ADVERTISEMENT

മൂന്നാർ ∙ വീടുകളിൽ ഉണ്ടാക്കുന്ന ഭക്ഷ്യ ഉൽപന്നങ്ങൾ കയറ്റുമതി ചെയ്ത് വരുമാനമുണ്ടാക്കാമെന്നു വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തി പിടിയിലായ യുവാവ് മൂന്നാർ മേഖലയിലും ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തി. ചോറ്റാനിക്കര ദർശന ഹൗസിൽ ബി.സബിൻരാജ് (32) എറണാകുളം സൗത്ത് പൊലീസ് ചാർജ് ചെയ്ത കേസിൽ അറസ്റ്റിലായത് ചൊവ്വാഴ്ച മൂന്നാറിൽ പരിശീലന ക്ലാസ് എടുക്കുന്നതിനിടയിലാണ്. ഇയാൾ പിടിയിലായതറിഞ്ഞ് മൂന്നാർ പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ 35 പരാതികളാണ് ലഭിച്ചത്. പരിശീലനം നൽകാൻ, വെബ്സൈറ്റ് ഉണ്ടാക്കാൻ, സാധനങ്ങൾ വാങ്ങിയെടുത്തത് തുടങ്ങി പല രീതിയിലാണ് ഇയാൾ ഓരോരുത്തരിൽ നിന്നും 25,000 മുതൽ രണ്ടു ലക്ഷം രൂപ വരെ തട്ടിയെടുത്തത്. കൂടാതെ ഉൽപന്നങ്ങൾ ഉണ്ടാക്കുന്നതിനായി യന്ത്രങ്ങൾ വാങ്ങിയ വകയിൽ 7 ലക്ഷം രൂപ വരെ നഷ്ടമായവരുമുണ്ട്. 

ഇയാൾ പിടിയിലായതോടെയാണ് തട്ടിപ്പിനിരയായ മൂന്നാർ സ്വദേശികൾ പരാതികളുമായെത്തിയത്. ഇവിടെ മാത്രം ഇയാൾ 6 തവണ പരിശീലന ക്ലാസുകൾ നടത്തി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തതായി കണ്ടെത്തി. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ദേവികുളത്ത് നടന്ന പരിപാടിയിൽ പരിശീലനം പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തത് സബ് കലക്ടറാണ്. ജി-20 ഉച്ചകോടിയിൽ പങ്കെടുക്കാനായി സൗത്ത് ഇന്ത്യയിൽ നിന്നുള്ള മികച്ച സംരംഭകനായി തിരഞ്ഞെടുക്കപ്പെട്ട ഏക വ്യക്തിയാണ് സബിൻരാജ് എന്ന പോസ്റ്ററുകൾ ദേവികുളത്തെ പരിപാടികളിൽ പ്രദർശിപ്പിച്ചിരുന്നു. ഇയാൾ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ സമാന തട്ടിപ്പ് നടത്തിയിട്ടുള്ളതായി പൊലീസ് പറഞ്ഞു. കോടികളുടെ തട്ടിപ്പാണ് വിവിധ ജില്ലകളിലായി ഇയാൾ നടത്തിയത്.

നഷ്ടങ്ങളുടെ പട്ടികയിൽ യന്ത്രങ്ങളുടെ വിലയും 

പല തവണ ഇയാളുടെ പരിശീലന ക്ലാസിൽ പങ്കെടുത്തവരാണ് മേഖലയിൽ തട്ടിപ്പിനിരകളായത്. കോളനി സ്വദേശിനി 100 കിലോ അരിമാവ് (ഇഡ്ഡലി, ദോശമാവ്) പ്രത്യേക കവറുകളിലാക്കി ഇയാൾക്കു നൽകി. ഇത് വിദേശത്ത് വിറ്റതിലൂടെ 19,000 രൂപ ലാഭം ലഭിച്ചുവെന്നു പറഞ്ഞ് ഈ തുക ഈ വീട്ടമ്മയുടെ അക്കൗണ്ടിലിട്ടു നൽകി. ഇതോടെ കൂടുതൽ അരിമാവ് ഉണ്ടാക്കുന്നതിനായി ഇവർ കോയമ്പത്തൂരിൽ നിന്നു കഴിഞ്ഞ ദിവസം ഏഴു ലക്ഷം രൂപ ചെലവിട്ട് പുതിയ യന്ത്രം കോളനിയിലെ വീട്ടിലെത്തിച്ചു. തൊട്ടടുത്ത ദിവസമാണ് ഇയാൾ പിടിയിലായത്. 

കൂടാതെ വെളിച്ചെണ്ണയിൽ വറുത്ത 300 കിലോ നേന്ത്രക്കായ ഉപ്പേരി, കുപ്പികളിലാക്കിയ കിലോക്കണക്കിനു തേൻ, മസാല പൊടികൾ, അച്ചാറുകൾ, മുളകുപൊടി, അരിപ്പൊടി തുടങ്ങി വിവിധ ഉൽപന്നങ്ങളാണ് തട്ടിപ്പിനിരയായവർ ഇയാൾക്കു നൽകാനായി വീടുകളിൽ തയാറാക്കി വച്ചിരിക്കുന്നത്. ഇയാൾക്കു നേരിട്ടു കൊടുത്തത് കൂടാതെ ലക്ഷങ്ങളുടെ സാധനങ്ങളാണ് ഓരോരുത്തരും വാങ്ങി പാക്ക് ചെയ്തു വച്ചിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com