ഏറ്റവുമധികം മഴ തൊടുപുഴ താലൂക്കിൽ
Mail This Article
തൊടുപുഴ ∙ ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറിൽ ജില്ലയിൽ ഏറ്റവുമധികം മഴ ലഭിച്ചത് തൊടുപുഴ താലൂക്കിൽ. 84.6 മില്ലിമീറ്ററാണ് തൊടുപുഴയിൽ രേഖപ്പെടുത്തിയ മഴ. ഇന്നലെ ഉച്ചയ്ക്കു ശേഷവും തൊടുപുഴ താലൂക്കിൽ ഉൾപ്പെടുന്ന വിവിധ പ്രദേശങ്ങളിൽ ശക്തമായി മഴ ലഭിച്ചു. ഇടുക്കി താലൂക്കിൽ രേഖപ്പെടുത്തിയത് 53.6 മില്ലീമീറ്റർ മഴയാണ്.
ഹൈറേഞ്ചിൽ ചിലയിടങ്ങളിൽ മഴ തീർത്തും ദുർബലമായിരുന്നു. ഉടുമ്പൻചോല താലൂക്കിൽ ഇന്നലെ രാവിലെ വരെ മഴയുണ്ടായില്ല. എന്നാൽ ഉച്ചയ്ക്കു ശേഷം താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ മഴ പെയ്തു. ദേവികുളത്ത് ഇന്നലെ രാവിലെ വരെ 12.2, പീരുമേട് 10 മില്ലിമീറ്റർ മഴ ലഭിച്ചു.
ഇന്നലെ ഉച്ചയോടെ ഹൈറേഞ്ച് മേഖലയിൽ വ്യാപകമായി മഴ പെയ്തുതുടങ്ങി. വരുംദിവസങ്ങളിലും ജില്ലയിൽ മഴ തുടരുമെന്നാണു കാലാവസ്ഥാ പ്രവചനം. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. അടിമാലി, മറയൂർ മേഖലകളിൽ ഇന്നലെ ഉച്ചയ്ക്കു ശേഷം ശക്തമായി മഴ പെയ്തു. രാജാക്കാട്, രാജകുമാരി പ്രദേശങ്ങളിൽ രാവിലെ മുതൽ ഇടവിട്ടു നേരിയ തോതിലാണു മഴ പെയ്തത്.