വനംവകുപ്പേ, ഇതൊന്നും കാണുന്നില്ലേ...; തൊമ്മൻകുത്തിൽ കാട്ടുപന്നിശല്യം രൂക്ഷം

Mail This Article
തൊമ്മൻകുത്ത്∙ മേഖലയിൽ കാട്ടുപന്നികളുടെ ശല്യം കർഷകരെ ദുരിതത്തിലാക്കുന്നു. കഴിഞ്ഞ ദിവസം തൊമ്മൻകുത്ത് പാലക്കാമറ്റത്തിൽ ജോണിയുടെ നൂറുചുവട് കപ്പയാണ് കാട്ടുപന്നി കൂട്ടമായെത്തി നശിപ്പിച്ചത്. ജോണി ആകെ 200 ചുവട് മരച്ചീനി ആയിരുന്നു കൃഷി ചെയ്തിരുന്നത്. വിളവെടുക്കാൻ പാകമായിരുന്നു. പന്നിയെ പ്രതിരോധിക്കാനായി പാട്ടത്തകിട് ഉപയോഗിച്ച് കൃഷിയിടം മറച്ചിരുന്നു. എന്നാൽ ഇതു മറികടന്നാണ് പന്നി കപ്പ നശിപ്പിച്ചത്. കൃഷി ഭൂമിയിൽ ഇറങ്ങുന്ന വന്യമൃഗങ്ങളെ നിയന്ത്രിക്കാൻ വനംവകുപ്പ് തയാറാകണമെന്ന് കർഷകർ ആവശ്യപ്പെട്ടു.
പട്ടയഭൂമിയിലെ മരം മുറിക്കാൻ തടസ്സം ഉന്നയിക്കുന്ന വനംവകുപ്പ് ഉദ്യോഗസ്ഥർ കർഷകർക്ക് വന്യമൃഗങ്ങൾ മൂലം ഉണ്ടാകുന്ന ശല്യം നിയന്ത്രിക്കാൻ നടപടി സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. ഈ മേഖലയിൽ കാട്ടുപന്നിക്കു പുറമേ മുള്ളൻ പന്നി, കുരങ്ങ് തുടങ്ങിയവയും കർഷകർക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്. കാർഷിക മേഖലയായ തൊമ്മൻകുത്തിന്റെ ഒരു ഭാഗം വന ഭൂമിയാണ്. ഇവിടെ നിന്നാണ് കാട്ടുമൃഗങ്ങൾ കൃഷിയിടത്തിൽ ഇറങ്ങി കർഷകരുടെ കൃഷിയിടം നശിപ്പിക്കുന്നത്.