പണി(നി) വരുന്നുണ്ട്, കൊതുകിന്റെ രൂപത്തിൽ, ഏറെ സൂക്ഷിക്കണം എലിപ്പനിയെ

HIGHLIGHTS
  • പകർച്ചവ്യാധികൾ സൂക്ഷിക്കുക മുൻകരുതലെടുക്കുക
fever-local
SHARE

തൊടുപുഴ ∙ ചൂടുപിടിച്ച മാസങ്ങൾക്കൊടുവിൽ മഴക്കാലമെത്തിക്കഴിഞ്ഞു. മഴയ്ക്കൊപ്പം ചില പകർച്ചവ്യാധി വില്ലന്മാർ കൂടി കടന്നു വരാൻ കാത്തു നിൽപുണ്ട്. മാലിന്യക്കൂമ്പാരങ്ങൾക്കു മുകളിലേക്ക് മഴ പെയ്ത് ‘സത്ത്’ ഒലിച്ചിറങ്ങി കുടിവെള്ള സ്രോതസ്സുകൾ മലിനമാകും. മഴക്കാല രോഗങ്ങളിൽ പനി തന്നെ മുഖ്യം. സാധാരണ പനി മുതൽ ഡെങ്കിപ്പനി, എച്ച്1 എൻ1, എലിപ്പനി, മലമ്പനി വരെ പല തരം പനികൾ പടർന്നു പിടിക്കാൻ സാധ്യതയേറെ. ലോറേഞ്ചിലെ റബർത്തോട്ടങ്ങളിൽ കൊതുകു വളരാനുള്ള സാധ്യതയും കൂടും. ടൈഫോയ്ഡ്, വയറിളക്കം, മഞ്ഞപ്പിത്തം അങ്ങനെ മഴക്കാല രോഗങ്ങൾ വേറെയുമുണ്ട്. കൃത്യസമയത്ത് ചികിത്സ തേടുന്നതിനൊപ്പം മറ്റുള്ളവരിലേക്കു പടരാനുള്ള സാഹചര്യം ഒഴിവാക്കുക എന്നതും പ്രധാനം. സ്വയം ചികിത്സ ഒഴിവാക്കുക. പനി മാറുന്നില്ലെങ്കിൽ ഡോക്‌ടറുടെ സേവനം തേടാൻ മടിക്കരുത്.

പനി അവഗണിച്ചാൽ പണിയാകും

പനി നിസ്സാരമായി കാണരുത്. ചെറിയ പനിയും വലിയ രോഗങ്ങളിലേക്കു വഴി തുറന്നേക്കാം. സാധാരണ പനി അപകടകാരിയല്ലെങ്കിലും ചികിത്സ തേടുന്നതാണു നല്ലത്. മറ്റ് അസുഖങ്ങൾ ഉണ്ടെങ്കിൽ നിർബന്ധമായി ചികിത്സ തേടണം. പനി കുറയുന്നില്ലെങ്കിൽ ഡോക്‌ടറുടെ ഉപദേശം സ്വീകരിക്കണം. വായുവിൽക്കൂടിയാണ് രോഗം പടരുക. വീട്ടിൽ ഒരാൾക്കു രോഗം വന്നാൽ മറ്റുള്ളവരിലേക്കും പടരാം. വൈറൽ പനി ന്യുമോണിയ, ഡെങ്കിപ്പനി, എച്ച് 1 എൻ 1 എന്നിവയായി മാറാനുള്ള സാധ്യത ഏറെ. പനി മാറിയാലും ക്ഷീണം മാറാൻ പിന്നെയും ദിവസങ്ങൾ എടുക്കും. രോഗബാധിതർക്കു പൂർണ വിശ്രമം അനിവാര്യം.

