പള്ളിവാസൽ ജലവൈദ്യുതി പദ്ധതി: പെൻ സ്റ്റോക്ക് പൈപ്പ് സ്ഥാപിച്ചു, വിപുലീകരണം അന്തിമഘട്ടത്തിൽ

Mail This Article
മൂന്നാർ ∙ പള്ളിവാസൽ ജലവൈദ്യുതി വിപുലീകരണ പദ്ധതി നിർമാണം അന്തിമഘട്ടത്തിൽ. പദ്ധതി ഭാഗമായുള്ള പെൻ സ്റ്റോക്ക് പൈപ്പ് സ്ഥാപിക്കുന്നതു കഴിഞ്ഞ ദിവസം പൂർത്തിയായി. പവർഹൗസിലെ രണ്ട് ജനറേറ്ററുകൾ സ്ഥാപിക്കുന്നതു പൂർത്തിയായ ശേഷം ജനുവരിയിൽ പദ്ധതി കമ്മിഷൻ ചെയ്യാനാണു വൈദ്യുതി വകുപ്പിന്റെ തീരുമാനം. പുതിയ ജലവൈദ്യുതി പദ്ധതി പ്രവർത്തനം ആരംഭിക്കുന്നതോടെ 60 മെഗാവാട്ട് വൈദ്യുതി കൂടി ഉൽപാദിപ്പിക്കാൻ കഴിയും. നിലവിൽ പള്ളിവാസൽ ജലവൈദ്യുതി പദ്ധതി പ്രകാരം 37.5 മെഗാവാട്ട് വൈദ്യുതിയാണ് ഉൽപാദിപ്പിക്കുന്നത്.
മാട്ടുപ്പെട്ടിയിൽ വൈദ്യുതി ഉൽപാദനശേഷം പുറന്തള്ളുന്ന വെളളം പഴയ മൂന്നാർ ഹെഡ് വർക്സ് ഡാമിൽ തടഞ്ഞു നിർത്തി പള്ളിവാസലിൽ എത്തിച്ചാണു നിലവിൽ വൈദ്യുതി ഉൽപാദനം നടത്തുന്നത്. വൈദ്യുതി ഉൽപാദനത്തിനുശേഷം ഹെഡ് വർക്സ് ഡാമിൽ നിന്നു പുറന്തള്ളുന്ന വെള്ളം ഉപയോഗിച്ച് 60 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുന്നതിനായി 2007 ജനുവരി 20നാണ് വിപുലീകരണ പദ്ധതി നിർമാണം ആരംഭിച്ചത്.
175.86 കോടി രൂപയായിരുന്നു അടങ്കൽ തുക. എന്നാൽ വിവിധ കാരണങ്ങൾ മൂലം അടങ്കൽ തുക 430 കോടി രൂപ വരെ ഉയർത്തിയിരുന്നു. പദ്ധതി കമ്മിഷൻ ചെയ്യുമ്പോൾ ഈ തുക വീണ്ടും ഉയരുമെന്നാണു കരുതുന്നത്. വിപുലീകരണ പദ്ധതിയുടെ ഭാഗമായി മുതിരപ്പുഴയിൽ പഴയ മൂന്നാർ ഹൈഡൽ പാർക്കിനു സമീപമാണ് ഇൻടേക്ക് വാൽവ് നിർമിച്ചിരിക്കുന്നത്. ഇവിടെനിന്നു ടണൽ വഴി വെള്ളം മീൻ കെട്ടിലുള്ള വാൽവ് ഹൗസിലെത്തിക്കും. ഇവിടെ നിന്നു വെള്ളം പെൻ സ്റ്റോക്ക് പൈപ്പുവഴി നിലവിലെ പവർഹൗസിനു സമീപം നിർമിച്ച പുതിയ പവർ ഹൗസിലെത്തിച്ചു വൈദ്യുതി ഉൽപാദിപ്പിക്കുന്നതാണു പദ്ധതി.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local