അടിമാലി∙ നിർമാണത്തിനു പിന്നാലെ തകർന്ന പീച്ചാട്– പ്ലാമല റോഡ് ഗതാഗത യോഗ്യമാക്കാൻ നടപടി വേണമെന്ന ആവശ്യവുമായി നാട്ടുകാർ പ്രക്ഷോഭത്തിന് ഒരുങ്ങുന്നു. 8 മാസം മുൻപാണ് റോഡ് ഗതാഗത യോഗ്യമാക്കിയത്. നിർമാണത്തിലെ അപാകതയെ തുടർന്ന് അധികം വൈകാതെ റോഡ് തകർന്നു. മഴക്കാലമായതോടെ റോഡിലൂടെയുള്ള ഗതാഗതവും കാൽനട യാത്രയും ദുരിതമായി മാറുകയാണ്.
കൊച്ചി– ധനുഷ്കോടി ദേശീയ പാതയിൽ മച്ചിപ്ലാവിൽനിന്ന് കല്ലാർ– മാങ്കുളം റോഡിലെ പീച്ചാടുമായി കുറഞ്ഞ ദൂരത്തിൽ ബന്ധിപ്പിക്കുന്ന റോഡിന്റെ ഭാഗമാണിത്. ഇതോടൊപ്പം പീച്ചാട്ടുനിന്ന് കൊരങ്ങാട്ടി വഴി അടിമാലിയിൽ എത്തുന്നതിനുള്ള ദൂരം കുറഞ്ഞ റോഡു കൂടിയാണിത്. ഇതേ തുടർന്ന് മാങ്കുളത്തുനിന്ന് ഒട്ടേറെ വാഹനങ്ങളാണ് ദിവസവും ഇതുവഴി കടന്നു പോകുന്നത്.
തകർന്നു കിടക്കുന്ന ഭാഗം കാലവർഷത്തിന് മുൻപ് അറ്റകുറ്റപ്പണികൾ നടത്തി ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ബന്ധപ്പെട്ടവർക്ക് പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല. മഴ ശക്തമായതോടെ തകർന്ന റോഡിലെ കുഴികളിലും മറ്റും വെള്ളം കെട്ടിനിന്ന് ഇതുവഴിയുള്ള ഗതാഗതം ദുഷ്കരമായി മാറുകയാണ്. ഇതിനെതിരെ പീച്ചാട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ 11ന് റോഡ് ഉപരോധം സംഘടിപ്പിച്ചിട്ടുണ്ട്.