമമാത്രമാണ്. ഇതിനാൽ തന്നെ ഒരു ഡോക്ടർ അവധിയിലായാൽ രോഗികൾക്ക് ഈ വിഭാഗത്തിലും തക്ക സമയത്ത് ചികിത്സ ലഭിക്കില്ല.

 ‘കാത്ത്’ ലാബിനായി കാത്ത്..കാത്ത് 

ഇടുക്കിയിൽ കാത്ത് ലാബ് ഉടൻ ആരംഭിക്കും എന്ന പ്രഖ്യാപനത്തിനു വർഷങ്ങളുടെ പഴക്കമുണ്ട്. മെഡിക്കൽ കോളജ് മുൻപ് ജില്ലാ ആശുപത്രിയായിരുന്ന കാലം മുതൽക്കേ മാറി മാറി വരുന്ന മന്ത്രിമാരും ജനപ്രതിനിധികളും കയ്യടിക്കു വേണ്ടി ഈ പ്രഖ്യാപനം തരം പോലെ നടത്തിയിരുന്നു. ഹൃദയത്തിൽ തൊടുന്ന ഉറപ്പായി ജനങ്ങൾ നെഞ്ചിലേറ്റിയിട്ടും ലാബ് മാത്രം വന്നില്ല.  ഏറ്റവുമൊടുവിൽ ഇടുക്കി മെഡിക്കൽ കോളജിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ചും മന്ത്രിമാർ ഈ പ്രഖ്യാപനം നടത്തിയിട്ടുണ്ട്. ഈ ഓട്ടത്തിനിടയിൽ ഇത്ര കാലം കൊണ്ട് നഷ്ടപ്പെട്ട ജീവന് ഒരു കണക്കുമില്ല. 

സിആം മെഷീൻ, ഡൈ ഇൻജക്ടർ, വെന്റിലേറ്റർ ഉൾപ്പെടെയുള്ള സൗകര്യങ്ങളാണ് ആധുനിക നിലവാരത്തിലുള്ള കാത്ത് ലാബിൽ ഉണ്ടാവേണ്ടത്. ഇതോടൊപ്പം പ്രീ കാത്ത് വാർഡും തയാറാക്കണം. ഏകദേശം 8 കോടി രൂപയുണ്ടെങ്കിൽ എല്ലാ സൗകര്യങ്ങളുമുള്ള കാത്ത് ലാബ് സജ്ജീകരിക്കാമെന്ന് വിദഗ്ധ ഡോക്ടർമാർ പറയുന്നു. ഇടുക്കി മെഡിക്കൽ കോളജിൽ നിർമാണം ആരംഭിച്ചിരിക്കുന്ന പുതിയ ബ്ലോക്ക് പണി പൂർത്തിയായാൽ സൂപ്പർ സ്പെഷ്യൽറ്റി സേവനങ്ങൾ ആരംഭിക്കുമെന്നാണ് അധികൃതർ പറയുന്നത്. ഇതിൽ കാത്ത് ലാബിനു പ്രഥമ പരിഗണന നൽകുമെന്നാണ് വാഗ്ദാനം. 

എന്നാൽ ലാബ് തയാറാക്കിയാലും വിദഗ്ധ ഡോക്ടർമാരുടെ പോസ്റ്റിങ് തലവേദനയാകുമെന്നാണ് കരുതുന്നത്. അടിമാലി താലൂക്ക് ആശുപത്രിയിൽ കെട്ടിടമുണ്ടാക്കി കഴിഞ്ഞപ്പോഴാണ് ഒരു ജില്ലയിൽ ഒരു കാത്ത് ലാബ് മതിയെന്ന നിർദേശം സർക്കാർ മുന്നോട്ട് വയ്ക്കുന്നത്. അങ്ങനെ അടിമാലിയി‍ൽ നിന്ന് ലാബ് ഇടുക്കിയിലേക്ക് മാറി. നിലവിൽ കാത്ത് ലാബിലെ ഉപകരണങ്ങൾ വാങ്ങാൻ ഒരു കോടിയിലധികം രൂപ അനുവദിച്ചിട്ടുണ്ട്. എന്നാൽ ഇത് ഉപയോഗിക്കാൻ ഇടുക്കി മെഡിക്കൽ കോളജിന് സാധിക്കുന്നില്ല.

‘‘പരിമിതമായ സൗകര്യം മാത്രമുണ്ടായിരുന്ന ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയെ പൂർണ സജ്ജമാക്കുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചു വരുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടയിൽ ഇടുക്കി മെഡിക്കൽ കോളജിൽ കൂടുതൽ ഡോക്ടർമാരെ നിയോഗിച്ചിട്ടുണ്ട്. രോഗികൾക്കു മെച്ചപ്പെട്ട സേവനം നൽകുന്നതിനായി വിവിധ ഡിപ്പാർട്മെന്റുകൾ കൂടി ആരംഭിക്കേണ്ടതുണ്ട്.കഴിഞ്ഞ ദിവസം മെഡിക്കൽ കോളജ് സന്ദർശിച്ച ആരോഗ്യ മന്ത്രി ആശുപത്രിയുടെയും കോളജിന്റെയും വികസനത്തിനു അടിയന്തര നടപടികൾ ഉണ്ടാകുമെന്ന് ഉറപ്പു നൽകിയിരുന്നു. ഇതിനായി കൂടുതൽ കെട്ടിടങ്ങളും വിദഗ്ധ ഡോക്ടർമാരുടെ സേവനവും ലഭ്യമാകണം. മെഡിക്കൽ കോളജിനോട് അനുബന്ധിച്ച് നഴ്സിങ് കോളജ് കൂടി ആരംഭിക്കുന്നത് ആശുപത്രി വികസന രംഗത്ത് ഒരു നാഴികകല്ലാണ്.’’

മന്ത്രി റോഷി അഗസ്റ്റിൻ

‘‘ഉമ്മൻ ചാണ്ടി സർക്കാർ ആരംഭിച്ച മെഡിക്കൽ കോളജിന്റെ പിതൃത്വം ഏറ്റെടുക്കാൻ വൃഥാ ശ്രമം നടത്തിയ ഇടതു സർക്കാർ ഏഴ് വർഷം പിന്നിട്ടിട്ടും ആശുപത്രിയിൽ അടിസ്ഥാന സൗകര്യങ്ങൾ പോലും ഏർപ്പെടുത്തിയിട്ടില്ല. ചികിത്സ തേടി എത്തുന്ന സാധാരണ രോഗികളെ പോലും ഇതര ജില്ലകളിലെ ആശുപത്രികളിലേക്കു പറഞ്ഞു വിടുന്ന റഫറൽ ആശുപത്രിയായിട്ടാണ് ഇടുക്കി മെഡിക്കൽ കോളജിന്റെ പ്രവർത്തനം. ഒപി ടിക്കറ്റ്, ലാബ് പരിശോധന, എക്സ്റേ തുടങ്ങിയ എല്ലാ സേവനങ്ങൾക്കും നിരക്കുകൾ കുത്തനെ വർധിപ്പിച്ചു. അടിയന്തരമായി ഹൃദ്രോഗ, കാൻസർ ചികിത്സാ വിഭാഗമെങ്കിലും ഏർപ്പെടുത്തിയാൽ ഒട്ടേറെ രോഗികൾക്ക് ജീവിതത്തിലേക്ക് കര കയറാൻ’’ സാധിക്കും. 

എം.ഡി.അർജുനൻ, (ആശുപത്രി വികസന സമിതി അംഗം)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

കല്യാണ തേൻനിലാ...

MORE VIDEOS