കെഎസ്ആർടിസിയിൽ ഇടിപ്പിച്ച ‘ഒടിയൻ’ എന്ന സ്വകാര്യ ബസ് സ്ഥിരം പ്രശ്നക്കാരനെന്ന് നാട്ടുകാർ

Mail This Article
തൊടുപുഴ ∙ കോലാനിയിൽ സ്വകാര്യ ബസ് കെഎസ്ആർടിസി ബസിൽ ഇടിപ്പിച്ചതിനെത്തുടർന്ന് സംഘർഷം. തൊടുപുഴ - പാലാ റോഡിൽ സർവീസ് നടത്തുന്ന ഒടിയൻ എന്ന സ്വകാര്യ ബസാണ് കോട്ടയം– തൊടുപുഴ റൂട്ടിലുള്ള കെഎസ്ആർടിസി ബസിനെ വിലങ്ങി നിർത്തിയത്. ബസ് ജീവനക്കാരുടെ നടപടിക്കെതിരെ പ്രതിഷേധവുമായി നാട്ടുകാർ എത്തിയത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. ഈ വാഹനം കുറച്ചുദിവസങ്ങൾക്ക് മുൻപ് കരിങ്കുന്നത്തും ഇത്തരത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയതായി നാട്ടുകാർ പറഞ്ഞു.
സ്ഥിരമായി അമിത വേഗത്തിലാണ് ബസ് സഞ്ചരിക്കുന്നതെന്നും ആരോപണമുണ്ട്. നാട്ടുകാർ നോക്കിനിൽക്കെ വാഹനമെടുത്ത് മാറ്റാൻ ശ്രമിച്ചപ്പോൾ കെഎസ്ആർടിസി ബസിൽ ഉരസി വീണ്ടും കേടുപാടുകൾ ഉണ്ടായി. വിവരമറിഞ്ഞെത്തിയ തൊടുപുഴ എസ്എച്ച്ഒ വി.സി.വിഷ്ണു കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ബസ് കസ്റ്റഡിയിലെടുത്തു.
വാഹനം ഓടിച്ചയാൾ ഈ സമയം സ്ഥലത്തു നിന്ന് മാറിയതും നാട്ടുകാരുടെ പ്രതിഷേധത്തിന് കാരണമായി. നാട്ടുകാരുടെ രോഷത്തെ പ്രതിരോധിക്കാൻ ബസ് ഉടമയായ സ്ത്രീയെ ജീവനക്കാർ വിളിച്ച് വരുത്തി. കെഎസ്ആർടിസി ജീവനക്കാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഒടിയൻ ബസ് ഡ്രൈവർക്കെതിരെ കേസ് എടുത്തതായി പൊലീസ് പറഞ്ഞു.