അനാസ്ഥ വരുത്തിവച്ച അപകടം; താഴ്ന്നുകിടന്ന വൈദ്യുത ലൈനിൽ ലോറി തട്ടി പോസ്റ്റുകൾ ഒടിഞ്ഞുവീണു

Mail This Article
നെടുങ്കണ്ടം∙ തൂക്കുപാലം സെക്‌ഷൻ പരിധിയിൽ മുണ്ടിയെരുമ- കോമ്പയാർ റോഡിൽ താഴ്ന്നുകിടന്ന വൈദ്യുത ലൈനിൽ ലോറി തട്ടി പോസ്റ്റുകൾ ഒടിഞ്ഞുവീണു. ഇന്നലെ രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. ലൈനുകൾ താഴ്ന്നുകിടക്കുന്നതു ചൂണ്ടികാട്ടി സമീപവാസികൾ വൈദ്യുത ബോർഡിൽ കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് അപകടം. ലോറി തട്ടി 3 പോസ്റ്റുകൾ വഴിയിലേക്ക് ഒടിഞ്ഞുവീണതോടെ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.
പൊട്ടിയ ലൈൻ കമ്പികൾ വീണ് പിന്നാലെയെത്തിയ ബൈക്ക് യാത്രികനു പരുക്കേറ്റു. കാൽനടയാത്രക്കാരൻ അപകടത്തിൽനിന്നു രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. അപകടകരമായ സാഹചര്യം ശ്രദ്ധയിൽപെടുത്തിയിട്ടും നടപടിയെടുക്കാത്ത ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് അപകടത്തിനു കാരണമെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. അപകടത്തെ തുടർന്ന് തടസ്സപ്പെട്ട വൈദ്യുത ബന്ധം മണിക്കൂറുകൾക്കു ശേഷമാണ് പുനഃസ്ഥാപിക്കാൻ കഴിഞ്ഞത്.