കൊളുന്തിനു വിലയില്ല; തിരുവോണ ദിനത്തിൽ കഞ്ഞി കുടിച്ച് തേയില കർഷകരുടെ പ്രതിഷേധം

Mail This Article
കട്ടപ്പന∙ ചെറുകിട കർഷക ഫെഡറേഷന്റെ നേതൃത്വത്തിൽ തിരുവോണ ദിനത്തിൽ കുചേല ദിനാചരണം നടത്തും. ഇതിന്റെ ഭാഗമായി തേയില കർഷകർ തിരുവോണ നാളിൽ സദ്യ ഒഴിവാക്കി കുടുംബാംഗങ്ങൾക്കൊപ്പം കഞ്ഞി വിളമ്പിക്കഴിക്കും. അയ്യപ്പൻകോവിൽ, കാൽവരിമൗണ്ട്, വാഴവര, വളകോട് തുടങ്ങിയ സ്ഥലങ്ങളിലാണ് പ്രതിഷേധ സൂചകമായി കഞ്ഞി കഴിക്കുന്നത്. നിത്യോപയോഗ സാധനങ്ങൾക്കു വില വർധിക്കുമ്പോൾ കൊളുന്തിന് വില ഇടിയുകയാണ്. തമിഴ്നാട്ടിൽ പച്ചക്കൊളുന്തിന് കിലോയ്ക്ക് 40 രൂപവരെ വില ലഭിക്കുമ്പോൾ ഇവിടെ 11 രൂപയാണ് ശരാശരി വില.
പച്ചക്കൊളുന്തിന്റെ വില നിർണയ കമ്മിറ്റിയിൽ കർഷകർക്കു പകരം വ്യാപാരി പ്രതിനിധികളെയാണ് ടീ ബോർഡ് ഉൾപ്പെടുത്തിയിരിക്കുന്നത്. എസ്റ്റേറ്റ് ഉടമകളും ടീ ബോർഡ് ഉദ്യോഗസ്ഥരും ഒരു മാനദണ്ഡവും പാലിക്കാതെയാണ് കൊളുന്ത് വില നിശ്ചയിക്കുന്നത്. തേയിലപ്പൊടിക്ക് 220 മുതൽ 3,000 രൂപ വരെയുള്ളപ്പോഴാണ് കർഷകർ ദുരിതത്തിൽ കഴിയുന്നത്. ഈ സാഹചര്യത്തിലാണ് തിരുവോണ ദിനത്തിൽ കുചേല ദിനാചരണം നടത്തുന്നതെന്ന് ഫെഡറേഷൻ പ്രസിഡന്റ് വൈ.സി.സ്റ്റീഫൻ പറഞ്ഞു.