പണി(നി) വരുന്നുണ്ട്, കൊതുകിന്റെ രൂപത്തിൽ

കടുത്തതും ഇടവിട്ടതുമായ പനി, ശരീരവേദന, കണ്ണു ചുവന്നു തടിക്കുക, കൈകാൽ കഴപ്പ്, സന്ധികളിൽ വേദന, തൊലിപ്പുറത്തുള്ള ചുവന്ന പാടുകൾ എന്നീ ലക്ഷണങ്ങൾ കണ്ടാൽ ഡെങ്കിപ്പനി സംശയിക്കാം. ഈഡിസ് കൊതുകുകളാണു രോഗവാഹകർ. രോഗമുള്ള വ്യക്‌തിയിൽ നിന്നു കൊതുകിലൂടെ രോഗാണുക്കൾ അടുത്ത ആളുടെ ശരീരത്തിലെത്തും. കൊതുകിനെ തുരത്തുകയാണ് രോഗം തടയാനുള്ള വഴി. കൊതുകുകൾ മുട്ടയിട്ടു പെരുകാൻ പാകത്തിൽ വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കരുത്. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കൊതുകു നാശിനിയെങ്കിലും തളിക്കണം. ഡെങ്കിപ്പനി പരത്തുന്ന കൊതുകുകൾ അധികവും പകൽ സമയത്താണു കാണുന്നത്. ഡെങ്കിപ്പനിയുടെ സമാന ലക്ഷണങ്ങൾ തന്നെയാണു ചിക്കുൻ ഗുനിയയ്ക്കും. ഈഡിസ് വിഭാഗത്തിൽപെട്ട കൊതുകുകളാണു രോഗം പരത്തുന്നത്. അപൂർവമായി റിപ്പോർട്ട് ചെയ്യപ്പെടുന്ന മലമ്പനി പടർത്തുന്നതും കൊതുകുകളാണ്.

പനി വെറും പനിയാകണമെന്നില്ല

പനി, തൊണ്ടവേദന, ജലദോഷം, ചുമ, ശ്വാസം മുട്ടൽ, നെഞ്ചു വേദന, വയറിളക്കം, ഛർദി തുടങ്ങി വൈറൽ പനിക്കും കോവിഡ് 19നും സമാനമായ ലക്ഷണങ്ങളാണ് എച്ച്1 എൻ1നുമുള്ളത്. ശരീര സ്രവങ്ങളുടെ പരിശോധനയിലൂടെ മാത്രമേ രോഗം കണ്ടെത്താനാകൂ. രോഗബാധിതർ ചുമയ്‌ക്കുമ്പോഴും തുമ്മുമ്പോഴും അണുക്കൾ വായുവിലെത്തി മറ്റുള്ളവരിലേക്കു പകരും. രോഗബാധിതരെ ശുശ്രൂഷിക്കുന്നവർക്കും രോഗം പകരാനുള്ള സാധ്യത ഏറെ. പനി ബാധിതരുമായി അടുത്തിടപെടുമ്പോൾ മുൻകരുതൽ സ്വീകരിക്കുക. ചുമയ്‌ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ചു വായും മൂക്കും മറയ്‌ക്കുക. രോഗി ഉപയോഗിച്ച വസ്‌തുക്കളുമായി സമ്പർക്കം പുലർത്തുമ്പോഴും രോഗം പടരും. കൈകൾ സോപ്പ് ഉപയോഗിച്ചു കഴുകുക.

ഏറെ സൂക്ഷിക്കണം എലിപ്പനിയെ

മലിനജല സമ്പർക്കത്തിലൂടെ ഉണ്ടാകുന്ന ജന്തുജന്യ രോഗമാണ് എലിപ്പനി അഥവാ ലെപ്റ്റോസ്പൈറോസിസ്.ശരീര വേദന, പനി, കൈകാൽ കഴപ്പ്, മൂത്ര തടസ്സം, തളർച്ച എന്നിവയാണ് എലിപ്പനിയുടെ ലക്ഷണങ്ങൾ. രോഗം സങ്കീർണമായാൽ കരൾ, വൃക്ക എന്നിവയ്‌ക്കു തകരാറും മരണവും സംഭവിക്കും. രോഗാണുവാഹകരായ എലി ഉൾപ്പെടെയുള്ള ജന്തുക്കളുടെ മൂത്രം വെള്ളത്തിൽ കലർന്ന് അതുവഴി രോഗാണുക്കൾ മനുഷ്യശരീരത്തിലെത്തും. രോഗാണു ഉള്ള വെള്ളത്തിൽ ചവിട്ടി നിന്നാൽ ചെറിയ മുറിവുകളിലൂടെ ഇവ ശരീരത്തിലെത്തും. മലിനജലം കലർന്ന കുളത്തിൽ മുങ്ങിക്കുളിക്കുക വഴിയും രോഗം പടരാം. കണ്ണ്, മൂക്ക്, വായ എന്നിവ വഴിയും രോഗാണു ശരീരത്തിലെത്തും. മലിനജല സമ്പർക്കം പരമാവധി ഒഴിവാക്കണം. മലിനജലവുമായി സമ്പർക്കത്തിൽ ഏർപ്പെടുന്നവരും ശുചീകരണ തൊഴിലാളികളും വെള്ളത്തിലിറങ്ങുന്ന സന്നദ്ധ പ്രവർത്തകരും വ്യക്തി സുരക്ഷാ ഉപാധികളായ കൈയുറ, മുട്ട് വരെയുള്ള പാദരക്ഷകൾ, മാസ്ക് എന്നിവ ഉപയോഗിക്കുക. പ്രതിരോധ ഗുളികകൾ കഴിക്കുക.

മാരകം മഞ്ഞപ്പിത്തം

മഞ്ഞപ്പിത്തവും മഴക്കാലത്തു കരുതിയിരിക്കേണ്ട രോഗമാണ്. ഹെപ്പറ്റൈറ്റിസിന് എ മുതൽ ഇ വരെ വകഭേദങ്ങളുണ്ട്.  കരളിനെ ബാധിക്കുന്ന ഈ രോഗം ശുദ്ധമല്ലാത്ത വെള്ളം കുടിക്കുന്നതിലൂടെയും മറ്റുമാണു പകരുന്നത്. മരുന്നുകൾക്കൊപ്പം ആഹാരനിയന്ത്രണവും വിശ്രമവും ചികിത്സയ്ക്ക് അത്യാവശ്യം.

സൂക്ഷിക്കണം, കോളറ കൊല്ലും 

മലിന ജലത്തിലൂടെ പടരുന്ന രോഗമാണ് വയറിളക്ക രോഗങ്ങൾ. പ്രധാനമായും വൈറസുകൾ, ബാക്ടീരിയകൾ, പരാദ ജീവികൾ‍ വഴിയാണ് ഇവ ഉണ്ടാകുന്നത്. വിബ്രിയോ കോളറ എന്ന ബാക്ടീരിയ വഴിയുണ്ടാകുന്ന വയറിളക്ക രോഗമാണ് കോളറ. പെട്ടെന്നുള്ള കഠിനമായ വയറുവേദനയും വെള്ളം പോലുള്ള വയറിളക്കവുമാണ് പ്രധാന രോഗലക്ഷണം. സാൽമണല്ലെ ടൈഫി വിഭാഗത്തിൽ പെട്ട ബാക്ടീരിയ വഴിയുണ്ടാകുന്ന രോഗമാണ് ടൈഫോയ്ഡ്. രോഗികളുടെയോ രോഗവാഹകരുടെയോ മലമൂത്ര വിസർജ്യത്തിൽ നിന്ന് രോഗാണുക്കൾ ആഹാര സാധനങ്ങളിൽ കൂടിയും കുടിക്കാനുപയോഗിക്കുന്ന വെള്ളത്തിലൂടെയും ശരീരത്തിലെത്തിയാണ് രോഗമുണ്ടാകുന്നത്. കൂടി വരുന്ന പനി, ശരീര വേദന, ക്ഷീണം, വിശപ്പില്ലായ്മ തുടങ്ങിയവയാണ് ലക്ഷണങ്ങൾ. 

മഴയത്ത് എന്ത് എങ്ങനെ കഴിക്കണം?

∙വൃത്തിയുള്ള സാഹചര്യങ്ങളിൽ തയാറാക്കുന്ന ഭക്ഷണ പാനീയങ്ങൾ ചൂടോടെ. ഉപ്പ് അധികം വേണ്ട. വ്യക്തിശുചിത്വവും വളരെ പ്രധാനം.

∙വിശപ്പ് കൂടുതലുണ്ടാകാമെങ്കിലും വലിച്ചുവാരി കഴിക്കേണ്ട. എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ആഹാര സാധനങ്ങൾ നല്ലതല്ല.  

