ADVERTISEMENT

തൊടുപുഴ ∙  അടിക്കടി മാറിമറിയുന്ന കാലാവസ്ഥയിൽ പനി പിടിച്ച് ജില്ല. മിക്ക ആശുപത്രികളിലും ഒപിയിൽ പനിക്കേസുകൾ കൂടി വരുന്നു. വൈറൽ പനിയാണു വ്യാപകം. സംസ്ഥാനത്തു നിപ സ്ഥിരീകരിച്ചതോടെ ഇടുക്കി ജില്ലയും ജാഗ്രതയിലാണ്. പനി മാറിയാലും ആഴ്ചകളോളം വിട്ടുമാറാത്ത ചുമ പലരെയും അലട്ടുകയാണ്. കോവിഡനന്തര അസ്വസ്ഥതകൾ അനുഭവിക്കുന്നവർ ഇനിയും ഒട്ടേറെയുണ്ട്. ഇതിനൊപ്പം ഡെങ്കി വ്യാപനം കൂടിയായപ്പോൾ പൊറുതി മുട്ടിയിരിക്കുകയാണു ജനങ്ങൾ.

മറ്റു ചില ജില്ലകളിൽ കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ ഡെങ്കിപ്പനി മരണങ്ങൾ സ്ഥിരീകരിച്ചത് ആശങ്കയുണർത്തുന്നു. ജില്ലയിൽ ഡെങ്കി സംശയിക്കുന്ന ഒരു മരണവും ഈ മാസം ഉണ്ടായി. സ്കൂൾ വിദ്യാർഥികളിൽ മാസത്തിൽ ഒന്നിലേറെ തവണ പനി ബാധിക്കുന്നതായും കാണുന്നു. ഡെങ്കി സാധ്യതയേറെയുള്ള ഇടുക്കി ജില്ലയിലും അതീവ ജാഗ്രത ആവശ്യമാണെന്ന് ആരോഗ്യവകുപ്പ് ഓർമപ്പെടുത്തുന്നു

കണക്ക് ഉയരുന്നു

∙ ഓരോ ദിവസവും ഉയരുന്ന പനിക്കണക്കാണു ജില്ലയിലേത്. ഈ മാസം 12 ദിവസം പിന്നിട്ടപ്പോൾ ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ പനി ബാധിച്ചെത്തിയവരുടെ എണ്ണം 2748. ഇന്നലെ മാത്രം പനിക്ക് ചികിത്സ തേടിയവർ 334 പേരാണ്. 7 ഡെങ്കി കേസുകളും ഇന്നലെ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ മാസം 9 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. എലിപ്പനി ഈ മാസം 1 മാത്രമാണ്. ഒരു മരണം ഉണ്ടായെങ്കിലും ഡെങ്കി മൂലമാണെന്ന് സ്ഥിരികരിച്ചിട്ടില്ല. ഡെങ്കിപ്പനി സംശയിക്കുന്ന 43 കേസുകൾ ഉണ്ടെന്നാണ് ജില്ലാ മെഡിക്കൽ ഓഫിസ് നൽകുന്ന വിവരം.

വില്ലൻ ഡെങ്കി

∙ പകലും പറന്നുനടക്കുന്ന ഈഡിസ് വിഭാഗത്തിൽപെട്ട കൊതുകു പരത്തുന്ന രോഗമാണു ഡെങ്കി. വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ 3 മുതൽ 14 വരെ ദിവസം നീളുന്ന ലക്ഷണങ്ങൾ കണ്ടുതുടങ്ങും. കടുത്തതും ഇടവിട്ടതുമായ പനി, ശരീരവേദന, കണ്ണു ചുവന്നുതടിക്കുക, കണ്ണുകൾക്കു പിന്നിൽ വേദന, കൈകാൽ കഴപ്പ്, സന്ധികളിൽ വേദന, തൊലിപ്പുറത്തുള്ള ചുവന്ന പാടുകൾ എന്നിവയാണ് ലക്ഷണങ്ങൾ. കൊച്ചുകുട്ടികൾ, പ്രായമായവർ, ഗർഭിണികൾ, പ്രമേഹം തുടങ്ങിയ ജീവിതശൈലീ രോഗമുള്ളവർ എന്നിങ്ങനെയുള്ളവർക്ക് ഡെങ്കി സാധ്യത വളരെ കൂടുതലാണ്. 

ജാഗ്രത തുടരണം

∙ ഇടവിട്ട് മഴ തുടരുന്നതിനാൽ കൊതുകുസാന്ദ്രത കൂടാൻ സാധ്യതയുണ്ട്. ഡെങ്കിപ്പനി പടർത്തുന്ന ഈഡിസ് കൊതുകുകൾ നല്ല വെള്ളത്തിലാണു മുട്ടയിടുന്നത്. അതിനാൽ, ആഴ്ചതോറും വീടും സ്ഥാപനങ്ങളും ചുറ്റുപാടും നിരീക്ഷിക്കുകയും വെള്ളം കെട്ടിനിന്നു കൊതുകു വളരാനിടയുള്ള സാഹചര്യങ്ങൾ ഇല്ലാതാക്കുകയും വേണം. മണിപ്ലാന്റുകൾ വളർത്തുന്ന ചെറിയ പാത്രങ്ങൾ, റഫ്രിജറേറ്ററിന്റെ പിന്നിലെ ട്രേ, പ്ലാസ്റ്റിക് കപ്പുകൾ തുടങ്ങി കുറച്ചെങ്കിലും വെള്ളം കെട്ടിനിൽക്കാൻ സാധ്യതയുള്ള എവിടെയും കൊതുകുകൾ വളരും. 

എലിപ്പനി കൊലയാളി

∙ ഇടവിട്ട് മഴ പെയ്യുന്നതോടെ എലിപ്പനി സാധ്യത കൂടുകയാണ്. മഴയ്ക്കു പിന്നാലെ  വെള്ളക്കെട്ടുകൾ കൂടുന്നതാണു രോഗവ്യാപനത്തിന് ഇടയാക്കുന്നത്. നഗരങ്ങളിൽ കാനകളിലും ഗ്രാമങ്ങളിൽ പറമ്പുകളിലുമാണ് എലികൾ കൂടുതലായി കാണുന്നത്. ഇത്തരം കാനകളിലും പറമ്പുകളിലും ജോലി ചെയ്യുന്നവർ ഗം ബൂട്ട് ഉൾപ്പെടെയുള്ളവ ധരിക്കണം. പനിയുണ്ടായാൽ നിസ്സാരമായി കാണാതെ എത്രയും വേഗം ചികിത്സ തേടണം. 

ഡെങ്കിപ്പനിക്ക് പ്രതിരോധമെന്ത്?

∙ രോഗലക്ഷണങ്ങൾ കണ്ടാലുടൻ വൈദ്യസഹായം തേടണം. ഡെങ്കിപ്പനി നേരിടാൻ കഴിയുന്ന വാക്സീൻ നിലവിൽ ഇന്ത്യയിൽ ഇല്ല. 2026ഓടെ പ്രതിരോധ വാക്സിൻ ഇന്ത്യയിൽ വികസിപ്പിക്കുമെന്ന് വാർത്തകൾ വരുന്നുണ്ട്. ഇപ്പോൾ രോഗലക്ഷണങ്ങൾ മനസ്സിലാക്കിയുള്ള ചികിത്സയാണു പൊതുവായി നൽകുന്നത്. രോഗിയുടെ രക്തം പരിശോധിച്ചുള്ള ചികിത്സയും നടത്തുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT