ADVERTISEMENT

തൊടുപുഴ ∙ ഹൃദയാഘാതം ബാധിച്ച് എത്തുന്നവരെ മികച്ച ചികിത്സാ സംവിധാനമുള്ള ആശുപത്രിയിൽ എത്തിക്കുന്നതിനു മുൻപ് ജീവൻ നഷ്ടമായ ഒട്ടേറെ സംഭവങ്ങൾ ഹൈറേഞ്ചിലുള്ളവർക്ക് പറയാനുണ്ട്. യഥാസമയം ചികിത്സ ലഭിക്കാതെ കിടപ്പിലായ ധാരാളം പേർ ഹൈറേഞ്ച് മേഖലയിൽ ഉണ്ട്. കുമളിയിൽ ആരോഗ്യമേഖലയുടെ വളർച്ചയ്ക്കായി പോരാടാൻ ജനങ്ങൾ വാട്സാപ് കൂട്ടായ്മ രൂപീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രി, ആരോഗ്യമന്ത്രി എന്നിവർക്കും ആരോഗ്യവകുപ്പ് ഉന്നത ഉദ്യോഗസ്ഥർക്കും പരാതി നൽകിയിട്ടും ഇവർക്ക് അനുകൂലമായ മറുപടി ലഭിച്ചില്ല.

തുടർന്ന് പ്രധാനമന്ത്രിക്ക് കത്തയച്ച് കാത്തിരിക്കുകയാണ് ഇവർ.സ്വന്തം ജീവൻ പോലും പണയപ്പെടുത്തി രോഗിയുമായി പോകുന്ന ആംബുലൻസ് ഡ്രൈവർമാരാണ് മിക്കപ്പോഴും ജനങ്ങളുടെ രക്ഷകരായി മാറുന്നത്. പൊലീസും ആംബുലൻസ് ഡ്രൈവർമാരുടെ കൂട്ടായ്മയും പൊതുജനങ്ങളും ഇവർക്ക് സുരക്ഷിതമായ പാത ഒരുക്കാൻ രംഗത്തിറങ്ങുന്നതിനാലാണ് പല ജീവനുകളും രക്ഷപ്പെടുത്താൻ കഴിയുന്നത്.

‘റഫർ’ ചെയ്യാൻ മാത്രം ആശുപത്രികൾ

കുമളി, ചക്കുപള്ളം പഞ്ചായത്തുകൾക്ക് പരിമിതി മാത്രമേയുള്ളു. കുടുംബാരോഗ്യ കേന്ദ്രവും സിസ്റ്റർമാർ നടത്തുന്ന ഒരു സ്വകാര്യ ആശുപത്രിയുമാണ് കുമളി പഞ്ചായത്തിൽ ഉള്ളത്. ചക്കുപള്ളത്തും പ്രാഥമികാരോഗ്യ കേന്ദ്രവും സിസ്റ്റർമാർ നടത്തുന്ന ഒരു ആശുപത്രിയുമുണ്ട്. ഇവിടെയൊക്കെ വിദഗ്ധചികിത്സ പരിമിതമാണ്.

ചക്കുപള്ളം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഉച്ചയ്ക്ക് ഒരുമണി വരെ ഒപി ഉണ്ടാകേണ്ടതാണ്. പക്ഷേ, ഡോക്ടറുടെ സേവനം പലപ്പോഴും ലഭ്യമല്ല എന്നാണ് നാട്ടുകാർ പറയുന്നത്. എത്ര ഗുരുതര പ്രശ്നങ്ങൾ ഉണ്ടായാലും ചക്കുപള്ളം പഞ്ചായത്തിൽ ഉള്ളവർ ഓടിയെത്തുന്നത് അണക്കരയിൽ സിസ്റ്റർമാർ നടത്തുന്ന സ്വകാര്യ ആശുപത്രിയിലേക്കാണ്. പ്രാഥമിക ചികിത്സ നൽകി രോഗിയെ മികച്ച ചികിത്സ ലഭ്യമായ സ്ഥലത്തേക്ക് അയയ്ക്കുക മാത്രമേ ഇവർക്കും ചെയ്യാനാകൂ.