∙തണുപ്പും ദാഹമില്ലായ്മയുമൊക്കെ കാരണം മഴക്കാലത്ത് ‘വെള്ളംകുടി’ മുടങ്ങാറുണ്ട്.  6–8 ഗ്ലാസ് തിളപ്പിച്ചാറിയ വെള്ളം ദിവസേന കുടിക്കണം

∙മഴയത്തും പഴച്ചാറുകൾ നല്ലതാണ്.  ഉണ്ടാക്കിയാലുടൻ കുടിക്കണം. മറ്റ്  രോഗങ്ങളില്ലെങ്കിൽ ചെറുചൂടോടെ ഓരോ ഗ്ലാസ് പാൽ കുടിക്കാം. 

∙തണുപ്പായതിനാൽ കാപ്പിയും ചായയുമാകാം എന്നു കരുതേണ്ട.എന്നാൽ മല്ലിക്കാപ്പി, ചുക്കുകാപ്പി, കുരുമുളകു കാപ്പി തുടങ്ങിയവ ശരീരത്തിന് നല്ലതാണ്. 

∙പച്ചക്കറികളും ഇലക്കറികളും പഴങ്ങളും മെനുവിൽ നിർബന്ധമായും ഇടം നേടണം. ഗോതമ്പുദോശ, ചപ്പാത്തി തുടങ്ങിയവ അത്താഴത്തിന് ആകാം.

∙മാമ്പഴം, ആപ്പിൾ, മാതളം തുടങ്ങിയ പഴങ്ങൾ ഉൾപ്പെടുത്താം. എന്നാൽ, തണ്ണിമത്തൻ പോലെ ജലാംശം കൂടുതലുള്ളവയും അമിതമായി പഴുത്തവയും ഒഴിവാക്കാം.

∙മഴക്കാലത്ത് കഞ്ഞി തന്നെ ബെസ്റ്റ്. ഒരു നേരമെങ്കിലും, പ്രത്യേകിച്ച് രാത്രിയിൽ കഞ്ഞിയായാൽ ഉത്തമം. 

ഡോ.എൽ. മനോജ്, ജില്ലാ മെഡിക്കൽ ഓഫിസർ,ഇടുക്കി

‘‘ജില്ലയിൽ മഴക്കാല രോഗങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ജാഗ്രതയും മുൻകരുതലുകളും സ്വീകരിക്കണം. ഡെങ്കിപ്പനി, എലിപ്പനി, വയറിളക്ക രോഗങ്ങൾ, മഞ്ഞപ്പിത്തം, ടൈഫോയ്ഡ് തുടങ്ങിയവ പടരുന്നത് മൺസൂൺ കാലത്താണ്. ജില്ലയിലെ ലോറേഞ്ച് മേഖലകളായ തൊടുപുഴ, ഇളംദേശം,വണ്ണപ്പുറം ഭാഗങ്ങളിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതിനാൽ കൊതുകുനിവാരണ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തേണ്ടതാണ്. വീടിന്റെ പരിസരങ്ങളിൽ കൊതുക്  വളരുന്ന സാഹചര്യങ്ങൾ ഒഴിവാക്കണം. കൊക്കോ തോട്ടങ്ങൾ, റബർ തോട്ടങ്ങൾ, പൈനാപ്പിൾ തോട്ടങ്ങൾ എന്നിവിടങ്ങളിൽ കൊതുക് വളരാനുള്ള സാഹചര്യം ഒഴിവാക്കണം.  എലിപ്പനിക്കെതിരെയും മുൻകരുതൽ സ്വീകരിക്കണം. തൊഴിലുറപ്പ് ജോലിയിൽ ഏർപ്പെടുന്നവർ, ഓട, കനാൽ എന്നിവ വൃത്തിയാക്കുന്നവർ എലിപ്പനി പ്രതിരോധിക്കുന്നതിനായി ഡോക്ടർ നിർദേശിക്കുന്ന അളവിൽ നിർബന്ധമായും ഡോക്സിസൈക്ലിൻ ഗുളിക കഴിക്കണം.’’

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS