ADVERTISEMENT

കാന്തല്ലൂർ ഇടക്കടവിൽ ശുദ്ധജലക്ഷാമം രൂക്ഷം

മറയൂർ∙ ശുദ്ധജലം കിട്ടാക്കനി, മുട്ടാത്ത വാതിലുകളില്ല, നിലവിൽ ഉപയോഗിക്കുന്നത് മാലിന്യം കലർന്ന ജലം. കാന്തല്ലൂർ ഇടക്കടവിലാണ് ശുദ്ധജലക്ഷാമം അതിരൂക്ഷമായത്. മാലിന്യം ഒഴുകിയെത്തുന്ന കനാലിലെ വെള്ളമാണ് നിലവിൽ കോളനി നിവാസികൾ ഉപയോഗിക്കുന്നത്. പ്രദേശവാസികൾ ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും സമീപിച്ചെങ്കിലും പരിഹാരം കാണാൻ ഇതുവരെ നടപടിയില്ല. എസ്‌സി, എസ്ടി വിഭാഗക്കാർ ഉൾപ്പെടെ 54 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. 12 വർഷം മുൻപാണ് ജലനിധി ഗുണഭോക്തൃ വിഹിതം ഉൾപ്പെടെ പിരിച്ച് ആകെ 15 ലക്ഷം രൂപ മുതൽ മുടക്കി ശുദ്ധജലം എത്തിക്കാനായി പാമ്പാറ്റിൽനിന്നു പൈപ്പുകൾ സ്ഥാപിച്ചത്. എന്നാൽ നടപ്പിലാക്കി മാസങ്ങൾ തികയും മുൻപേ പദ്ധതി പരാജയപ്പെടുകയായിരുന്നു. അശാസ്ത്രീയമായ നിർമാണ രീതിയാണ് പരാജയത്തിന് കാരണമെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.

തുടർന്ന് കോളനിയിൽനിന്നു 3 കിലോമീറ്റർ അകലെയുള്ള കുണ്ടക്കാട് ചെക്ഡാം കനാലിൽനിന്നു ഹോസുകൾ ഉപയോഗിച്ച് വ്യക്തിഗതമായി ഓരോരുത്തരും വെള്ളം വീടുകളിൽ എത്തിക്കാൻ തുടങ്ങി. ഇവിടെയാകട്ടെ കാനാലിന് സമീപത്തെ വീടുകളിൽനിന്ന് ഒഴുകിയെത്തുന്ന മാലിന്യം നിറഞ്ഞ വെള്ളമാണുള്ളത്. കനാലും പലഭാഗങ്ങളിലും തകർന്ന നിലയിലാണ്. 3 കിലോമീറ്റർ അകലെയുള്ള ഇവിടെ വെള്ളം തിരിക്കാനായി എത്തണമെങ്കിൽ വനത്തിലൂടെ സ്ത്രീകൾ സഞ്ചരിക്കണം. ആന കാട്ടുപോത്ത് തുടങ്ങിയ വന്യമൃഗങ്ങളുടെ ശല്യവും അതിരൂക്ഷമാണ്. പഞ്ചായത്ത്, കലക്ടർ തുടങ്ങിയവർക്ക് പരാതി നൽകിയെങ്കിലും പരിഹാരമുണ്ടായില്ല. കുണ്ടക്കാട് ചെക്ഡാമിൽനിന്നു പൈപ്പുകൾ കൃത്യമായി സ്ഥാപിച്ച് കോളനിയിലേക്ക് വെള്ളം എത്തിക്കുകയാണ് ശാശ്വതമായ മാർഗമെന്ന് പ്രദേശവാസികൾ പറയുന്നു.ഈ വാർഡിലേക്ക് ശുദ്ധജലമെത്തിക്കുന്നതിനായി 9 ലക്ഷം രൂപ വകയിരുത്തിയിട്ടുള്ളതായും കോളനി നിവാസികൾ സഹകരിക്കാത്തതിനാലാണ് പദ്ധതി വൈകുന്നതെന്നും പഞ്ചായത്ത് അധികൃതർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com