കുമളി കുടുംബാരോഗ്യ കേന്ദ്രത്തിൽ വൈകിട്ട് 6 മണി കഴിഞ്ഞാൽ ഡോക്ടറുടെ സേവനം ലഭ്യമല്ല. സ്പ്രിങ് വാലിയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ആശുപത്രിയാണ് പിന്നെ ശരണം. ഇവിടെ എത്തുന്ന ഗുരുതര രോഗം ബാധിച്ചവരെ കോട്ടയം, പാലാ തുടങ്ങിയ സ്ഥലങ്ങളിലുള്ള ആശുപത്രികളിലേക്ക് റഫർ ചെയ്യാനേ ഇവർക്കും കഴിയുന്നുള്ളു.

ആരോഗ്യം കാക്കാൻ അതിർത്തി കടക്കണം

നെടുങ്കണ്ടം മേഖലയിൽ നിന്ന് അടിയന്തര ആശുപത്രി ആവശ്യങ്ങൾക്ക് തേനി മെഡിക്കൽ കോളജാണ് ആശ്രയം. ഇതിനു ശേഷമാണ് കോട്ടയം മെഡിക്കൽ കോളജിനെ പരിഗണിക്കുന്നത്. തോട്ടം മേഖലയുടെ പ്രധാന ആശ്രയം നെടുങ്കണ്ടം താലൂക്കാശുപത്രിയാണ്. ഈ ആശുപത്രി ജില്ലാ ആശുപത്രിയായി ഉയർത്തിയുള്ള നിർമാണ പ്രവർത്തനങ്ങൾ നടന്നു വരികയാണ്. ജില്ലാ ആശുപത്രി സമുച്ചയം പൂർത്തിയാകുന്നതോടെ ഒരു പരിധി വരെ അടിയന്തര ഘട്ടങ്ങളിൽ ചികിത്സ നൽകാൻ കഴിയുമെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രതീക്ഷ.തേനി മെഡിക്കൽ കോളജിലേക്ക് ഒരു മണിക്കൂറും കോട്ടയം മെഡിക്കൽ കോളജിലേക്ക് മൂന്നര മണിക്കൂറും യാത്രാ ദൈർഘ്യമുണ്ട്. നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെ ആംബുലൻസും സ്വകാര്യ ആംബുലൻസുകളുമാണ് രോഗികളുടെ ആശ്രയം.

പ്രസവം നടക്കാത്ത ലേബർ യൂണിറ്റ്

കോടികൾ ചെലവഴിച്ചു നിർമിച്ച് ഏതാനും മാസങ്ങൾക്ക് മുൻപ് തുറന്നുനൽകിയ പീരുമേട് താലൂക്ക് ആശുപത്രിയിലെ ലേബർ യൂണിറ്റിൽ പ്രസവം നടക്കുന്നില്ലെന്നാണ് പരാതി. ഗർഭിണികളെ എട്ടാംമാസം കഴിയുമ്പോഴേക്കും മറ്റു ആശുപത്രികളിലേക്ക് റഫർ ചെയ്യുന്നതാണ് ഇവിടെ പതിവ്. അനസ്തീസിയ വിഭാഗം സജ്ജമല്ല എന്നാണ് കാരണം പറയുന്നത്.

കഴിഞ്ഞ ഏഴ് മാസത്തിനിടെ ഇവിടെ നടന്ന പ്രസവങ്ങൾ വിരലെണ്ണാവുന്നതു മാത്രം. അനസ്തീസിയ നൽകാനുളള സംവിധാനം എന്നു മുതൽ സജ്ജമാകുമെന്നതിനെക്കുറിച്ച് അധികൃ‌തർക്ക് ഒരു ധാരണയുമില്ല.പീരുമേട് നിയോജകമണ്ഡലത്തിൽപ്പെട്ടവർക്ക് ഹൃദയാഘാതം വന്നാൽ താലൂക്ക് ആശുപത്രിയിലേക്ക് കയറി സമയം കളയണ്ട എന്നാണ് നാട്ടിലെ പറച്ചിൽ. ഹൃദയസംബന്ധമായ ചികിത്സയ്ക്ക് വന്നാൽ റഫർ ചെയ്യുക എന്ന ചടങ്ങാണ് ഇവിടെ ആകെയുളളത്. ഇത്തരം ദാരുണാവസ്ഥ നേരിടുന്ന രോഗികൾക്ക് ആയുസ്സിന്റെ വലിപ്പംകൊണ്ടു മാത്രമേ ജീവിതത്തിലേക്ക് മടങ്ങിവരാൻ കഴിയൂ.

വണ്ടിപ്പെരിയാറുകാരനായ രോഗിക്ക് ഹൃദയസംബന്ധമായ ചികിത്സ ലഭിക്കണമെങ്കിൽ 52 കിലോമീറ്റർ ദൂരം സഞ്ചരിച്ച് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തണം. ഗാട്ട് റോഡിലൂടെ മിനിമം ഒന്നര മണിക്കൂർ യാത്ര ചെയ്താൽ മാത്രമേ രോഗിയെ കാഞ്ഞിരപ്പള്ളിയിൽ എത്തിക്കാൻ കഴിയൂ. ഇതു മൂലം പാതിവഴിയിൽ ജീവൻ നഷ്ടപ്പെട്ടവർ ഏറെയാണ്. കാത്ത് ലാബും കാർഡിയോളജി യൂണിറ്റും പ്രഖ്യാപനങ്ങളിൽ മാത്രംഅവശേഷിക്കുന്നു.

പേരിനുമാത്രം ഒരു ജില്ലാ ആശുപത്രി

‘ജില്ലാ ആശുപത്രി’ എന്നാണ് പേരെങ്കിലും തൊടുപുഴ കാരിക്കോടുള്ള സർക്കാർ ആശുപത്രിയിൽ എത്തുന്ന രോഗികൾക്ക് അതിനനുസരിച്ച് ചികിത്സയും സൗകര്യങ്ങളും ലഭിക്കുന്നില്ല എന്നതാണ് യാഥാർഥ്യം. അതുകൊണ്ടുതന്നെ അടിയന്തര ചികിത്സയ്ക്കു കൂടുതൽ പേരും ചികിത്സച്ചെലവ് പോലും ചിന്തിക്കാതെ സ്വകാര്യ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. ജില്ലാ അശുപത്രിയിൽ സ്പെഷലിസ്റ്റ് ഡോക്ടർമാർ ഉൾപ്പെടെ വിവിധ വിഭാഗങ്ങളിലായി നാൽപതിലേറെ ഡോക്ടർമാരുണ്ടെന്നാണ് കണക്ക്. എന്നാൽ ഇതിന്റെ പകുതി ഡോക്ടർമാർ മാത്രമാണ് ഡ്യൂട്ടിയിൽ കാണുക. അതിനാൽ തന്നെ അത്യാവശ്യ ഘട്ടങ്ങളിൽ അടിയന്തര ചികിത്സ തേടി എത്തുന്ന ആളുകളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്യുന്ന പണി മാത്രമാണ് ഇവിടെ നടക്കുന്നത്. രാത്രി അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിക്ക് ജൂനിയർ ഡോക്ടർമാർ മാത്രമാണ് ഉണ്ടാവുക. അതിനാൽ കൂടുതൽ പേരെയും മെഡിക്കൽ കോളജിലേക്ക് വിടും.

തൊടുപുഴ ജില്ലാ ആശുപത്രി ഉടൻ വേണം നടപടി

തൊടുപുഴ ജില്ലാ ആശുപത്രിയിലെ വിവിധ പ്രശ്നങ്ങളും അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങളും: 

∙ ആശുപത്രിയുടെ പുതിയ കെട്ടിടത്തിന് ഫയർ ആൻഡ് സേഫ്റ്റി അനുമതി കിട്ടിയിട്ടില്ല. 8 നില കെട്ടിടത്തിന്റെ മുകളിലെ രണ്ടു നിലകൾ ഇതുമൂലം ഉപയോഗിക്കാനായിട്ടില്ല. ഇതിനു മുന്നിലുള്ള പഴയ ഒപി കെട്ടിടം പൊളിച്ചു മാറ്റുന്നതടക്കം നടപടികൾ പൂർത്തിയാക്കിയാൽ മാത്രമേ കെട്ടിടത്തിന് ഫയർ ആൻഡ് സേഫ്റ്റി അനുമതി ലഭിക്കൂ. ഇതിനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കണം.

∙ പുതിയ കെട്ടിടത്തിൽ രണ്ട് ലിഫ്റ്റ് വേണ്ടിടത്ത് ഒരെണ്ണം മാത്രമാണുള്ളത്. റാംപും ഇല്ലാത്തതിനാൽ രോഗികളെ കൊണ്ടുപോകുന്നതിന് വലിയ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. അടിയന്തരമായി ലിഫ്റ്റ് സ്ഥാപിക്കണം.

∙ ആധുനിക രീതിയിലുള്ള ഒരു ഓപ്പറേഷൻ തിയറ്റർ വേണം.

∙ സിടി സ്കാൻ, മാമോഗ്രാം എന്നീ പരിശോധനകൾക്കു മെഷീൻ സംവിധാനമുണ്ടെങ്കിലും റേഡിയോളജി വിഭാഗത്തിൽ ഡോക്ടർ ഇല്ലാത്തതിനാൽ പരിശോധനകൾ നടത്താനാകുന്നില്ല.

∙ എക്സ്റേ യൂണിറ്റ്, ഫാർമസി എന്നിവയുടെ പ്രവർത്തനം വൈകിട്ട് 8 മണി വരെയാക്കി ചുരുക്കിയത് രോഗികളെ ഏറെ വലയ്ക്കുന്നുണ്ട്. ജീവനക്കാരുടെ അഭാവമാണ് ഇതിനു കാരണമായി പറയുന്നത്. പ്രശ്ന പരിഹാരം അത്യാവശ്യം.

∙ ജില്ലയിൽ അപകടങ്ങൾ ഏറെയുണ്ടാകുന്ന മേഖലയാണ് തൊടുപുഴ. അപകടത്തിൽപെടുന്നവർക്ക് അടിയന്തര വിദഗ്ധ ചികിത്സ നൽകുന്ന ട്രോമാ കെയർ സംവിധാനം എത്രയും വേഗം പ്രവർത്തനം തുടങ്ങണം.

∙ ദിവസവും ആയിരത്തിലേറെ രോഗികൾ എത്തുന്ന ജില്ലാ ആശുപത്രിയിൽ ഡോക്ടർമാരുടെയും ജീവനക്കാരുടെയും കുറവ് ദൈനംദിന പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ട്. തൊടുപുഴ താലൂക്ക് ആശുപത്രി 8 വർഷം മുൻപ് ജില്ലാ ആശുപത്രിയായി ഉയർത്തിയെങ്കിലും ഇതനുസരിച്ചുള്ള സ്റ്റാഫ് പാറ്റേൺ ഇനിയും ഇവിടെ സാധ്യമായിട്ടില്ല. സ്റ്റാഫ് പാറ്റേൺ പുതുക്കി, ആവശ്യമായ ജീവനക്കാരെ നിയമിക്കാൻ അടിയന്തര നടപടിയുണ്ടാകണം.

∙ 24 മണിക്കൂറും പ്രവർത്തിക്കുന്ന കാഷ്വൽറ്റിയിൽ 4 കാഷ്വൽറ്റി മെഡിക്കൽ ഓഫിസർമാർ മാത്രമാണുള്ളത്. എട്ടു ഡോക്ടർമാരെങ്കിലും ഉണ്ടെങ്കിലേ കാഷ്വൽറ്റിയുടെ പ്രവർത്തനം സുഗമമായി മുന്നോട്ടു കൊണ്ടുപോകാനാകൂ.

∙ വെന്റിലേറ്റർ സൗകര്യമടക്കം 6 കിടക്കകളുള്ള മെഡിക്കൽ ഐസിയു പണി പൂർത്തീകരിച്ചെങ്കിലും ഇപ്പോഴും അടഞ്ഞു കിടക്കുകയാണ്. സ്റ്റാഫ് നഴ്സ്, ക്ലീനിങ് സ്റ്റാഫ് ഉൾപ്പെടെയുള്ള ജീവനക്കാരുടെ കുറവാണ് പ്രശ്നം.

∙ ഡയാലിസിസ് യൂണിറ്റ് പ്രവർത്തിക്കുന്നുണ്ടെങ്കിലും നെഫ്രോളജിസ്റ്റിന്റെ തസ്തിക ഇതുവരെ സൃഷ്ടിച്ചിട്ടില്ല. ശിരസ്സ് പദ്ധതിയുടെ ഭാഗമായി സ്ട്രോക്ക് യൂണിറ്റ് ഉണ്ടെങ്കിലും ന്യൂറോളജിസ്റ്റിന്റെ തസ്തിക പോലുമില്ല. ഇവ അടിയന്തരമായി പരിഹരിക്കണം.

∙ കുട്ടികളുടെ കുത്തിവയ്പ്, വിവിധ പരിശോധനകൾ, ക്യാംപുകൾ എന്നിവയ്ക്കു പോകുന്നതിനു വാഹനമില്ല. മുൻപുണ്ടായിരുന്ന വാഹനം 15 വർഷം കഴിഞ്ഞതിനാൽ കണ്ടം ചെയ്തു. പുതിയ വാഹനം അനുവദിച്ചു നൽകിയിട്ടില്ല.

കട്ടപ്പന താലൂക്ക് ആശുപത്രിയിലെ സർവീസ് നടത്താത്ത ഐസിയു ആംബുലൻസ്.
കട്ടപ്പന താലൂക്ക് ആശുപത്രിയിലെ സർവീസ് നടത്താത്ത ഐസിയു ആംബുലൻസ്.

∙ മാലിന്യ സംസ്കരണത്തിനുള്ള സുവിജ് ട്രീറ്റ്മെന്റ് പ്ലാന്റ് നിലവിൽ വന്നിട്ടില്ല. അതിനാൽ, മലിനീകരണ നിയന്ത്രണ ബോർഡിന്റെ സർട്ടിഫിക്കറ്റ് കിട്ടിയിട്ടില്ല.

കട്ടപ്പന താലൂക്ക് ആശുപത്രിയിലെ ഐസിയു ആംബുലൻസ് ‘വെന്റിലേറ്ററിൽ’

കട്ടപ്പന താലൂക്ക് ആശുപത്രിയിലെ ഐസിയു ആംബുലൻസിന്റെ സേവനം ജനങ്ങൾക്ക് ലഭ്യമല്ലാതായിട്ട് നാലര മാസമാകുന്നു. എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ ഇല്ലാതായതോടെയാണ് ഐസിയു ആംബുലൻസിന്റെ സേവനം മുടങ്ങിയത്.2020-21 വർഷത്തിൽ എംഎൽഎ ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ ഉപയോഗിച്ചാണ് ഡി ലെവൽ ഐസിയു, എൻഐസിയു ആംബുലൻസ് വാങ്ങിയത്. ആധുനിക സൗകര്യങ്ങളോടു കൂടിയ ഈ ആംബുലൻസിലേക്ക് നിയമിച്ച എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ അഞ്ചുമാസം മുൻപ് ജോലി ഉപേക്ഷിച്ചതോടെയാണ് ഇതിന്റെ സേവനം ലഭ്യമല്ലാതായത്. പകരം ടെക്‌നീഷ്യനെ നിയമിക്കാനുള്ള നടപടികൾ വൈകുന്നു.

രോഗികളെ കൊണ്ടുപോകുമ്പോൾ മറ്റ് ആംബുലൻസുകളെ അപേക്ഷിച്ച് 3000 മുതൽ 5000 രൂപയുടെ വരെ തുക കുറവ് ഈ ആംബുലൻസിന് ഉണ്ടായിരുന്നു. ഇതിന്റെ സേവനം നിലച്ചതോടെ കൂടുതൽ തുക മുടക്കി സ്വകാര്യ ആംബുലൻസുകളെ ആശ്രയിക്കേണ്ട ഗതികേടാണുള്ളത്.എച്ച്എംസിയുടെ നേതൃത്വത്തിൽ നേരിട്ട് നിയമനം നടത്താതെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ഉൾപ്പെട്ട അർഹരായവർക്ക് മുൻഗണന നൽകാനുള്ള തീരുമാനമാണ് കാലതാമസത്തിന് ഇടയാക്കുന്നത്. നിയമനം നടത്തുന്നതു സംബന്ധിച്ച് ആശുപത്രിയിൽ നിന്ന് എംപ്ലോയ്‌മെന്റിലേക്ക് അപേക്ഷ നൽകിയിട്ട് ഒരുമാസത്തോളമായെങ്കിലും അർഹരായവരുടെ പട്ടിക ലഭ്യമാകാത്തതിനാൽ അഭിമുഖം വൈകുകയാണ്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com