സ്പീഡ് ബോട്ട് മറ്റൊരു ബോട്ടിലിടിച്ച് വിനോദസഞ്ചാരിക്ക് പരുക്കേറ്റ സംഭവം: ബോട്ട് ഡ്രൈവറെ ജോലിയിൽ നിന്ന് മാറ്റിനിർത്താൻ ഉത്തരവ്
Mail This Article
മൂന്നാർ ∙ മാട്ടുപ്പെട്ടി ജലാശയത്തിൽ സ്പീഡ് ബോട്ട് മറ്റൊരു ബോട്ടിലിടിച്ച് വിനോദസഞ്ചാരിക്ക് പരുക്കേറ്റ സംഭവത്തിൽ ബോട്ട് ഡ്രൈവറെ അന്വേഷണ വിധേയമായി ജോലിയിൽ നിന്നു മാറ്റിനിർത്താൻ ഹൈഡൽ ഡയറക്ടറുടെ ഉത്തരവ്. സംഭവം അന്വേഷിക്കാൻ മൂന്നംഗ സംഘത്തെയും നിയമിച്ചു. ഹൈഡൽ ടൂറിസത്തിലെ ബോട്ട് ഡ്രൈവറും പഴയ മൂന്നാർ സ്വദേശിയുമായ പി.മുരുകേശനെയാണ് പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണെന്ന് കണ്ടെത്തി ജോലിയിൽ നിന്നു മാറ്റിനിർത്താൻ ഹൈഡൽ ടൂറിസം ഡയറക്ടർ നരേന്ദ്രനാഥ് വേളൂരി ഉത്തരവിട്ടത്.
സംഭവം സംബന്ധിച്ച് മൂന്നാഴ്ചയ്ക്കുള്ളിൽ അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ ഹൈഡൽ ടൂറിസം റീജനൽ മാനേജർ ജി.എൽ.ഹരീഷിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘത്തെയാണ് നിയമിച്ചത്. കഴിഞ്ഞ 23നാണ് മുരുകേശൻ ഓടിച്ചിരുന്ന സ്പീഡ് ബോട്ട് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ ഉടമസ്ഥതയിലുള്ള സ്പീഡ് ബോട്ടിലേക്ക് ഇടിച്ചു കയറി ചെന്നൈ സ്വദേശിയായ പി.റൂബന് പരുക്കേറ്റത്. ബോട്ട് ഡ്രൈവറുടെ അശ്രദ്ധ മൂലമാണ് അപകടമുണ്ടായതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
നഷ്ടപരിഹാരമാവശ്യപ്പെട്ട് കത്ത് നൽകും
ഹൈഡൽ ടൂറിസത്തിന്റെ ബോട്ട് ഇടിച്ച് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ (ഡിടിപിസി) ഉടമസ്ഥതയിലുള്ള സ്പീഡ് ബോട്ട് തകർന്നതിനു നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹൈഡൽ ടൂറിസം ഡയറക്ടർക്ക് കത്തു നൽകുമെന്ന് ഡിടിപിസി സെക്രട്ടറി ജിതിഷ് ജോസ് പറഞ്ഞു. ബോട്ട് തകർന്നതിനെ തുടർന്ന് രണ്ടാഴ്ചയായി സർവീസ് നടത്താൻ കഴിയാത്തതിനാൽ ലക്ഷങ്ങളുടെ വരുമാന നഷ്ടമാണ് ഡിടിപിസിക്ക് ഉണ്ടായത്.