വഴി തെറ്റണോ? ഈ ബോർഡുകൾ വായിച്ചോളൂ...
Mail This Article
മൂന്നാർ∙ തെറ്റായ വിധത്തിൽ ദിശകൾ അടയാളപ്പെടുത്തി സ്ഥാപിച്ച ദിശാഫലകങ്ങൾ സഞ്ചാരികളെ വഴിതെറ്റിക്കുന്നു. മൂന്നാർ ടൗണിലെ പ്രധാന കവലയായ ആർഒ കവലയിലാണ് ദിശകൾ തെറ്റായി അടയാളപ്പെടുത്തിയുള്ള ഫലകങ്ങൾ സ്ഥാപിച്ചിരിക്കുന്നത്. മാട്ടുപ്പെട്ടി, ടോപ് സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് മറയൂർ റോഡിൽ പോയി ഇടത്തേക്കു തിരിയണം എന്നാണ് ഫലകങ്ങളിൽ പറയുന്നത്. ആർഒ കവലയിൽനിന്നു മാട്ടുപ്പെട്ടി പാലം കടന്ന് ഇടത്തേക്കു തിരിഞ്ഞാണ് യഥാർഥത്തിൽ മാട്ടുപ്പെട്ടി, ടോപ് സ്റ്റേഷൻ എന്നിവിടങ്ങളിലേക്കു പോകേണ്ടത്.
മൂന്നാർ സന്ദർശനത്തിനെത്തുന്ന സഞ്ചാരികൾ പ്രവേശന കവാടമായ ആർഒ കവലയിലെത്തിയ ശേഷമാണ് വിവിധ സന്ദർശന കേന്ദ്രങ്ങളിലേക്ക് പോകുന്നത്. മാട്ടുപ്പെട്ടി, ടോപ് സ്റ്റേഷൻ, ദേവികുളം, ചിന്നക്കനാൽ, രാജമല, മറയൂർ, കാന്തല്ലൂർ തുടങ്ങിയ സ്ഥലങ്ങളിലേക്കു തിരിഞ്ഞുപോകുന്ന കവലയാണിത്.
ഇവിടെയെത്തുന്ന സഞ്ചാരികൾ ഇവിടെ സ്ഥാപിച്ചിരിക്കുന്ന ഫലകത്തിലെ ദിശകൾ അനുസരിച്ചാണ് ഓരോ വഴിക്കും തിരിയുന്നത്. \എന്നാൽ ഫലകത്തിൽ തെറ്റായ വിധത്തിൽ ദിശകൾ രേഖപ്പെടുത്തിയിരിക്കുന്നതുമൂലം മാട്ടുപ്പെട്ടി, കുണ്ടള, എക്കോ പോയിന്റ്, ടോപ് സ്റ്റേഷൻ എന്നിവടങ്ങളിലേക്കുള്ള യാത്രക്കാർ മറയൂർ റൂട്ടിൽ യാത്ര ചെയ്ത് ദുരിതത്തിലാകുന്നത് പതിവായിരിക്കുകയാണ്.